ചെങ്കടലിലെ സഊദി കാർഗോ ടെർമിനലിൽ ഹൂതി ഭീകരാക്രമണ ശ്രമം തകർത്തു; ഗ്രീക്ക് കപ്പലിന് കേട് പാട്, ജീവനക്കാർ സുരക്ഷിതർ
റിയാദ്: ചെങ്കടലിലെ സഊദി കാർഗോ ടെർമിനലിൽ ഹൂതി ഭീകരാക്രമണ ശ്രമം തകർത്തതായി സഖ്യ സേന. ആയുധങ്ങൾ നിറച്ച ബോട്ടുകളുപയോഗിച്ച് സ്ഫോടനം നടത്താനുള്ള ശ്രമമാണ് തകർത്തത്. ഹൂതി ആയുധ ബോട്ടുകൾ തകർക്കുന്നതിനിടെ തുറമുഖത്തെത്തിയ ഗ്രീക്ക് കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും യമനിൽ യുദ്ധത്തിലേർപ്പെട്ട അറബ് സഖ്യ സേന അറിയിച്ചു.
തെക്കൻ ചെങ്കടലിലാണ് ഹൂതികൾ ആക്രമണത്തിന് പദ്ധതിയിട്ടത്. ഭീകരാക്രമണം പരാജയപ്പെട്ടതായും വാണിജ്യ കപ്പലിന് ചെറിയ നാശനഷ്ടമുണ്ടായതായും സഖ്യ സേന അറിയിച്ചു. ആഗോള വാണിജ്യ കപ്പലുകൾ ലക്ഷ്യമാക്കിയാണ് ഹൂതികൾ ആക്രമണ പദ്ധതികൾ തയ്യാറാക്കിയതെന്നും സഖ്യ സേന കൂട്ടിച്ചേർത്തു.
സംഭവത്തിൽ കപ്പലിന് കേടുപാടുകൾ പറ്റിയതായി ഗ്രീക്ക് കപ്പൽ മാനേജർ ആഗ്രറിയും അറിയിച്ചു. സുഖയ്ഖ് ബെർത്തിൽ ചരക്കുകൾ ഇറക്കിയ ശേഷം പുറപ്പെടാനായി കാത്ത് നിൽക്കുകയായിരുന്ന കപ്പലിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നും കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സഭവത്തെ തുടർന്ന് ഇന്ധന ചോർച്ചയോ മറ്റു മലിനീകരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി അറിയിച്ചു.
തിങ്കളാഴ്ച ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ജിദ്ദയിലെ സഊദി അരാംകോ എണ്ണ സംഭരണ ടാങ്കിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അതിന് പ്രതികാരമായി യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ തിരിച്ചടി സഖ്യ സേന നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഈ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."