ലോക റെക്കോര്‍ഡോടെ ഭീമന്‍ കേക്ക് സഊദില്‍
റിയാദ്: സഊദി ദേശീയ ദിനത്തോടനുബന്ധിച്ചു ലോക റെക്കോര്‍ഡോടെ ഭീമന്‍ കേക്ക് നിര്‍മ്മിച്ചു. പുരാതന വാണിജ്യ നഗരിയായ ജിദ്ദയിലെ അന്ദുലുസ് മാളിലാണ് അതി ഭീമാകാരമായ കേക്ക് നിര്‍മ്മിച്ചത്.
112 സ്‌ക്വയര്‍ മീറ്ററില്‍ 19,600 ബെറ്റി ക്രോക്കര്‍ മഗ് കേക്കുകള്‍ ഉപയോഗിച്ചാണ് ഭീമന്‍ കേക്ക് നിര്‍മ്മിച്ചത്. കാണികള്‍ക്ക് കൗതുകവും ആശ്ചര്യവും സമ്മാനിച്ചാണ് ബെറ്റി ക്രോക്കര്‍ കേക്ക് കമ്പനി ഭീമന്‍ കേക്ക് നിര്‍മ്മിച്ചത്.
റീട്ടെയില്‍ കമ്പനിയായ പാണ്ടയുമായി സഹകരിച്ചാണ് ഇത്തരത്തിലൊരു ഭീമന്‍ കേക്കിനു രൂപം നല്‍കിയത്. സഊദി ദേശീയ ദിനം കൊണ്ടാടിയ ഞായറാഴ്ച്ചയാണ് കാണികള്‍ക്ക് ഇത് പ്രദര്‍ശനത്തിനെത്തിച്ചത്.
മുപ്പത് ബേക്കറി സ്‌പെഷ്യലിസ്റ്റുകള്‍ എട്ടു മണിക്കൂര്‍ വീതം അദ്ധ്വാനിച്ചാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. പ്രത്യേകമായി നിര്‍മ്മിച്ച കേക്കിന്റെ മുകള്‍ ഭാഗം സഊദി 88 ആം ദേശീയ ദിനത്തിന്റെ സിംബലുകളും ദേശീയ പതാകയ്ക്കും രൂപം നല്‍കുകയും ചെയ്തിരുന്നു.
ഗിന്നസ് റെക്കോര്‍ഡ് പ്രതിനിധി അഹമ്മദ് ജമാല്‍ ജാബിര്‍ ഇത് ലോക റെക്കോര്‍ഡ് ആണെന്ന് സാക്ഷ്യപ്പെട്ടുത്തുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാം വര്‍ഷത്തെ ലോക റെക്കോര്‍ഡ് നേടുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും മിഡ്ഡില്‍ ഈസ്റ്റ് ജനറല്‍ മില്‍സ് കൊമേഴ്‌സല്‍ ഡയറക്റ്റര്‍ അലി ശൈഖ് പറഞ്ഞു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തകര്‍ക്കാന്‍ 112 ചതുരശ്ര മീറ്ററോ അല്ലെങ്കില്‍ അതിനു മുകളിലോ ആയിരുന്നു കേക്ക് നിര്‍മ്മിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവിടെ നിര്‍മ്മിച്ച കേക്ക് ഇത് നേടിയതായി ഗിന്നസ് പ്രതിനിധി വിലയിരുത്തി.
ജനറല്‍ മില്‍സ്, പാണ്ട എക്‌സിക്യു്ട്ടീവ് ഉദ്യോഗസ്ഥര്‍, ഗിന്നസ് ലോക റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഉറപ്പിച്ച ശേഷം ഭീമാകരമായ കേക്ക് മാളിലെ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളത് സഊദി ഫുഡ് ബാങ്കിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."