പൊന്നാനിയുടെ മഷിയില്‍ രാജ്യാന്തര ചിത്രരചനാ പ്രദര്‍ശനത്തിന് താജ് ബക്കര്‍
പൊന്നാനി: പൊന്നാനിയുടെ സ്വന്തം മഷിയില്‍ രാജ്യാന്തര ചിത്രരചനാ പ്രദര്‍ശനത്തിന് അര്‍ഹനായിരിക്കുകയാണ് പൊന്നാനിയുടെ പ്രിയപ്പെട്ട ചിത്രകാരന്‍ താജ് ബക്കര്‍. ഇന്ത്യയില്‍നിന്ന് നാല് ചിത്രകാര്‍ മാത്രമാണ് ഈ നേട്ടത്തിന് അര്‍ഹരായിട്ടുള്ളത്. അതിലെ ഏക മലയാളിയാണ് പൊന്നാനി സ്വദേശിയായ താജ് ബക്കര്‍. അമേരിക്കന്‍ സെനറ്ററായിരുന്ന ഹെഡ്വാര്‍ഡ് എം. കെന്നഡിയുടെ പേരില്‍ യു. എസ് എംബസിയുടെ സഹകരണത്തോടെ നടത്തുന്ന ഇങ്ക് ബംഗ്ലാദേശ് ആര്‍ട്ട് പ്രദര്‍ശനത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. വിവിധ രാജ്യങ്ങളില്‍നിന്നായി ഏറ്റവും മികച്ച 59 പേരെയാണ് തിരഞ്ഞെടുത്തത്. ഇതിലാണ് താജ് ബക്കറും ഇടംനേടിയത്.
പ്രകൃതിദത്തമായ മഷിയില്‍ ജീവനുള്ള ചിത്രങ്ങളൊരുക്കുകയാണ് ചിത്രകാരനായ താജ് ബക്കര്‍. കാലത്തിന്റെ മറവിയിലേക്ക് പോയ പൊന്നാനി മഷിയെ ചിത്രകാരന്റെ ആവിഷ്‌ക്കാര മാധ്യമമായി തിരിച്ചുകൊണ്ടുവരികയാണ് ഈ യുവാവ്. മദ്‌റസകളിലെ കൈയെഴുത്തിനുപയോഗിച്ചിരുന്ന മഷിയാണിത്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടു മുന്‍പുവരെ പൊന്നാനിയില്‍ നിലനിന്നിരുന്ന ആഘോഷമാണ് കൈയെഴുത്ത്. മദ്‌റസകള്‍ കേന്ദ്രീകരിച്ചാണ് ഇത് നടന്നിരുന്നത്. കുട്ടികളുടെ കൈയില്‍ ആദ്യാക്ഷരം എഴുതി നല്‍കുന്നതായിരുന്നു കൈയഴുത്തായി കൊണ്ടാടിയിരുന്നത്. പരുത്തിക്കായയുടെ തൊലി ഉണക്കിപ്പൊടിച്ച് മരത്തിന്റെ കറ ചേര്‍ത്താണ് മഷി ഉണ്ടാക്കിയിരുന്നത്. അരി വറുത്ത് കരിയിച്ച് മരത്തിന്റെ കറ ചേര്‍ത്തും മഷി ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൈയെഴുത്ത് സജീവമല്ല. ഒരു കാലത്ത് പൊന്നാനിയുടെ ആത്മീയ മഷിയായിരുന്നു. രാജ്യാന്തര തലത്തില്‍ ചിത്രകാരന്മാര്‍ക്കിടയില്‍ നടക്കുന്ന ഇന്‍ക് ടോബര്‍ എന്ന രചന മത്സരത്തിന്റെ ഭാഗമായാണ് താജ് പുതിയ പരീക്ഷണം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഒക്ടോബറിലെ മുപ്പത് ദിവസം വ്യത്യസ്ത വിഷയങ്ങളിലുള്ള വരകളാണ് ഇന്‍ക് ടോബറിന്റെ ഭാഗമായി നടന്നത്. താജ് വരച്ച 27 ചിത്രങ്ങളും കൈയെഴുത്ത് മഷി ഉപയോഗിച്ചായിരുന്നു. സ്വന്തം നാട്ടില്‍ ലഭ്യമായ ഒന്നിനെ ചിത്രരചനക്കുള്ള ഉല്‍പാദനക്ഷമമായ മാധ്യമമാക്കി മാറ്റുകയെന്ന ചിന്തയുടെ ഭാഗമായാണ് കൈയെഴുത്ത് മഷിയെ ചിത്രരചന മാധ്യമമായി താജ് ഏറ്റെടുത്തത്. ചെലവ് കുറഞ്ഞ മാധ്യമമാണെന്നതാണ് മഷിയുടെ സവിശേഷത. ഏത് തരം ബ്രഷിനും ഈ മഷി വഴങ്ങും. പേപ്പറിലാണിപ്പോള്‍ വരക്കുന്നത്. പുതിയ വരകള്‍ കാന്‍വാസിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."