തിയേറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം; മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള സിനിമകള്‍ പിന്‍വലിച്ചു
കൊച്ചി: തിയേറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള സിനിമകള്‍ പിന്‍വലിച്ചു. മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കമ്പനികളായ പി.വി.ആര്‍, സിനിപോളീസ്, ഇനോക്‌സ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമകളാണ് പിന്‍വലിച്ചത്. ബാഹുബലി 2, രാമന്റെ ഏദന്‍തോട്ടം ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുതുതായി റിലീസ് ചെയ്ത സിനിമകളും നല്‍കിയിട്ടില്ല.
തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്നുണ്ടാക്കിയ കരാര്‍ നടപ്പാന്‍ മള്‍ട്ടിപ്ലക്‌സുകള്‍ തയാറാകാത്തതിനാലാണ് സിനിമകള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു. 18 മുതല്‍ ഇവര്‍ക്ക് റിലീസ് സിനിമകള്‍ നല്‍കുന്നതും നിര്‍ത്തിവച്ചു.
ചിത്രം റിലീസ് ചെയ്യുമ്പോള്‍ ആദ്യ ആഴ്ചയില്‍ ലഭിക്കുന്ന കളക്ഷന്റെ 60 ശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കണമെന്നായിരുന്നു തിയേറ്റര്‍ ഉടമകളുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍.
രണ്ടാമത്തെ ആഴ്ചയില്‍ 55 ശതമാനവും മൂന്നാമത്തെ ആഴ്ചയില്‍ 45 ശതമാനവും നാലമത്തെ ആഴ്ചയില്‍ 40 ശതമാനവും നല്‍കണം. തിയേറ്റര്‍ ഉടമകള്‍ കരാര്‍ പാലിക്കുന്നുണ്ടെങ്കിലും മള്‍ട്ടിപ്ലക്‌സുകള്‍ ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. 40 ശതമാനമാണ് സിനിമകള്‍ പിന്‍വലിച്ച മള്‍ട്ടിപ്ലക്‌സുകള്‍ നല്‍കുന്നത്. ആറുമാസമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ തയാറായില്ലെന്ന് വിതരണക്കാര്‍ പറയുന്നു.
എന്നാല്‍ ക്യൂ സിനിമാസ്, പാന്‍ സിനിമാസ് പോലുള്ള തിയേറ്റര്‍ കമ്പനികള്‍ കരാര്‍ പ്രകാരമുള്ള വിഹിതം നല്‍കുന്നുണ്ട്. സിനിമകള്‍ പിന്‍വലിച്ചതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."