മടപ്പള്ളിയിലെ പ്രതിഷേധത്തെ തീവ്രവാദമാക്കി സി.പി.എം
കോഴിക്കോട്: മടപ്പള്ളി ഗവ. കോളജിലെ വിദ്യാര്‍ഥിനികളെ അക്രമിച്ച എസ്.എഫ്.ഐയുടെ നടപടിക്കെതിരേ പ്രതിഷേധിച്ചവരെ തീവ്രവാദിയാക്കി സി.പി.എം. ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രതിഷേധത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് ആരോപിക്കുന്നത്. രാഷ്ട്രീയ പ്രതിഷേധത്തെ നേരിടാനാവാതെ വന്നതോടെയാണ് പ്രതിഷേധിച്ചവരെ മുഴുവന്‍ തീവ്രവാദിയാക്കുന്ന സംഘ്പരിവാര്‍ അജന്‍ഡ സി.പി.എമ്മും പയറ്റുന്നത്. എസ്.എഫ്.ഐ അക്രമത്തില്‍ പരുക്കേറ്റ് നിരവധി വിദ്യാര്‍ഥികള്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അതിനെതിരേ നടത്തിയ രാഷ്ട്രീയ പ്രതിഷേധത്തെ തീവ്രവാദ കലാപമാക്കി മാറ്റാനാണു സി.പി.എം ശ്രമിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടയായ ഫ്രറ്റേണിറ്റിയും എം.എസ്.എഫും മറ്റു മതതീവ്രവാദ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത് തീവ്രവാദപ്രവര്‍ത്തനമാണെന്നും കോളജിലെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയ വിജയത്തില്‍ പ്രകോപിതരായാണ് ഈ മതതീവ്രവാദ സംഘടനകള്‍ എസ്.എഫ്.ഐക്കെതിരായി അക്രമകഥകള്‍ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
മടപ്പള്ളിയിലെ അക്രമസംഭവം മതതീവ്രവാദികളെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമെതിരേ സ്വകാര്യ കോളജ് മുതലാളിമാര്‍ നടത്തുന്ന ആസൂത്രിത നീക്കമാണെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കോളജിനെ തകര്‍ക്കാനുള്ള സമരത്തിനു നേതൃത്വം കൊടുത്ത പലരും നാദാപുരം, വടകര മേഖലയിലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണെന്നും ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ പേരില്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."