രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
തിരുവനന്തപുരം: സ്വജനപക്ഷപാതം, അശ്ലീല സംഭാഷണം എന്നിവയുടെ പേരില്‍ മന്ത്രിമാര്‍ രാജിവച്ചിട്ടും രാഷ്ട്രീയ ജീര്‍ണതയെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞെന്ന അവകാശവാദം ഉന്നയിക്കുന്ന മുഖ്യമന്ത്രിയുടെ ചര്‍മബലത്തെ മാനിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 26-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഇന്ദിരാഭവനില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരം തലയ്ക്കുപിടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാര ദുര്‍വിനിയോഗത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം. ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയുമായിരുന്നു രാജീവ് ഗാന്ധി. മഹാത്മാഗാന്ധിയുടെ സ്വപ്നമായ ഗ്രാമസ്വരാജ് അദ്ദേഹം യാഥാര്‍ഥ്യമാക്കി. എല്ലാതലത്തിലും രാജ്യത്തിന്റെ പുരോഗതിയ്ക്കുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് വിലയിരുത്തുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. സ്റ്റാലിന്റെ നയങ്ങളാണ് നരേന്ദ്രമോദി പിന്തുടരുന്നതെന്നും ഹസന്‍ പറഞ്ഞു.
പുതുതലമുറയ്ക്കു പ്രധാന്യം നല്‍കിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ മാത്രമല്ല രാജ്യത്തെയും നവീകരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു.
നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സാങ്കേതിക വിപ്ലവത്തിനു തുടക്കംകുറിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണെന്നും ചെന്നിത്തല പറഞ്ഞു. രാവിലെ ഇന്ദിരാഭവനില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. തമ്പാനൂര്‍ രവി സ്വാഗതവും മണക്കാട് സുരേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."