ബി.ജെ.പി കേന്ദ്ര വിജിലന്‍സിനെ സമീപിക്കാനൊരുങ്ങുന്നു
കാഴിക്കോട്: അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മുന്‍പരിചയമില്ലാത്ത കമ്പനിക്ക് നല്കിയതുള്പ്പെടെയുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി കേന്ദ്ര വിജിലന്‍സിനെ സമീപിക്കാനൊരുങ്ങുന്നു.
മുന്‍പരിചയമില്ലാത്ത റാം ബയോളജിക്കല്‍സിന് കോഴിക്കോട് കോര്പറേഷന്റേത് ഉള്‍പ്പെടെ അമൃതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ പദ്ധതിരേഖ തയാറാക്കാന്‍ കരാര്‍ നല്‍കിയതിനെതിരേയാണ് പരാതി നല്‍കാനൊരുങ്ങുന്നത്.
വാട്ടര്‍ അതോറിറ്റി, ഇന്‍കെല്‍ തുടങ്ങിയ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.അമൃതിന്റെ 27 പദ്ധതികളില്‍ 23ന്റെയും ഡി.പി.ആര് തയാറാക്കാന്‍ റാം ബയോളജിക്കല്‍സ് എന്ന സ്ഥാപനത്തെയാണ് തിരഞ്ഞെടുത്തത്. രണ്ട് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. രണ്ടിലധികം കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തില്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്ന ചട്ടം പാലിച്ചില്ല.
ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ നഗരസഭാ തലത്തിലോ പദ്ധതികള്‍ നടത്തി പരിചയമുള്ള കമ്പനിക്ക് മാത്രമേ കണ്‍സള്‍ട്ടന്‍സി നല്കാവൂവെന്ന ചട്ടവും ലംഘിക്കപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ മാത്രം 56 ലക്ഷം രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി കൈപ്പറ്റിയിട്ടുണ്ട്. അമൃത് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തയാറാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെയാണ് ബി.ജെ.പി നിയമപരമായ വഴികള്‍ തേടുന്നത്. റാം ബയോളജിക്കല്‍സിന് ഡി.പി.ആര് തയാറാക്കാന്‍ അനുമതി ലഭിച്ചതിനുപിന്നില്‍ സി.പി.എം ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
അമൃത് പദ്ധതിയിലെ അഴിമതി ഉയര്‍ത്തിക്കാട്ടി യു.ഡി.എഫും ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. 15ന് കോഴിക്കോട് കോര്‍പറേഷനിലേക്ക് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."