ശബരി റെയില്‍പ്പാത; 2800 കോടി രൂപയുടെ പദ്ധതിയില്‍ പ്രതീക്ഷയോടെ പ്രദേശവാസികള്‍
ഈരാറ്റുപേട്ട: 2800 കോടി രൂപയുടെ ശബരി റെയില്‍പ്പാത ഏറെ പ്രതീക്ഷയോടെയാണ് പ്രദേശവാസികള്‍ നോക്കുന്നത്.2800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കപ്പെട്ട അദ്യഘട്ട പദ്ധതിയില്‍ 116 കിലോമീറ്റര്‍ റെയില്‍പാതയാണു നിര്‍മിക്കുന്നത്.
റെയില്‍പ്പാത കടന്നുപോവുന്ന പ്രദേശത്തെ റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാവാതിരിക്കാന്‍ ജില്ലയില്‍ എട്ട് റോഡ് അണ്ടര്‍ ബ്രിഡ്ജുകളും 11 റോഡ് ഓവര്‍ ബ്രിഡ്ജുകളും നിര്‍മിക്കും. ജില്ലയില്‍പാലാ, ഈരാറ്റുപേട്ട നഗരസഭകള്‍ക്കും പൊന്‍കുന്നം, എരുമേലി തുടങ്ങിയ ടൗണുകള്‍ക്കും ഭരണങ്ങാനം, രാമപുരം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും റെയില്‍വേ സൗകര്യം ലഭ്യമാക്കുന്നതിനും ശബരിമല തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി വിഭാവനം ചെയ്ത പദ്ധതിയാണു ശബരി പാത.
പാത ഈരാറ്റുപേട്ട വഴി വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് എളുപ്പവഴിയാവും. നാടിന്റെ വികസനത്തിന് പ്രധാന വഴിയൊരുക്കുന്ന പദ്ധഥി യാഥാര്‍ഥ്യമാവുന്നത് കാണാന്‍ പ്രതീക്ഷയിലാണ് ഈരാറ്റുപേട്ട നിവാസികള്‍. കോട്ടയം ജില്ലയില്‍ രാമപുരം, ഈരാറ്റുപേട്ട ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍ വരും. പുതിയ റെയില്‍ പാതകളില്‍ ഏറ്റവും കൂടുതല്‍ നഗരസഭകള്‍ക്കും ടൗണുകള്‍ക്കും ജില്ലകള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്.
തൂത്തുക്കുടി, നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ പാതയാക്കി മാറ്റുന്നതിനായി എരുമേലിയില്‍ നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിലേക്ക് റെയില്‍പാത നീട്ടുന്നതിന് ആവശ്യമായ പ്രാഥമിക സര്‍വേ റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായി.
എരുമേലി മുതല്‍ പുനലൂര്‍വരെയുള്ള രണ്ടാംഘട്ടത്തില്‍ റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. പ്രാഥമിക സര്‍വേ നടത്തി 225 കോടിയുടെ എസ്റ്റിമേറ്റ് വര്‍ഷങ്ങള്‍ക്കു മുമ്പു തയ്യാറാക്കിയ രണ്ടാംഘട്ട പദ്ധതിയില്‍ 75 കിലോമീറ്റര്‍ റെയില്‍പാതയാണു നിര്‍മിക്കപ്പെടുന്നത്. എന്നാല്‍, ശബരിപാതയുടെ പുതിയ അലൈന്‍മെന്റ് കടന്നുപോവുന്ന വേഴാങ്ങാനം, ചൂണ്ടച്ചേരി, അമ്പാറ നിരപ്പ്, ചാത്തന്‍കുളം പ്രദേശങ്ങളിലെ ജനങ്ങള്‍ നാളുകളായി സമരത്തിലായിരുന്നു.
അന്തീനാട്, മങ്കര, വേഴാങ്ങാനം, കീഴമ്പാറ പ്രദേശങ്ങളില്‍ ഒട്ടേറെ വീടുകളും ജലപദ്ധതികളും പൊളിച്ചുമാറ്റേണ്ടിവരും. കരൂര്‍ പഞ്ചായത്ത് അന്തീനാട് വാര്‍ഡിലെ രണ്ടു ജല പദ്ധതികള്‍ ഇല്ലാതാവും. മേഖലയിലെ പല ഗ്രാമീണ റോഡുകളും മുറിയും. രണ്ടാംഘട്ട പദ്ധതിയുടെ വിശദ സര്‍വേ നടത്തി നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ശബരി റെയില്‍പാതയിലേക്ക് ഏറ്റുമാനൂരില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന ലിങ്ക് റെയില്‍പാതയും റെയില്‍വേ മന്ത്രാലയം പരിഗണിച്ചുവരികയാണ്. ഏറ്റുമാനൂര്‍ ലിങ്ക് റെയില്‍പാത നിര്‍മിക്കപ്പെടുന്നതോടെ മാത്രമേ പാലാ വഴി ട്രെയിനെത്തു. പുതിയ അലൈന്‍മെന്റ് അനുസരിച്ച് പാലാ-തൊടുപുഴ റോഡില്‍ അന്തീനാട്ടില്‍ നിന്നു തിരിയുന്ന ശബരി റെയില്‍പാത പാലാ-ഈരാറ്റുപേട്ട റോഡില്‍ കീഴമ്പാറയിലാണെത്തുന്നത്. കീഴമ്പാറയിലാണ് ഈരാറ്റുപേട്ട സ്റ്റേഷന്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയില്‍ നിന്ന് മുന്നു കിലോമീററര്‍ അകലെയാണ് കീഴമ്പാറ. കോട്ടയം അങ്കമാലി സമാന്തര റെയില്‍പാതയും പാലാ എറണാകുളം സര്‍ക്കുലര്‍ റെയില്‍പാതയും ഏറ്റുമാനൂര്‍ പാലാ ലിങ്ക് റെയില്‍പാത വഴി സാധ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."