ദേശീയ വിദ്യാഭ്യാസ നയം 2019 അജന്‍ഡകള്‍ തിരിച്ചറിയണം, സംവാദങ്ങള്‍ നടക്കണം
സ്വപ്നങ്ങളുടെയും ലക്ഷ്യങ്ങളുടെയും യാഥാര്‍ഥ്യങ്ങളിലേക്കും കര്‍മപഥത്തിലേക്കുമുള്ള ഭാഷാന്തരീകരണമാണ് നയരേഖകള്‍. ഏതു പദ്ധതികളും വിജയപ്രദമാക്കുന്നതില്‍ നയരേഖകള്‍ കാര്യമായ പങ്കുവഹിക്കുന്നു. നിര്‍വഹണത്തിലെ ചടുലതയും ശാസ്ത്രീയതയുമാണ് ഏതു നയരേഖകളുടെയും വിജയ നിദാനങ്ങള്‍.
രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന വിദ്യാഭ്യാസത്തിന്റെ വിഷയത്തിലാവുമ്പോള്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നു. സമഗ്രമായ മൂന്നാമത് ദേശീയ വിദ്യാഭ്യാസ നയരേഖയാണ് ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൗലികമായ ഉടച്ചുവാര്‍ക്കലുകള്‍ മുന്നോട്ടുവച്ച് ശ്രീമതി ഇന്ദിരാഗാന്ധി അവതരിപ്പിച്ച 1968ലെ നയരേഖ, വിദ്യാഭ്യാസ അവസര സമത്വം ഉറപ്പുവരുന്നതിന് ഊന്നല്‍ നല്‍കി ശ്രീ രാജീവ് ഗാന്ധി അവതരിപ്പിച്ച 1986ലെ നയരേഖ എന്നിവയാണ് മുമ്പുള്ളവ (1992 ലെ പ്രോഗ്രാം ഓഫ് ആക്ഷന്‍ 1986 ലെ നയരേഖയുടെ പരിഷ്‌കരിച്ച പതിപ്പായിരുന്നു).
2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, 2007 ലെ ദേശീയ വിവര കമ്മീഷന്‍ റിപ്പോര്‍ട്ട്, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം, 2010 ലെ ദേശീയ അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് തുടങ്ങിയ ക്രിയാത്മകവും പുതുമയാര്‍ന്നതുമായ വിവിധ ശ്രമങ്ങളിലൂടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈയൊരു മേന്മകളുടെ തുടര്‍ച്ചയെന്നോണമാണ് 2019ലെ ദേശീയ വിദ്യാഭ്യാസ നയരേഖയും വിലയിരുത്തപ്പെടേണ്ടത്. 4 ഭാഗങ്ങളിലായി 23 അധ്യായങ്ങളില്‍ മൈനസ് 2 മുതല്‍ ഗവേഷണതലം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സമഗ്രതലങ്ങളിലും പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കുന്ന 484 പേജുള്ള കരട് നയരേഖയാണ് 2019 ജൂലൈ 31 വരെ പൊതു ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധിക ഊന്നല്‍ മേഖലകള്‍, വിദ്യാഭ്യാസ പരിവര്‍ത്തനം എന്നീ നാല് വിഭാഗങ്ങളിലായി ശ്രദ്ധേയങ്ങളും ദൂരവ്യാപകമായ മാറ്റങ്ങള്‍ ലക്ഷീകരിക്കുന്നതുമായ നിര്‍ദേശങ്ങളാണ് കരട് രേഖ സമര്‍പ്പിക്കുന്നത്. പ്രധാന നിര്‍ദേശങ്ങള്‍ താഴെ:
സ്‌കൂള്‍ വിദ്യാഭ്യാസം
ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂളുമായി യോജിപ്പിക്കും.
912 ക്ലാസുകള്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് മാറും, 8 സെമസ്റ്ററുകള്‍.
മൂന്ന് വയസ്സു മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസം. അങ്കണവാടികള്‍ സ്‌കൂളിലെ പ്രീസ്‌കൂള്‍ ക്ലാസുകളുമായി സംയോജിപ്പിക്കും.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധി 3 മുതല്‍ 18 വയസ്സു വരെയാക്കും.
സ്‌കൂള്‍ കോംപ്ലക്‌സുകള്‍ പ്രവര്‍ത്തനസജ്ജമാവും.
എല്ലാ അധ്യാപകര്‍ക്കും നാല് വര്‍ഷ ഉദ്ഗ്രഥിത ബി.എഡ് പൊതു യോഗ്യത.
ബഹുമുഖ വിഷയങ്ങള്‍ ഡിഗ്രിതലത്തില്‍ പഠിപ്പിക്കപ്പെടുന്ന കോളജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി ബി.എഡ് കോഴ്‌സ് പരിമിതപ്പെടുത്തും. 'സ്റ്റാന്റ് എലോണ്‍' ബി.എഡ് കോളജുകള്‍ അടച്ചുപൂട്ടും.
