അഭിമന്യു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: അഭിമന്യു വധക്കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കാംപസ് ഫ്രണ്ട് നേതാക്കളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമുള്‍പ്പെടെ 16 പേര്‍ക്കെതിരേയാണ് കുറ്റപത്രം. 5,000 പേജുള്ള കുറ്റപത്രത്തില്‍ 116 സാക്ഷികളുണ്ട്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കോടതിയില്‍ ഹാജറാക്കിയിട്ടുണ്ട്.
ജെ.ഐ മുഹമ്മദ്, ആരിഫ് ബിന്‍ സലിം, റിയാസ് ഹുസൈന്‍, ബിലാല്‍ സജി, ഫറൂക്ക് അമാനി, റെജീബ്, അബ്ദുല്‍ നാസര്‍ (നാച്ചു), ആദില്‍ ബിന്‍ സലിം, വി.എന്‍ ഷിഫാസ്, സഹല്‍, ജിസാല്‍ റസാഖ്, മുഹമ്മദ് ഷഹീം, പി.എച്ച് സനീഷ്, പി.എം ഫായിസ്, തന്‍സീല്‍, സനിദ് എന്നിവരാണ് ഒന്നു മുതല്‍ പതിനാറു വരെ പ്രതികള്‍.
ഇവരില്‍ ഒന്‍പത് പേര്‍ ജുഡിഷ്യല്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ള ഏഴ് പ്രതികള്‍ക്കെതിരേ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിമന്യുവിനെ മരണ കാരണമായ കുത്തേല്‍പ്പിച്ച രണ്ടു പ്രതികളും ഒളിവില്‍ കഴിയുന്നവരില്‍പ്പെടും. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 16 പേരും കൊലയാളി സംഘത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവരാണ്.
മഹാരാജാസ് കോളജിലെ അറബിക് സാഹിത്യം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ഒന്നാംപ്രതി മുഹമ്മദ്. ഇയാള്‍ കാംപസ് ഫ്രണ്ടിന്റെ മഹാരാജാസ് കോളജ് യൂനിറ്റ് പ്രസിഡന്റ് കൂടിയാണ്. രണ്ടാംപ്രതി ആരിഫ് ബിന്‍ സലിം കാംപസ് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറിയാണ്.
മറ്റു പ്രതികള്‍ കാംപസ് ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളുടെ സജീവ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്. ഗൂഢാലോചനയുടെ പ്രധാന ആസൂത്രകരില്‍ ഒരാളായ സംസ്ഥാന സെക്രട്ടറിയും നിയമവിദ്യാര്‍ഥിയുമായ മുഹമ്മദ് റിഫ ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നില്ല.
സംഭവദിവസം മഹാരാജാസ് കോളജില്‍ എത്തിയ കൊലയാളി സംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണിത്. രണ്ടാംപ്രതി ആരിഫ് ബിന്‍ സലിമും എട്ടാം പ്രതി ആദില്‍ ബിന്‍ സലിമും സഹോദരങ്ങളാണ്.
അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ എസ്.ടി സുരേഷ് കുമാര്‍ ഇന്നലെ രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അഭിമന്യു ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ നടന്ന ഗൂഢാലോചനയെ പറ്റി കുറ്റപത്രത്തില്‍ വിശദമായി പറയുന്നുണ്ട്. മഹാരാജാസ് കോളജില്‍ കാംപസ് ഫ്രണ്ടിന് സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. എറണാകുളം നോര്‍ത്തിലെ കൊച്ചിന്‍ ഹൗസ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നും എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
പന്ത്രണ്ടാംപ്രതി മുഹമ്മദ് ഷഹീം, പത്താംപ്രതി സഹല്‍ എന്നിവര്‍ ചേര്‍ന്നാണു അഭിമന്യുവിനെ കുത്തിയത്. പതിമൂന്നാംപ്രതി അനീഷാണ് വിദ്യാര്‍ഥികളായ അര്‍ജുന്‍ കൃഷ്ണ, വിനീത് എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്.
കൊലപാതകത്തിനു ശേഷം പ്രതികള്‍ക്കു രക്ഷപ്പെടാനും കേരളത്തിനകത്തും പുറത്തും ഒളിവില്‍ കഴിയാനും സഹായം കിട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ രണ്ടിന് അര്‍ധ രാത്രിയാണു മഹാരാജാസ് കോളജിന് പിന്‍വശത്തെ ഗെയ്റ്റിന് സമീപം കോളജിലെ രണ്ടാംവര്‍ഷ കെമസ്ട്രി ബിരുദ വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കുത്തേറ്റു മരിച്ചത്.
നെഞ്ചത്ത് ആഴത്തില്‍ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെട്ടത്. ഒന്നിന് വൈകിട്ട് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ വിദ്യാര്‍ഥികളും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായതാണു കൊലപാതകത്തില്‍ കലാശിച്ചത്.
നവാഗത വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ എസ്.എഫ്.ഐ ബുക്ക് ചെയ്ത മതിലില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ടാണ് വൈകിട്ട് തര്‍ക്കമുണ്ടായത്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മന:പൂര്‍വം പോസ്റ്റര്‍ പതിച്ചെന്നാണു പൊലിസിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."