റോഹിംഗ്യന്‍ വംശഹത്യ മ്യാന്‍മര്‍ സൈന്യത്തിന്റെ ആസൂത്രണത്തോടെയെന്ന് യു.എസ്
വാഷിങ്ടണ്‍: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേയുണ്ടായ ആക്രമണങ്ങള്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ആസൂത്രണത്തോടെയും സഹകരണത്തോടെയും നടന്നതാണെന്ന് യു.എസ് അന്വേഷണ റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് റോഹിംഗ്യകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
റാഖൈന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന റോഹിംഗ്യകളെ പ്രദേശത്ത് നിന്ന് പുറത്താക്കാനായി ഭീകരവും വ്യാപകവുമായ ആക്രമണങ്ങളാണ് നടത്തിയതെന്ന് 20 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. റോഹിംഗ്യകളെ സൈന്യം, പൊലിസ് നേതൃത്വത്തില്‍ കൊല്ലുന്നതിന് മൊഴിനല്‍കിയ അഭയാര്‍ഥികളില്‍ 80 ശതമാനം പേരും ദൃക്‌സാക്ഷികളാണ്.
മ്യാന്‍മര്‍ സൈന്യം റോഹിംഗ്യകള്‍ക്കെതിരേ നടത്തിയ ക്രൂരതകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കാലുകള്‍, കൈകള്‍ എന്നിവ ഛേദിക്കല്‍, നഖം പറിച്ചെറിയല്‍, താടിക്കും ജനനേന്ദ്രിയത്തിനും തീയിടല്‍, നിര്‍ബന്ധിത മതം മാറ്റം. ജീവനോടെ കത്തിക്കല്‍, കുടല്‍ മാല പിരിക്കല്‍ എന്നീ ക്രൂരതകള്‍ സൈന്യം നടത്തി. ശിശുക്കളുളെയും കുട്ടികളെയും സൈന്യം കൊല്ലുന്നത് കണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിരായുധരെ വെടിവയ്ക്കുക, ജീവനോടെ കുഴിച്ചുമൂടല്‍, വന്‍ കുഴികളിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലുക, സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുക തുടുങ്ങിയ ഹീനകൃത്യങ്ങളും സൈന്യത്തിന്റെ നേതൃത്വത്തലുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്‍മര്‍ അധികൃതര്‍ക്കെതിരേ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കു പുറമെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണോയെന്നത് പരിശോധിക്കുമെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു. ശക്തമായ ആഭ്യന്തര ചര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകിയതെന്ന് അവര്‍ പറഞ്ഞു.
യു.എസ് റിപ്പോര്‍ട്ട് സംബന്ധിച്ച് മ്യാന്‍മര്‍ സര്‍ക്കാരിന്റെ വക്താവ് സോ ഹതാ പ്രതികരിക്കാന്‍ തയാറായില്ല. സൈനിക വക്താവ് മേജര്‍ ജനറല്‍ തുന്‍ തുന്‍ നയിയുമായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയാറായില്ല.
സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഹിംഗ്യകള്‍ക്കെതിരേയുണ്ടായ ആക്രമണം സംബന്ധിച്ച് യു.എന്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വംശഹത്യ ലക്ഷ്യമാക്കിയാണ് സൈന്യം പ്രവര്‍ത്തിച്ചതെന്നും മ്യാന്‍മര്‍ സൈനിക തലവനെയും അഞ്ച് ജനറല്‍മാരെയും സംഭവത്തില്‍ വിചാരണ ചെയ്യണമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
മ്യാന്‍മറിലെ ആക്രമണങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നേതൃത്വത്തിലുള്ള പരിശോധന കഴിഞ്ഞ ആഴ്ച ആരംഭിച്ചിട്ടുണ്ട്. അതിനിടെ മ്യാന്‍മറിലും ബംഗ്ലാദേശിലും താമസിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പുനരധിവാസത്തിന് 185 മില്യന്‍ ഡോളര്‍ അധികമായി നല്‍കുമെന്ന് യു.എസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
റോഹിംഗ്യന്‍ വിഷയം ആഭ്യന്തരമാണെന്നും ഇതില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ ഇടപെടരുതെന്നും മ്യാന്‍മര്‍ സൈനിക തലവന്‍ മിന്‍ ആങ് ഹ്ലാങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളുടെ പരമാധികാരത്തിലുള്ള വിഷയത്തില്‍ ഇടപെടാന്‍ യു.എന്‍ ഉള്‍പ്പെടെയുള്ളവക്ക് അധികാരമില്ല. ആഭ്യന്തര വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് തെറ്റിദ്ധാരണക്ക് കാരണമാവുമെന്ന് മിന്‍ ആങ് ഹ്ലാങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ റോഹിംഗ്യകള്‍ക്കെതിരേയുണ്ടായ ആക്രമണത്തില്‍ ഏഴ് ലക്ഷത്തിലധികം പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."