ദ്വിവത്സര ബി.എഡ് നിര്‍ത്തലാക്കും. ബി.എ.എഡ്. ബി.എസ്.സി.എഡ്. എന്നിങ്ങനെ നാല് വര്‍ഷ ഉദ്ഗ്രഥിത ബി.എഡ് മാത്രം.
തൊഴില്‍ വിദ്യാഭ്യാസം സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാവും.
ത്രിഭാഷാ ഫോര്‍മുല തുടരും. ആറാം ക്ലാസ് മുതലായിരിക്കും ആരംഭിക്കുക.
മാതൃഭാഷക്കും ഹിന്ദിക്കും പ്രാമുഖ്യം നല്‍കും. ഇംഗ്ലീഷിന് പരിഗണന കുറയും.
അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) യുടെ ഭാഗമായി 'ക്ലാസ് അധ്യാപനം' ഡെമോ പരീക്ഷ നടത്തും.
മദ്‌റസകള്‍ ശാക്തീകരിക്കും.
ഉന്നത വിദ്യാഭ്യാസം
യു.ജി.സി നിര്‍ത്തലാക്കും. പകരം എന്‍.എച്ച്.ഇ.ആര്‍.എ (നാഷണല്‍ ഹയര്‍ എജ്യുക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി).
ഉന്നത വിദ്യാഭ്യാസം സ്വപ്നങ്ങള്‍ ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 എന്നിങ്ങനെ പരിഷ്‌കരിക്കും.
ടൈപ്പ് 1: റിസര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍
ടൈപ്പ് 2: ടീച്ചിങ് യൂണിവേഴ്‌സിറ്റികള്‍
ടൈപ്പ് 3: ടീച്ചിങ് കോളജുകള്‍
അഫിലിയേഷന്‍ സംവിധാനം നിര്‍ത്തലാക്കുക. എല്ലാ സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി ഏതെങ്കിലും വിഭാഗങ്ങളിലേക്ക് മാറാം. എല്ലാ കോളജുകളും മൂന്നാം വിഭാഗത്തിലേക്ക് മാറ്റപ്പെടും.
നിലവില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.സികള്‍ (പഴയ അക്കാദമിക്ക് സ്റ്റാഫ് കോളജ്) അതായത് യൂണിവേഴ്‌സിറ്റികളുമായി ലയിപ്പിക്കും. മള്‍ട്ടി ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റികളില്‍ പുതിയ എച്ച്.ആര്‍.ഡി.സികള്‍ തുടങ്ങും.
നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍.ആര്‍.എഫ്) നിലവില്‍ വരും. എല്ലാ വിഷയങ്ങളിലും മികവുറ്റ ഗവേഷണ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് ഫൗണ്ടേഷന്‍ ആയിരിക്കും.
സ്വകാര്യസ്ഥാപനങ്ങള്‍ക്കും മികച്ച പ്രോജക്ടുകള്‍ക്ക് ഫണ്ട് അനുവദിക്കും.
എം.ബി.ബി.എസിന്റെ അവസാന ഘട്ടത്തില്‍ നീറ്റ് പോലെ പൊതുവായ പരീക്ഷ.
പ്രൊഫഷണല്‍ മേഖലയടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരമാധികാര റഗുലേറ്ററി ബോഡിയായി എന്‍.എച്ച്.ഇ.ആര്‍.എ പ്രവര്‍ത്തിക്കും.
നിലവിലുള്ള എ. ഐ.സി.ടി.ഇ, എന്‍.സി.ടി.ഇ, എം.സി.ഐ, ബി.സി.ഐ തുടങ്ങിയ റഗുലേറ്ററി ബോഡികള്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സെറ്റിങ് ബോഡികളായി (പി.എസ്.എസ്.ബി) പരിവര്‍ത്തിപ്പിക്കും.
മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് (എം.ഒ.ഒ.സി) പ്രത്യേക ഊന്നല്‍ നല്‍കും.
വിദൂര വിദ്യാഭ്യാസം (ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍) നാക്കിന് കീഴില്‍ കൊണ്ടുവരും. വരും നാളുകളില്‍ മികച്ച നിലവാരമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിദൂര വിദ്യാഭ്യാസം നല്‍കാന്‍ കഴിയൂ.
നാക്ക് ഗ്രേഡിങ് സംവിധാനം പരിഷ്‌കരിക്കും. ലെറ്റര്‍ ഗ്രേഡിനു പകരം യെസ്‌നാ അംഗീകാരമായിരിക്കും നാക്ക് നല്‍കുക.
ഐ.സി.എസ്.എസ്.ആര്‍, ഡി.എസ്.ടി തുടങ്ങിയ ഫണ്ടിങ് ഏജന്‍സികള്‍ നിലനിര്‍ത്തും.
