പാസ്വാന്റെ രാജ്യസഭാ സീറ്റില്‍ ബി.ജെ.പി മത്സരിച്ചേക്കും
പട്ന: എല്‍.ജെ.പി സ്ഥാപകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ നിര്യാണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി മത്സരിച്ചേക്കും.
പാര്‍ട്ടിയുടെ സ്വന്തം സീറ്റിലേക്ക് എല്‍.ജെ.പിയെ ജെ.ഡി.യു പിന്തുണയ്ക്കില്ലെന്ന് അറിയിച്ചതോടെയാണ് ബി.ജെ.പി മത്സരിക്കുന്നത്. പാസ്വാന്റെ ഭാര്യ റീന പാസ്വാനെ മത്സരിപ്പിക്കാനായിരുന്നു എല്‍.ജെ.പിയുടെ ആലോചന. ജെ.ഡി.യുവിന്റെ പിന്തുണയുണ്ടാവില്ലെന്നു വ്യക്തമായതോടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം പുനരാലോചിക്കുമെന്ന് എല്‍.ജെ.പി അറിയിച്ചിട്ടുണ്ട്.
243 അംഗങ്ങളുള്ള സഭയില്‍ സീറ്റ് നിലനിര്‍ത്താന്‍ 122 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ എന്‍.ഡിഎയ്ക്ക് 125 എം.എല്‍.എമാരുടെ പിന്തുണയുള്ളതിനാല്‍ വിജയം എളുപ്പമാണ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരത്തെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന എല്‍.ജെ.പി തനിച്ചു മത്സരിച്ചത് നിരവധി സീറ്റുകളില്‍ ജെ.ഡി.യുവിന്റെ വിജയസാധ്യതയെ ബാധിച്ചിരുന്നു. ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ മുന്നണിയില്‍ ബി.ജെ.പിക്കു പിന്നില്‍ ജെ.ഡി.യു രണ്ടാമത്തെ കക്ഷിയായതിനെ എല്‍.ജെ.പി വിമര്‍ശിക്കുകയും ചെയ്തതോടെയാണ് ഇരുകക്ഷികളും അകന്നത്. ഈ സാഹചര്യത്തിലാണ് എല്‍.ജെ.പിയെ പിന്തുണയ്ക്കേണ്ടെന്ന് ജെ.ഡി.യു തീരുമാനിച്ചത്.
ഡിസംബര്‍ 14നാണ് രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."