'ആത്മഹത്യ പരിഹാരമോ': കേരളീയ സമാജം-ഷിഫ ബോധവല്‍ക്കരണ സെമിനാര്‍ വ്യാഴാഴ്ച
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ ബഹ്‌റൈന്‍ കേരളീയ സമാജവും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് ഈ മാസം 27ന് കേരളീയ സമാജത്തില്‍ ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
'ആത്മഹത്യ പരിഹാരമോ' എന്ന വിഷയത്തിലാണ് സെമിനാര്‍. വ്യാഴാഴ്ച വൈകീട്ട് 7മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രമുഖ കണ്‍സള്‍ട്ടിംഗ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സംശയ നിവാരണത്തിനും അവസരമുണ്ടാകും.
ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സമീപകാലത്തായി വര്‍ധിച്ചുവരുന്ന ആത്മഹത്യയുടെ പാശ്ചാത്തലത്തിലാണ് സൈക്യാട്രി സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ആരെയും ഭീതിപ്പെടുത്തുന്ന വിധമാണ് പ്രവാസികളിലെ ആത്മഹത്യാ നിരക്ക്. 35 ദിവസത്തിനിടെ ആറു മലയാളികളാണ് ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയവര്‍ എല്ലാം യുവാക്കള്‍. അതില്‍ മൂന്നു പേര്‍ സ്ത്രീകള്‍. ഇപ്രകാരം പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ മൊത്തത്തില്‍ ആത്മഹത്യ വര്‍ധിച്ചു വരുന്നുണ്ടെന്നും ഇതിന് ഒരു പരിഹാരമുണ്ടാവണമെന്നും മറ്റൊന്നും പ്രോഗ്രാമിന്റെ ലക്ഷ്യമല്ലെന്നും വിവിധ ചോദ്യങ്ങള്‍ക്കുത്തരമായി സംഘാടകര്‍ അറിയിച്ചു.
ജീവിത പരിസരങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വിഷാദരോഗം, മറ്റു മാനസിക, ശാരീകിര പ്രശ്‌നങ്ങള്‍ തുടങ്ങിയ പല വിധ പ്രശ്‌നങ്ങള്‍ ആത്മഹത്യക്കു കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. വിദഗ്ദര്‍ അറിയിച്ചതുപോലെ വിഷാദവും ആത്മഹത്യാ പ്രവണതയും നിസ്സാരമായി കാണാനാവാത്ത ആരോഗ്യ പ്രശ്‌നങ്ങളാണ്. ആഗോളതലത്തില്‍ യുവാക്കള്‍ക്കിടയിലെ പ്രധാന മരണകാരണമായി ആത്മഹത്യ മാറിയിട്ടുണ്ട്.
സങ്കീര്‍ണമായ ജീവിത പരിസരങ്ങള്‍ ഒരു വ്യക്തിയെ നിസ്സഹായത, പ്രത്യാശയില്ലായ്മ, ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലായ്മ എന്നിങ്ങനെയുള്ള മനോനിലകളിലേക്ക് നയിക്കുകയും ഒടുവില്‍ ആത്മഹത്യയില്‍ എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകള്‍ക്ക് ആത്മഹത്യ കുറച്ചു കൊണ്ടുവരാനാകും. ഈ സാഹചര്യത്തിലാണ് ആത്മഹത്യ ബോധവല്‍ക്കരണത്തിനായി ഷിഫയുമായി കൈകോര്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രവാസി മലയാളികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായിരിക്കും.
ഇതൊരു തുടര്‍ കാമ്പയിനാണെന്നും തൊഴിലാളികളില്‍ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നതിനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുക എന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണെന്നും സംഘാടകര്‍ അറിയിച്ചു.
നോര്‍ക്ക, പ്രവാസി കമ്മീഷന്‍, ലോക കേരള സഭ, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് അത്തരമൊരു സംവിധാനം സമാജം രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
ആത്മഹത്യയുടെ പിടിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷാപൂര്‍വമാണ് ഷിഫ നോക്കിക്കാണുന്നതെന്ന് ഡോ. ഷംനാദ് പറഞ്ഞു. ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കൊണ്ടും മാനസിക പ്രയാസങ്ങള്‍ കൊണ്ടും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ അതില്‍ നിന്നും പിന്തിരിപ്പിക്കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്. ഒരു സുരക്ഷിത സമൂഹം രൂപപ്പെടാന്‍ ഇത് ആവശ്യമാണ്. ആത്മഹത്യയുടെ വിവിധ തലങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ട് വന്ന് ചര്‍ച്ച ചെയ്യാനും പ്രതിരോധ മാര്‍ഗങ്ങള്‍ ആര്‍ജിക്കാനും ലക്ഷ്യമിട്ടാണ് പ്രമുഖ സൈക്യാട്രിസ്റ്റിനെതന്നെ സെമിനാറിന് കൊണ്ടുവന്നത്. അതിനു ബഹ്‌റൈനിലെ ആദ്യത്തെ സ്വകാര്യ ആതുരാലയമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹായവുമുണ്ട്. സംഘാടകര്‍ വിശദീകരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എംപി രഘു, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് സമാജം ചാരിറ്റി നോര്‍ക്ക ജനറല്‍ കണ്‍വീനര്‍ കെടി സലീം, മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ അഹമ്മദ്, അനസ് യാസിന്‍, റഹ്മത്ത് അബ്ദുല്‍ റഹ്മാന്‍, ഇസ്മത്തുള്ള ടി.എ എന്നിവര്‍ പങ്കെടുത്തു.
സൗജന്യ ഹൃദയ പരിശോധനക്ക് രജിസ്റ്റര്‍ ചെയ്യാം
മനാമ: കേരളീയ സമാജത്തില്‍ നടക്കുന്ന ആത്മഹത്യ ബോധവല്‍ക്കരണ സെമിനാറിന് എത്തുന്നവര്‍ക്ക് ഈ മാസം 29ന് ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഷിഫയില്‍ നടക്കുന്ന സൗജന്യ ഹാര്‍ട്ട് ചെക്കപ്പിനു രജിസ്റ്റര്‍ ചെയ്യാം.
ഹൃദയദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 7മുതല്‍ ഉച്ചക്ക് 1വരെ ബിപി, ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ഇസിജി, സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ എന്നിവ ഷിഫയില്‍ സൗജന്യമായിരിക്കും. സെപഷ്യലിസ്റ്റ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് അന്ന് എക്കോ, ടിഎംടി പരിശോധനയും സൗജന്യമായിരിക്കും. രജിസ്‌ട്രേഷനായി സെമിനാര്‍ ഹാളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."