സഊദി കിരീടാവകാശിയുടെ കുവൈത്ത് സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും
റിയാദ്: ഇറാനെതിരേ പ്രമുഖ അറബ് രാജ്യങ്ങള്‍ ശക്തമായ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇറാന്‍-ഇറാഖ് യുദ്ധ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സൈനിക പരേഡിനു നേരേയുണ്ടായ ആക്രമണത്തിന് പിന്നില്‍ സഊദിയും യു.എ.ഇയുമടക്കമുള്ള അറബ് രാജ്യങ്ങളാണെന്ന ഇറാന്റെ ആരോപണത്തെ ശക്തമായി നേരിടാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം.
അറബ് രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ കൈകൊണ്ട ഇറാനെതിരേ നേരത്തെ തന്നെ നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും യു.എന്‍ പൊതുസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരസ്യമായി ഉന്നയിക്കാനാണ് അറബ് രാജ്യങ്ങളുടെ ശ്രമം. ഇക്കാര്യത്തില്‍ അമേരിക്കയുടെ പിന്തുണയും അറബ് രാജ്യങ്ങള്‍ക്കുണ്ട്.
യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. ഇനിയുള്ള ചര്‍ച്ചകളില്‍ അറബ് രാജ്യങ്ങള്‍ക്ക് കൂടി ഇടം ലഭിക്കേണ്ടതുണ്ടെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികൂടി ലോകം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പുറം രാജ്യങ്ങളില്‍ കടന്നു കയറാനും സൈനിക വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഇറാന്‍ നീക്കം നടത്തുമ്പോള്‍ കടുത്ത ചില നടപടികള്‍ ആവശ്യമാണെന്ന് യു.എ.ഇ കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അറബ് രാജ്യങ്ങളില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ഇറാന്‍ ശ്രമം നടത്തുന്നതായി നേരത്തെ തന്നെ തെളിവുകള്‍ സഹിതം അറബ് രാജ്യങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ഇറാനെതിരേ യോജിച്ച നിലപാട് സ്വീകരിക്കാനാണ് സഊദിയടക്കമുള്ള അറബ് രാജ്യങ്ങളുടെ തീരുമാനമെന്നറിയുന്നു. കുവൈറ്റ് അടക്കമുള്ള ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഊദി കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
അടുത്തിടെ കുവൈറ്റ് സന്ദര്‍ശിക്കുന്ന സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കുവൈത്ത് നേതാക്കളും മേഖലയിലെ പ്രശ്‌നങ്ങളും പുതിയ സംഭവ വികാസങ്ങളും വിശകലനം ചെയ്യുമെന്നും കുവൈറ്റ് ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു. കിരീടാവകാശിയുടെ സന്ദര്‍ശന തിയതി പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."