വാവാട് സപ്ലൈക്കോ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ സംഘര്‍ഷം
കൊടുവള്ളി: വാവാട്ടു പുതുതായി പ്രവര്‍ത്തനമാരംഭിച്ച സപ്ലൈക്കോ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ടു സംഘര്‍ഷം. ഇന്നലെ രാവിലെ 11.30ഓടെയാണു കേന്ദ്രത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കൗണ്ടറിലേക്കുള്ള ലോഡ് ഇറക്കുന്നതു തടയാന്‍ ശ്രമിച്ചവരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിവീശിയും നേരിടുകയായിരുന്നു.
വെള്ളയിലിലെ റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിലെ അസൗകര്യം കണക്കിലെടുത്ത് കോഴിക്കോട്-ബംഗളൂരു ദേശീയപാതയ്ക്കരികില്‍ വാവാട് അങ്ങാടിയില്‍ തുടങ്ങിയ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ ജോലിക്കു മുന്‍ഗണന നല്‍കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. പ്രതിഷേധത്തെ തുടര്‍ന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതു നീണ്ടുപോയതോടെ വെള്ളയില്‍ കേന്ദ്രത്തില്‍ നിന്ന് ഏഴുപേരെയും കൊയിലാണ്ടിയില്‍ നിന്നു രണ്ടുപേരെയും വാവാട് പ്രദേശവാസികളായ മൂന്നുപേരെയും ജോലിക്കു നിയമിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേയാണ് ആക്ഷന്‍ കമ്മിറ്റി നിയമനടപടിയുമായി മുന്നോട്ടുവന്നത്.
അതിനിടെ, കൗണ്ടറിലേക്കു ഭക്ഷ്യവസ്തുക്കളുമായി ലോറികള്‍ വരുന്നതായുള്ള വിവരത്തെ തുടര്‍ന്നു പ്രദേശവാസികള്‍ ഇന്നലെ രാവിലെ മുതല്‍ കേന്ദ്രത്തിനു മുന്നില്‍ തമ്പടിക്കുകയും ഉച്ചയ്ക്കു പന്ത്രണ്ടരയോടെയെത്തിയ ലോറിയില്‍ നിന്നു പുറത്തു നിന്നുള്ള തൊഴിലാളികളെ കൊണ്ട് ലോഡിറക്കാനുള്ള ശ്രമം തടയുകയുമായിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാര്‍, കൊടുവള്ളി സി.ഐ ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും സപ്ലൈക്കോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരെ നീക്കംചെയ്യാന്‍ തുടങ്ങി. എന്നാല്‍, കൂടുതല്‍ നാട്ടുകാരെത്തിയതോടെ അറസ്റ്റുചെയ്തു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നു കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്യുകയായിരുന്നു.
പിന്നീട് സപ്ലൈക്കോ അധികൃതരും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് ലോഡു വീതം വെള്ളയില്‍ നിന്നെത്തിയ തൊഴിലാളികളും പ്രദേശത്തെ തൊഴിലാളികളും ഇറക്കാന്‍ തീരുമാനിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍, സപ്ലൈ ഓഫിസര്‍, തൊഴിലാളികള്‍ എന്നിവര്‍ ഇന്നു യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."