വാഹനങ്ങളില്‍ ഗതി നിര്‍ണയ സംവിധാനം 2021 മുതല്‍ നടപ്പാക്കണം: ഹൈക്കോടതി
കൊച്ചി: വാഹനങ്ങളില്‍ ഗതി നിര്‍ണയ സംവിധാനമായ വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി) 2021 ജനുവരി ഒന്നു മുതല്‍ നടപ്പാക്കണമെന്നു ഹൈക്കോടതി. വി.എല്‍.ടി.ഡിയും എമര്‍ജന്‍സി ബട്ടണ്‍ സംവിധാനവും 2021 ജനുവരി ഒന്നുമുതല്‍ ആണ് നടപ്പാക്കേണ്ടത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സംവിധാനം നടപ്പാക്കാന്‍ വൈകുന്നത് ചോദ്യംചെയ്തുള്ള പൊതുതാല്‍പര്യ ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
വെങ്ങോലയിലെ ജാഫര്‍ ഖാന്‍, കൊല്ലം കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണസമിതി എന്നിവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്.
ഗതി നിര്‍ണയ സംവിധാനം നടപ്പാക്കാനുള്ള മാര്‍ഗരേഖകളും നിര്‍ദേശങ്ങളും 2020 ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. അത് കര്‍ശനമായി നടപ്പാക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഗതാഗതവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചത്.
തല്‍ക്കാലം ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി അറിയിച്ചത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. ജി.പി.എസ് സംവിധാനത്തിന് ജില്ല തോറും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുന്നതുള്‍പ്പെടെ നടപടികളെടുത്തു വരുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഓരോ ജില്ലയിലെയും ആര്‍.ടി.ഒയെ (എന്‍ഫോഴ്‌സ്‌മെന്റ്) വാഹനങ്ങളില്‍ ഈ സംവിധാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയതായാണ് അറിയിച്ചത്. കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇത് നടപ്പാക്കണമെന്ന ചട്ടം രണ്ടരക്കൊല്ലം മുമ്പ് നിലവില്‍ വന്നതാണെന്ന് കോടതി ഓര്‍മപ്പെടുത്തി. ഓട്ടോറിക്ഷയുള്‍പ്പെടെ മുച്ചക്രവാഹനങ്ങള്‍, ഇ-റിക്ഷകള്‍, പെര്‍മിറ്റ് ആവശ്യമില്ലാത്ത യാത്ര വാഹനങ്ങള്‍ എന്നിവയൊഴികെയുള്ള യാത്ര, ചരക്കുവാഹനങ്ങള്‍ക്കാണ് ഗതി നിര്‍ണയ സംവിധാനം നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."