ഐ.ഐ.ടി ബോംബെയിലെ 26ല്‍ 11 വകുപ്പിലും എസ്.ടി ഗവേഷക വിദ്യാര്‍ഥികളില്ല
മുംബൈ: രാജ്യത്തെ മുന്‍നിര ഗ്ലാമര്‍ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ബോംബെയുടെ 26 വകുപ്പുകളില്‍ 11ലും 2015 - 2019 കാലയളവില്‍ എസ്.ടി വിഭാഗക്കാരായ പിഎച്ച്.ഡി ഗവേഷക വിദ്യാര്‍ഥികളില്ല. ഐ.ഐ.ടിയിലെ പകുതി സീറ്റും എസ്.ടി, എസ്.സി, ഒ.ബി.സി ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കേയാണിത്. അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ (എ.പി.പി.എസ്.സി) നേതാക്കള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
2015 - 2019 വര്‍ഷങ്ങള്‍ക്കിടയില്‍ ഐ.ഐ.ടി ബോംബെയിലെ 26 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ആകെ 82,277 വിദ്യാര്‍ഥികളാണ് പിഎച്ച്.ഡി ഗവേഷണത്തിന് അപേക്ഷിച്ചത്. ഇതില്‍ 2,874 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ 71.6 ശതമാനവും ജനറല്‍ വിഭാഗത്തില്‍നിന്നായിരുന്നു. 1.6 ശതമാനം പേര്‍ എസ്.ടി വിഭാഗത്തില്‍ നിന്നും 7.5 ശതമാനം പേര്‍ എസ്.സിയില്‍ നിന്നും 19.2 ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുമാണ്.
ഇക്കാലയളവില്‍ ലഭിച്ച അപേക്ഷകരില്‍ 1.8- എസ്.ടി, 10.7- എസ്.സി, 21.8- ഒ.ബി.സി എന്നിങ്ങനെയാണ്. 2015-2019 കാലയളവില്‍ ഒരൊറ്റ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രമാണ് പത്തോ അതിലധികമോ എസ്.ടി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പ്രവേശന ചട്ടം അനുസരിച്ച് ഐ.ഐ.ടികളില്‍ 27 ശതമാനം സീറ്റ് ഒ.ബി.സിക്കും 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും 15 ശതമാനം എസ്.സിക്കും 7.5 ശതമാനം എസ്.ടിക്കുമാണ്.
ശാരീരികമായി അവശതയനുഭവിക്കുന്നവര്‍ക്ക് അഞ്ചുശതമാനം സംവരണമുണ്ട്. ഈ മാനദണ്ഡങ്ങള്‍ ഐ.ഐ.ടി ബോംബെയിലെ പ്രവേശനത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് എ.പി.പി.എസ്.സി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."