അധികവാറ്റ് ഉടന്‍ പിന്‍വലിക്കണം: വസ്ത്ര നിര്‍മാതാക്കള്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ രണ്ട് ശതമാനം അധിക വാറ്റ് ഉടന്‍ പിന്‍വലിക്കണമെന്ന് ഗാര്‍മെന്റ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ രാജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ അഞ്ച് ശതമാനം വാറ്റ് സര്‍ക്കാര്‍ ചുമത്തുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ അധിക നികുതി ചുമത്തിയിരിക്കുന്നത്.
ഉത്പാദന പ്രക്രിയയില്‍ കേന്ദ്ര ഗവണ്‍മെന്റ് തുണിത്തരങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടിയും ഈടാക്കുന്നുണ്ട്. അധിക വാറ്റ് ചുമത്തിയതോടെ സംസ്ഥാനത്തെ വസ്ത്ര നിര്‍മാണ വ്യവസായം പ്രതിസന്ധിയിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട വ്യവസായികളെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുകിട വ്യവസായ വികസന നയം പ്രഖ്യാപിക്കണം. വാറ്റ് ചുമത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന ധനകാര്യ മന്ത്രിക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വസ്ത്ര നിര്‍മാണ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഈ രംഗത്തെ സമാന സംഘടനകളുമായി ആലോചിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഗാര്‍മെന്റ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.കെ ജയരാജനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."