ഇന്ന് ചരിത്രമാകും, നീലഗിരി ലോഡ്ജിലെ ചിരിമുറികള്‍
കോഴിക്കോട്: കോഴിക്കോടന്‍ പാരമ്പര്യത്തിന്റെ ഒരു അടയാളംകൂടി നഷ്ടമാവുകയാണിന്ന്. ചരിത്രത്തില്‍ ഇടംനേടിയ ആനിഹാള്‍ റോഡിലെ നീലഗിരി ലോഡ്ജ് ഇന്ന് ചരിത്രത്തിന്റെ ഭാഗമാകും. 100 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം ഇന്നു പൊളിച്ചുമാറ്റുമെന്ന് ഇപ്പോഴത്തെ ഉടമ ഡോ. മനോജ് കാളൂര്‍ പറഞ്ഞു.
ചിരിവൈദ്യം കൊണ്ട് ആരുടെയും മനംകവര്‍ന്ന രാമദാസ് വൈദ്യരുടേതായിരുന്നു റെയില്‍വേ സ്റ്റേഷനു എതിര്‍വശത്തുള്ള ആനിഹാള്‍ റോഡിലെ ചരിത്രമുറങ്ങുന്ന നീലഗിരി ലോഡ്ജ്. രാമദാസ് വൈദ്യരുടെ പിതാവ് കാളൂര്‍ നീലകണ്ഠന്‍ വൈദ്യരുടെ കാലത്തു കല്ലിങ്ങല്‍ കുടുംബത്തില്‍ നിന്നാണ് ഈ കെട്ടിടം വാങ്ങുന്നത്. പിന്നീട് ചിരിനിറഞ്ഞ രാമദാസ് വൈദ്യരുടെ കോഴിക്കോടന്‍ പാരമ്പര്യത്തിന്റെയും അടയാളമായി നീലഗിരി ലോഡ്ജ് മാറി.
മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരുമെല്ലാം ഇവിടെ താമസിച്ചവരാണ്. അക്കാലത്ത് ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ഉടമയായിരുന്നു രാമദാസ് വൈദ്യര്‍. വയലാര്‍ രാമവര്‍മ ഈ ലോഡ്ജില്‍ താമസിച്ചപ്പോഴാണു 'പണിതീരാത്ത വീട് ' എന്ന ചിത്രത്തിലെ നീലഗിരിയുടെ 'സഖികളേ... ജ്വാലമുഖികളേ..' എന്ന ഗാനം രചിച്ചത്. തകഴി ശിവശങ്കരപ്പിള്ള നല്‍കിയ 10 രൂപയും ലോഡ്ജില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇതെന്തിനാണെന്ന ചോദ്യത്തോട് അന്നു പൊട്ടിച്ചിരിയോടെ വൈദ്യര്‍ പ്രതികരിച്ചത് 'അഖിലലോക ലുബ്ധന്‍ പത്തുരൂപ ദാനം ചെയ്താല്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ചെയ്യേണ്ടത്' എന്നായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍, വി.കെ.എന്‍, എസ്.കെ പൊറ്റെക്കാട്ട്, എന്‍.പി മുഹമ്മദ്, കടമ്മനിട്ട, പത്മരാജന്‍, ഒ.വി വിജയന്‍, തിക്കോടിയന്‍, സുരാസു, അടൂര്‍ ഗോപാലകൃഷ്ണന്‍, എം. മുകുന്ദന്‍, ഡോ. സുകുമാര്‍ അഴീക്കോട്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി പേര്‍ ഈ ലോഡ്ജില്‍ താമസിച്ചിട്ടുണ്ട്. പിതാവ് കാളൂര്‍ നീലകണ്ഠന്‍ വൈദ്യരുടെയും മാതാവ് കല്യാണിയുടെയും ചിത്രങ്ങള്‍ക്കൊപ്പം രാമദാസ് വൈദ്യരുടെ നിറചിരിയോടെയുള്ള ചിത്രവും ഇവിടെ സൂക്ഷിച്ചിരുന്നു. ഹോട്ടലുകളില്‍ കുറച്ച് വെള്ളം ഉപയോഗിക്കുക എന്നെഴുതുന്നതിനു പകരം 'ധാരാളം വെള്ളം ഉപയോഗിച്ച് കുളിക്കുക' എന്നായിരുന്നു ലോഡ്ജില്‍ അദ്ദേഹം കുറിച്ചുവച്ചിരുന്നത്. 1998ലാണ് രാമദാസ് വൈദ്യര്‍ മരിച്ചത്.
24 മുറികളുള്ള ഇവിടെ 75 രൂപ മുതല്‍ 200 രൂപവരെയാണ് ദിവസവാടക. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇവിടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു. കൊടല്‍ നടക്കാവ് സ്വദേശികളായ മധുസൂദനും വിശ്വനാഥനുമാണ് ലോഡ്ജിലെ ദൈനംദിന കാര്യങ്ങള്‍ നോക്കിയിരുന്നത്. പ്രേമവല്ലി എന്ന ജോലിക്കാരിയും കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇവിടെയുണ്ട്.
വൃദ്ധദമ്പതികളുടെ സുഖവാസത്തിനാണ് നീലഗിരി ലോഡ്ജ് തുടങ്ങിയതെന്നാണ് വൈദ്യര്‍ സുഹൃത്തുക്കളോട് പറഞ്ഞത്. 16.5 സെന്റ് സ്ഥലത്താണു ലോഡ്ജ് സ്ഥിതിചെയ്യുന്നത്. ഇവിടെ ക്ലിനിക്കും ട്രീറ്റ്‌മെന്റ് സെന്ററും ലോഡ്ജും ഉള്‍പ്പെടുന്ന വാണിജ്യ സ്ഥാപനം തുടങ്ങാനാണു കോര്‍പറേഷന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ഡോ. മനോജ് കാളൂര്‍ പറഞ്ഞു. ഇന്നു മുതല്‍ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലികള്‍ തുടങ്ങുമെന്നും ഇവിടെയുള്ള സ്മരണകളുടെ പ്രതീകങ്ങള്‍ പുതിയ കെട്ടിടത്തിലും സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."