മലയാളികളുടെ തിരോധാനം: അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു യു.എ.പി.എ ചുമത്തണമെന്നു പൊലിസ്
തൃക്കരിപ്പൂര്‍: കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തില്‍ തൃക്കരിപ്പൂരില്‍ നിന്നു കാണാതായവരുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം സംസ്ഥാന പൊലിസ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കാണാതായവരുടെ ബന്ധുക്കള്‍ ചന്തേര പൊലിസില്‍ നല്‍കിയ നല്‍കിയ ഒന്‍പതു പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണു പൊലിസ് അന്വേഷിച്ചത്. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയത്.
എല്ലാ കേസിനും സമാന സ്വഭാവമായതിനാല്‍ ഒറ്റ കേസായി പരിഗണിക്കണമെന്നും പൊലിസ് റിപ്പോര്‍ട്ടിലുണ്ട്. കാണാതായവരെല്ലാം പരസ്പര ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഭരണഘടനാവിരുദ്ധ നിലപാടാണ് കാണാതായവര്‍ക്കുള്ളതെനും അതിനാല്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവ പരിശോധിച്ചു.
തൃക്കരിപ്പൂരിലെ റാഷിദ് അബ്ദുല്ലക്കു നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍, ഇ മെയില്‍ പരിശോധിച്ചതില്‍ വ്യക്തമായതായി റിപ്പോര്‍ട്ടിലുണ്ട്.റാഷിദിനൊപ്പം കാണാതായവര്‍ക്കു തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
തീവ്രമത വിശ്വാസികളായ ഇവര്‍ അതനുസരിച്ച് ജീവിക്കാനാണ് രാജ്യം വിട്ടതെന്നാണു കരുതുന്നതെന്ന് പൊലിസ് പറയുന്നു.
മൂന്നു കുട്ടികളും നാലു സ്ത്രീകളടക്കം 17 പേരാണ് കഴിഞ്ഞ മാസം 24 മുതല്‍ ജൂലൈ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ രാജ്യം വിട്ടതെന്നു കണ്ടെത്തി. എമിഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇവരെല്ലാം ഇറാനിലേക്കാണ് ആദ്യം പോയത്.
നിലവില്‍ എവിടെയാണുള്ളതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുംബൈ ഭീകരവിരുദ്ധ സെല്ലിന്റെ പിടിയിലായ ഖുറൈശിയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
യു.എ.പി.എ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി അന്വേഷണം കേന്ദ്ര ഏജന്‍സിക്കു വിടണമെന്ന ആവശ്യവും പൊലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുനില്‍ ബാബുവാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."