ഇ.ഡിയെ ഉപയോഗിച്ച് മഹാരാഷ്ട്രയിലും നീക്കം; ശിവസേന എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ്
മുംബൈ: സംഘ്പരിവാര്‍ അനുകൂല വാര്‍ത്താചാനല്‍ റിപബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടി വേണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായികിന്റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്.
ഇന്നലെ രാവിലെയാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ഇ.ഡിയുടെ ഭാഷ്യം. പ്രതാപ് സര്‍നായികിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ അതേസമയത്താണ് അദ്ദേഹവുമായി ബന്ധപ്പെട്ട മുംബൈയിലെയും താനെയിലെയും പത്തോളം സ്ഥലങ്ങളിലും ഇ.ഡി പരിശോധന നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചാനല്‍ ചര്‍ച്ചയില്‍ നിയസഭാംഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശത്തിന്റെ ലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു അര്‍ണബിനെതിരേ സര്‍നായിക് നടപടി ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനുമെതിരേ അര്‍ണബ് ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും സര്‍നായിക് ആരോപിച്ചിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രതിഛായയെ മോശമായി ബാധിക്കുന്ന രീതിയിലാണ് അര്‍ണബിന്റെ വാര്‍ത്ത അവതരണമെന്നും സര്‍നായിക് ചൂണ്ടിക്കാട്ടിയിരുന്നു.സംഭവത്തെക്കുറിച്ച് പ്രതാപ് സര്‍നായിക് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഇ.ഡിയുടെ റെയ്ഡ്. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്ന് സേന വക്താവ് പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."