ഫ്രാങ്കോയെ കാണാന്‍ പിസി ജോര്‍ജ് ജയിലിലെത്തി
പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പി.സി ജോര്‍ജ് എം.എല്‍.എയും പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും സന്ദര്‍ശിച്ചു.
വ്യത്യസ്ത സമയങ്ങളിലാണ് ഇരുവരും ഫ്രാങ്കോയെ സന്ദര്‍ശിച്ച് മടങ്ങിയത്. വൈകുന്നേരം 4.10 ഓടെയാണ് പി.സി ജോര്‍ജ് സന്ദര്‍ശിച്ചത്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കെ. ജയചന്ദ്രനും ഈ സമയം ജയിലിന് മുന്നിലെത്തിയിരുന്നു.
അഞ്ചു മണിയോടെ പുറത്തേക്ക് വന്ന പി.സി. ജോര്‍ജുമായി അഭിഭാഷകന്‍ സംസാരിച്ച ശേഷമാണ് പിരിഞ്ഞത്. നിരപരാധിയായ വൈദികനെയാണ് ജയിലിലടച്ചിരിക്കുന്നതെന്ന് നൂറു ശതമാനം ബോധ്യമുളളതിനാലാണ് അദ്ദേഹത്തെ കാണാന്‍ വന്നതെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.
ജാമ്യം കിട്ടിയില്ലെങ്കില്‍ ഇനിയും വരും. തനിക്ക് ഇക്കാര്യത്തില്‍ ആരെയും പേടിയില്ല. താന്‍ സത്യത്തിന്റെ ഭാഗത്ത് നില്‍ക്കും. നിരപരാധിയെ ജയിലിലടച്ചതിനുള്ള ദൈവശിക്ഷ ഇടുത്തീ പോലെ വന്നുവീഴുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ബിഷപ്പിന്റെ കൈ മുത്ത് വണങ്ങിയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ആളെ പിടിച്ച് ജയിലിലടയ്ക്കണമെന്നേയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈവാഹിക ജീവിതം വേണമെന്ന് ജനറാളമ്മയ്ക്ക് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഫ്രാങ്കോ പിതാവിനെതിരേ ബലാത്സംഗത്തിന് കേസു കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസം തിരുവനന്തപുരത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീ പി.സി. ജോര്‍ജിനെതിരേ കോട്ടയം എസ്പിക്കു പരാതി നല്‍കിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഏതു നിയമനടപടിയും നേരിടുന്നതിനു താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11 ഓടെയാണ് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും രൂപതാ വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേലും പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിച്ചത്.
10 മിനിറ്റോളം വൈദികര്‍ കൂടികാഴ്ച നടത്തി. ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നലെ മൂന്ന് സന്ദര്‍ശകരായിരുന്നു. ഇതില്‍ ബിഷപ്പിനെയും പി.സി. ജോര്‍ജിനെയും മാത്രമാണ് ബിഷപ്പ് കാണാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."