സമസ്തയുടെ നിലപാടുകള്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ല: എ.വി
മലപ്പുറം: സമസ്തയുടെ നയനിലപാടുകളുടെയും പ്രബോധന സംരംഭങ്ങളുടേയും പ്രസക്തി സമകാലിക സാഹചര്യത്തില്‍ വര്‍ധിച്ചുവരികയാണെന്നും ആദര്‍ശ പ്രചാരണ രംഗത്ത് കര്‍മോത്സുകരായി രംഗത്തിറങ്ങണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. സമസ്ത കേരളാ ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ മലപ്പുറം സുന്നീ മഹലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ മുന്‍കാല പണ്ഡിതന്മാര്‍ എക്കാലത്തും യോജിപ്പിനു മുന്നിട്ടിറങ്ങിയവരാണ്. സുന്നി ഐക്യചര്‍ച്ചകളില്‍ സമസ്തയുടെ നേതൃത്വം സ്വീകരിച്ചത് ഇതേ നിലപാടാണ്. ചര്‍ച്ച തുടരുന്നതിനാല്‍ നയങ്ങളും തീരുമാനങ്ങളും നേതൃത്വം യഥാസമയം പ്രഖ്യാപിക്കുകയും നിര്‍ദേശിക്കുകയും ചെയ്യും.
നിലവില്‍ പ്രാസ്ഥാനിക രംഗത്ത് നാം തുടര്‍ന്നുവരുന്ന നയനിലപാടുകളും കര്‍മപദ്ധതികളും അതേ രൂപത്തില്‍ തുടര്‍ന്നുകൊണ്ടുപോവുകയും സമസ്തയുടെ കര്‍മപരിപാടികള്‍ സമൂഹത്തിന്റെ താഴെതട്ടിലെത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ വ്യാപൃതരാവണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുശാവറ അംഗം നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥന നടത്തി.
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി കോണാംപാറ, സി.കെ.കെ മാണിയൂര്‍ സംസാരിച്ചു. അടുത്ത മാസം അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സമ്മേളനത്തിനായി ചടങ്ങില്‍ സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."