സംസ്ഥാനങ്ങളുടെ വിമുഖതയ്ക്ക് കാരണമായി മോദി ചിത്രവും
മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയോട് കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ വിമുഖത കാണിക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്കു നല്‍കുന്ന കാര്‍ഡില്‍ മോദിയുടെ ചിത്രമുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബി.ജെ.പിയുടെ പ്രചാരണ തന്ത്രമാണിതെന്ന് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കക്ഷികള്‍ വിലയിരുത്തുന്നു.
കേരളം, തെലങ്കാന, ഒഡിഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. മൊത്തം 50 കോടി ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി നടപ്പില്‍ വരുന്നതോടെ രാജ്യത്തെ 10 കോടി കുടുംബങ്ങളില്‍ മോദിയുടെ ചിത്രം ആലേഖനം ചെയ്ത കാര്‍ഡുകളെത്തും.
ഇതുവഴി വലിയൊരു രാഷ്ട്രീയ പ്രചാരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കക്ഷികള്‍ സംശയിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തന്നെ പദ്ധതി പ്രഖ്യാപിച്ചത് ഈ ലക്ഷ്യത്തോടെ തന്നെയാണെന്നും അവര്‍ വിലയിരുത്തുന്നു. സംസ്ഥാനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി, കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ കൂട്ടുനില്‍ക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്.
മാത്രമല്ല, പദ്ധതിയുടെ പ്രായോഗികതയില്‍ ചില സംസ്ഥാനങ്ങള്‍ക്കു സംശയവുമുണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ പദ്ധതി പാളിപ്പോയതാണ് ഈ സംശയത്തിനു കാരണം. പ്രതിവര്‍ഷം 30,000 രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്ന ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. ഇത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്ന് 2016- 17ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലേക്കായി 1500 കോടി മാറ്റിവയ്ക്കുകയുമുണ്ടായി. എന്നാല്‍, 500 കോടി മാത്രമാണ് ചെലവഴിച്ചത്. ഒരു ലക്ഷം രൂപ ചികിത്സാനുകൂല്യം എന്ന വാഗ്ദാനം നടപ്പാക്കാനായിട്ടുമില്ല.
ഇപ്പോള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് 2000 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ വീതം പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനുള്ള പദ്ധതിക്ക് ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഈ സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ പദ്ധതി പ്രായോഗികമല്ലെന്ന് അവര്‍ കരുതുന്നു. പദ്ധതി തട്ടിപ്പാണെന്ന് കേരള ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
പദ്ധതി നടപ്പാക്കാനുള്ള ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയൊരു തുക ആര്‍.എസ്.ബി.വൈക്കായി ചെലവഴിക്കുന്നുണ്ട്. കൂടുതല്‍ തുക ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവില്ലെന്ന വാദവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."