അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ അപടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു.
ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ ഓസിരിസില്‍ പ്രദേശിക സമയം 9.30ന് ആണ് കരക്കെത്തിച്ചത്. മുതുകിന് പരുക്കേറ്റ അഭിലാഷിനെ പ്രാഥമിക ചികിത്സക്കുശേഷം കൂടുതല്‍ പരിശോധനക്കായി ആംസ്റ്റര്‍ഡാമിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
അഭിലാഷ് ഭക്ഷണം കഴിച്ചെന്നും ആശയ വിനിമയം നടത്തുന്നുണ്ടെന്നും വക്താവ് അറിയിച്ചു. പ്രാഥമിക ചികിത്സയില്‍ പരുക്ക് ഗുരതരമല്ലെന്നാണ് മനസിലായതെന്നും എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ആംസ്റ്റര്‍ഡമിലെ മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. അവിടെ ഒരു ആശുപത്രി മാത്രമേയയുള്ളൂവെന്നും അതില്‍ സൗകര്യങ്ങള്‍ കുറവാണെന്നുമാണ് ലഭിക്കുന്ന വിവരം.
അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷ് പൗരന്‍ ഗ്രിഗര്‍ മക്‌ഗെക്കിനെയും (32) ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരുക്കേറ്റതോടെ രക്ഷിക്കാനായി മത്സരത്തില്‍നിന്ന് പിന്‍മാറിയ ഗ്രിഗര്‍, അഭിലാഷിന്റെ സമീപത്തേക്കെത്തുന്നതിനിടെ പായ്‌വഞ്ചിക്ക് കേടുപാടുകള്‍ സംഭവിച്ച് അദ്ദേഹത്തിനും പരുക്കേല്‍ക്കുകയായിരുന്നു.
ഗ്രിഗറിനെയും ഓസിരിസില്‍തന്നെയാണ് ആംസ്റ്റര്‍ഡാമിലെത്തിച്ചത്. ഇന്ത്യന്‍ നേവി കപ്പലായ ഐ.എന്‍.എസ് സത്പുരയും ആസ്‌ത്രേലിയന്‍ യുദ്ധക്കപ്പലായ എച്ച്.എം.എ.എസും ആംസ്റ്റര്‍ഡാമില്‍ എത്തുന്നതുവരെ ഓസരിസ് മേഖലയില്‍ തങ്ങും.
27ന് ആസ്‌ത്രേലിയയുടെയും 29ന് ഇന്ത്യയുടെയും കപ്പലുകള്‍ ദ്വീപിലെത്തും. അതിനുശേഷമാകും അഭിലാഷിനെ തുടര്‍ ചികിത്സകള്‍ക്കായി മാറ്റുന്നത് സംബന്ധിച്ച് തീരുമാനിക്കുക. എന്നാല്‍ അടിയന്തര വൈദ്യ സേവനം ആവശ്യമെങ്കില്‍ ഇന്ത്യന്‍ കപ്പല്‍ എത്തുന്നതുവരെ കാത്തുനില്‍ക്കാതെ ആസ്‌ത്രേലിയയിലേക്ക് കൊണ്ടുപോകുമെന്ന് ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍ പറഞ്ഞു.
ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3704 കിലോ മീറ്റര്‍ അകലെ കൊടുങ്കാറ്റില്‍ തുരീയ എന്ന പായ്‌വഞ്ചി തകര്‍ന്നാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. സ്‌ട്രെച്ചറില്‍ ചെറുബോട്ടിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹത്തെ തിങ്കളാഴ്ച ഉച്ചക്ക് 12ന് കപ്പലിലെത്തിച്ചത്.
ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരിക്കെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. മോശം കാലവാസ്ഥയെ തുടര്‍ന്ന് അഭിലാഷിന്റെ പായ് വഞ്ചിയുടെ തൂണ്‍പൊട്ടി ദേഹത്തുവീണാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."