വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള ലാപ്‌ടോപ്പ് വിതരണം പാതിവഴിയില്‍
തിരുവനന്തപുരം: കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പാതിവഴിയില്‍. പലിശരഹിത വ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കാന്‍ കുടുംബശ്രീയും കെ.എസ്.എഫ്.ഇയും ചേര്‍ന്നാണ് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രഖ്യാപിച്ച് മൂന്ന് മാസമായിട്ടും ലാപ്‌ടോപ്പ് വിതരണം ആരംഭിച്ചിട്ടില്ല.
15,000 രൂപയ്ക്ക് ലാപ്‌ടോപ്പ് ലഭിക്കുന്ന പദ്ധതിക്കായി ഒരു ലക്ഷത്തിലധികം പേരാണ് കെ.എസ്.എഫ്.ഇ മൈക്രോ ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. കുടുംബശ്രീ വഴി മാസം 500 രൂപ വീതം 30 മാസം അടയ്ക്കുന്നതാണ് പദ്ധതി. ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോള്‍ ലാപ്‌ടോപ്പ് വാങ്ങാനുള്ള പണം കെ.എസ്.എഫ്.ഇ നല്‍കും. മുടങ്ങാതെ തവണകള്‍ അടയ്ക്കുന്നവര്‍ക്ക് 1,500 രൂപ സബ്‌സിഡിയും കെ.എസ്.എഫ്.ഇ നല്‍കും. എന്നാല്‍, ഓണ്‍ലൈന്‍ പഠനത്തിന് നിരവധി വിദ്യാര്‍ഥികള്‍ ആശ്രയമായി കണ്ട പദ്ധതിയാണ് ഇപ്പോള്‍ പാതിവഴിയില്‍ കിടക്കുന്നത്. ജൂലൈ ആദ്യവാരം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തിനകം രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ നല്‍കുമെന്നാണ് അന്ന് ധനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ടെന്‍ഡര്‍ നടപടികള്‍ക്കപ്പുറം കാര്യങ്ങള്‍ എവിടെയും എത്തിയിട്ടില്ല.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്നാണ് അധികൃതര്‍ പറയുന്നത്. താല്‍പര്യപത്രം നല്‍കിയ നാല് കമ്പനികളെ ഉള്‍പ്പെടുത്തി ഐ.ടി മിഷന്‍ ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്തൊക്കെ സൗകര്യങ്ങളുള്ള ലാപ്‌ടോപ്പാണ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളും മറ്റ് ടെന്‍ഡര്‍ നടപടികളും ഉറപ്പാക്കേണ്ടത് ഐ.ടി മിഷനും ഐ.ടി അറ്റ് സ്‌കൂളും ചേര്‍ന്നാണ്.
അതേസമയം, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാലും ഇത്രയധികം ലാപ്‌ടോപ്പുകള്‍ ഒന്നിച്ചുലഭിക്കുക പ്രായോഗികമല്ലെന്ന് അധികൃതര്‍ പറയുന്നു. ചൈനീസ് കമ്പനികള്‍ക്ക് രാജ്യത്ത് നിയന്ത്രണങ്ങള്‍ വന്നതോടെ ലാപ്‌ടോപ്പ് നിര്‍മാണത്തിലടക്കം പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇതും പദ്ധതിയെ അവതാളത്തിലാക്കിയെന്നും അധികൃതര്‍ പറയുന്നു. രണ്ട് ലക്ഷം ലാപ്‌ടോപ്പ് വാങ്ങുന്നതിന് കെ.എസ്.എഫ്.ഇ 300 കോടി മാറ്റിവച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയയതിനുശേഷം എപ്പോള്‍ വേണമെങ്കിലും തുക നല്‍കാന്‍ കെ.എസ്.എഫ്.ഇ സജ്ജമാണെന്നും ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."