കെ.എസ്.ഇ.ബി സിവില്‍ - ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ രണ്ടുതട്ടില്‍
തൊടുപുഴ: ഇടുക്കി പദ്ധതിയിലെ രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച് കെ.എസ്.ഇ.ബി സിവില്‍ - ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ രണ്ടു തട്ടില്‍. പമ്പിങ് സ്റ്റോറേജ് വൈദ്യുതി നിലയമാണ് ഇവിടെ അനുയോജ്യമെന്ന് സിവില്‍ വിഭാഗം വാദിക്കുമ്പോള്‍ പരമ്പരാഗത വൈദ്യുതി നിലയമാണ് സ്ഥാപിക്കേണ്ടതെന്നാണ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗം രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യും.
ഇടുക്കി പവര്‍ ഹൗസില്‍ ഒരു വര്‍ഷം ശരാശരി ഉല്‍പ്പാദിപ്പിക്കുന്നത് 2,500 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതില്‍ 900 - 1000 ദശലക്ഷം യൂനിറ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10.30 വരെയുള്ള പീക്ക് ടൈമിലാണ്. പീക്ക് ടൈമില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നാല്‍ ഇപ്പോള്‍ പവര്‍ എക്‌സ്‌ചേഞ്ചിലെ വില യൂനിറ്റിന് 7 മുതല്‍ 10 രൂപ വരെയാണ്. ഇടുക്കിയില്‍ മറ്റൊരു പവര്‍ ഹൗസ് കൂടി ഉണ്ടായാല്‍ പീക്ക് ടൈമില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണ് വിലയിരുത്തല്‍.
രണ്ടാം പവര്‍ ഹൗസ് പൂര്‍ത്തിയാക്കാന്‍ 2,700 കോടി രൂപ വേണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്നും കണക്കാക്കുന്നുണ്ട്.
വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറംതള്ളുന്ന വെള്ളം വീണ്ടും ഉപയോഗിക്കുന്ന പമ്പിങ് സ്റ്റോറേജ് നിലയം ഇവിടെ പ്രായോഗികമല്ലെന്നാണ് ഇലക്ട്രിക്കല്‍ വിഭാഗം പറയുന്നത്. പമ്പിങ് സ്റ്റോറേജ് പദ്ധതിക്ക് 500 മീറ്ററില്‍ അധികം ഹെഡ് (പവര്‍ ഹൗസില്‍ നിന്നും അണക്കെട്ടിലേക്കുള്ള ഉയരം) പാടില്ല. ഇവിടെ 650 മീറ്ററാണ് ഹെഡ്. നിലവിലുള്ളതുപോലെ 780 മെഗാവാട്ട് ശേഷിയുള്ള ഭൂഗര്‍ഭ പവര്‍ഹൗസ് തന്നെയാണ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ആശയം.
കുളമാവ് ഡാമിന് താഴ്ഭാഗത്തുള്ള വെള്ളിയാമറ്റം പഞ്ചായത്താണ് പവര്‍ ഹൗസിനായി പരിഗണിക്കുന്നത്. പീക്ക് അവറില്‍ രണ്ട് പവര്‍ ഹൗസുകളും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്നാണ് ഇലക്ട്രിക്കല്‍ വിഭാഗം പറയുന്നത്.
പവര്‍ ഹൗസിന് സമീപം ചെറിയ റിസര്‍വോയര്‍ നിര്‍മിച്ച് വെള്ളം ശേഖരിച്ചശേഷം ഇടുക്കി അണക്കെട്ടിലേക്ക് വീണ്ടും പമ്പ് ചെയ്യന്ന രീതിയാണ് ബോര്‍ഡിന്റെ സിവില്‍ വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. നാലുമണിക്കൂര്‍ പമ്പ് ചെയ്താല്‍ മൂന്ന് മണിക്കൂര്‍ ഉല്‍പാദനത്തിനുള്ള വെള്ളം ലഭിക്കുമെന്നാണ് കണക്ക്. വേനല്‍കാലത്ത് ഇത് വന്‍ ലാഭകരമാണ്. ആവശ്യകത കുറഞ്ഞു നില്‍ക്കുന്ന പകല്‍ സമയങ്ങളിലും രാത്രി 12 മണിക്ക് ശേഷവും വെള്ളം പമ്പ് ചെയ്യാം.
അണക്കെട്ടില്‍ ജലനിരപ്പുയരുമ്പോള്‍ പമ്പിങ് ഒഴിവാക്കി പവര്‍ ഹൗസ് പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തിപ്പിക്കാം. പമ്പ് ചെയ്യാനും പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കാനും ഓരേ ടണലും പെന്‍സ്റ്റോക്കും തന്നെ മതിയാകും. പമ്പിങ്ങിനായി സോളാര്‍ വൈദ്യുതിയും പരിഗണിക്കാമെന്ന് സിവില്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇരു വൈദ്യുതി നിലയങ്ങളുടേയും സാധ്യത സംബന്ധിച്ച് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനെ പോലുള്ള കേന്ദ്ര ഏജന്‍സികളെക്കൊണ്ട് പഠനം നടത്തുന്ന കാര്യവും ബോര്‍ഡ് യോഗം തീരുമാനിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."