നെതന്യാഹുവിനും അബൂദബി കിരീടാവകാശിക്കും സമാധാന നൊബേല്‍ ശുപാര്‍ശ
ടെല്‍അവീവ്: ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെയും അടുത്തവര്‍ഷത്തെ സമാധാന നൊബേലിന് ശുപാര്‍ശ ചെയ്തു. യു.എ.ഇ, ഇസ്റാഈല്‍ നയതന്ത്ര ബന്ധം സാധ്യമാക്കാന്‍ ഇരുവരും നടത്തിയ പ്രയത്നം പരിഗണിച്ച് സമാധാന നൊബേല്‍ പുരസ്കാര ജേതാവ് ഡേവിഡ് ട്രിമ്പിളാണ് ഇരുവരേയും ശുപാര്‍ശ ചെയ്തതെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
1998ല്‍ സമാധാനത്തിനുള്ള നൊബല്‍ സമ്മാനം നേടിയ വ്യക്തിയാണ് മുന്‍ അയര്‍ലന്‍ഡ് മന്ത്രിയായ ട്രിമ്പിള്‍. നൊബല്‍ പീസ് പ്രൈസ് കമ്മിറ്റി ശുപാര്‍ശകള്‍ വിശകലനം ചെയ്ത ശേഷമാകും ജേതാവിനെ തെരഞ്ഞെടുക്കുക. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിരുന്നു. യു.എ.ഇ-ഇസ്റാഈല്‍ ബന്ധം യാഥാര്ഥ്യമാക്കിയതിനായിരുന്നു ഇതും. സെപ്റ്റംബറിലാണ് ഇസ്റാഈലുമായി യു.എ.ഇ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അതിനിടെ നെതന്യാഹുവും സഊദി കിരീടാവകാശിയും സഊദിയില്‍ വച്ച് കഴിഞ്ഞദിവസം രഹസ്യചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."