അധിക ഊന്നല്‍ മേഖലകള്‍
എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസം, ടെക്‌നോളജി ഉദ്ഗ്രഥതമാക്കുന്നതിനുവേണ്ടി ദേശീയ വിദ്യാഭ്യാസ സാങ്കേതികവിദ്യാ ഫോറം (എന്‍.ഇ.ടി.എഫ്).
സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ തൊഴില്‍ വിദ്യാഭ്യാസം അവിഭാജ്യഘടകമാകും.
2030ല്‍ നൂറു ശതമാനം യുവജനവയോജന സാക്ഷരത കൈവരിക്കും. വയോജനതുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ വിപുലീകരിക്കും.
എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സംരക്ഷണം, വളര്‍ച്ച, വികാസം എന്നിവ ഉറപ്പ് വരുത്തും.
വിദ്യാഭ്യാസ പരിവര്‍ത്തനം
പ്രധാനമന്ത്രിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (രാഷ്ട്രീയ ശിക്ഷാ ആയോഗ്) ദേശീയ തലത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും.
എം.എച്ച്.ആര്‍.ഡി മിനിസ്ട്രി ഓഫ് എജ്യുക്കേഷന്‍ (എം.ഒ.ഇ) ആയി മാറും.
കരട് രേഖയിലെ ശ്രദ്ധേയമെന്ന് തോന്നാവുന്ന പല നിര്‍ദേശങ്ങളും മുന്‍രേഖകളിലെ നിര്‍ദേശങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്. ഉദാഹരണം: പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ ശാക്തീകരണം, ഉദ്ഗ്രഥിത ബി.എഡ് തുടങ്ങിയവ. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഒഴുക്കന്‍ മട്ടില്‍ പ്രതിപാദിക്കുകയല്ലാതെ ക്രിയാത്മകമായ പദ്ധതികളില്ല.
1986ലെ നയരേഖയും 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമൊക്കെ മതേതര മൂല്യങ്ങളെ എല്ലാ വിദ്യാഭ്യാസ പദ്ധതികളുടെയും അടിസ്ഥാന തത്വങ്ങളായി പ്രഖ്യാപിച്ചപ്പോള്‍ പുതിയ കരട് രേഖയില്‍ എവിടെയും, ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് പോലും സെക്കുലര്‍ എന്ന പദം ഒരു പ്രാവശ്യംപോലും ഉപയോഗിച്ചിട്ടില്ല എന്നത് യാദൃച്ഛികമാവാനിടയില്ല.
എന്നാല്‍ മറ്റു മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ചെടുക്കേണ്ടതിന്റെ പ്രസക്തി വിവിധ സ്ഥലങ്ങളിലായി കരട് രേഖ വാചാലമാവുന്നുണ്ട്. പാരമ്പര്യ ഇന്ത്യന്‍ മൂല്യങ്ങളായ സേവനം, അഹിംസ, സത്യം, നിഷ്‌കാമകര്‍മം, സഹിഷ്ണുത, വിശ്വസ്തത, കഠിനാധ്വാനം, സ്ത്രീകള്‍ മുതിര്‍ന്നവര്‍ എന്നിവരോടുള്ള ആദരവ്, പരിസ്ഥിതിയോടുള്ള ബഹുമാനം എന്നിവ വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കേണ്ടതാണ് (കരട് രേഖ, പേജ്: 96).
രാജ്യത്തിന്റെ കെട്ടുറപ്പിനും വികസനത്തിനും ദേശീയോദ്ഗ്രഥനവും മതേതരത്വവും ഏറ്റവും അനിവാര്യമായ പുതിയ സാമൂഹിക പരിസരങ്ങളില്‍, വിദ്യാഭ്യാസം അതിനുള്ള ഏറ്റവും ശക്തമായ ആയുധമാണെന്നിരിക്കേ മുന്‍രേഖകളില്‍ നിന്നുള്ള മാറ്റം രാജ്യത്തിന്റെ ഭാവിയില്‍ ആകുലപ്പെടുന്നവര്‍ക്ക് ശുഭസൂചകമാവില്ല.
ത്രിഭാഷ, ഫോര്‍മുലയടക്കമുള്ളവ പുതിയ സാഹചര്യത്തില്‍ വിവാദങ്ങളുയര്‍ത്തിക്കഴിഞ്ഞു. തലമുറകളുടെ ഭാവി നിര്‍ണയിക്കുന്ന ദേശീയ വിദ്യാഭ്യാസ നയരേഖയെ അടിസ്ഥാനപ്പെടുത്തി ആഴത്തിലുള്ള സംവാദങ്ങളും ഫലപ്രദമായ ചര്‍ച്ചകളും ഇനിയും നടക്കേണ്ടതുണ്ട്.
(അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തില്‍ എജ്യുക്കേഷന്‍ വിഭാഗത്തില്‍
അധ്യാപകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."