സിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതി പൊലിസ് കസ്റ്റഡിയില്‍; 'തന്നെ സിദ്ധനാക്കിയത് നാട്ടുകാര്‍'
കട്ടാങ്ങല്‍: പുള്ളന്നൂരില്‍ ക്വോര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് സിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വളാഞ്ചേരി വെങ്ങാട് സ്വദേശി അബ്ദുല്‍ ഹഖീമിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചു വരെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി.എസ് നിഷി പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. ഇയാള്‍ സ്വര്‍ണം വിറ്റ കടകളില്‍ പൊലിസ് തെളിവെടുപ്പ് നടത്തും. കൊടുവള്ളിയിലെ രണ്ടു ജ്വല്ലറികളിലായാണ് സ്വര്‍ണം വിറ്റതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
പെയിന്റ് പണിക്ക് വന്ന തന്നെ നാട്ടുകാര്‍ തന്നെയാണ് സിദ്ധനാക്കിയതെന്ന് ഹഖീം പറഞ്ഞു. പുള്ളന്നൂരില്‍ ക്വോര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് താമസം തുടങ്ങിയപ്പോള്‍ തളര്‍ന്നു കിടപ്പിലായ ഒരു സ്ത്രീയുമായി ഒരാള്‍ വന്നു മുന്‍പ് തങ്ങന്‍മാരുടെ അടുത്ത് പോയി പരിചയമുള്ള താന്‍ ഇവര്‍ക്ക് വെള്ളത്തില്‍ ഊതി വെറുതെ ഒരു മന്ത്രം ജപിച്ച് കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് രോഗം ഭേദമായി. വെറുതെ ഒരു രസത്തിന് ചെയ്ത ഇക്കാര്യം പിന്നീട് നാട്ടുകാരില്‍ പലരും അറിഞ്ഞതോടെ ക്വോര്‍ട്ടേഴ്‌സില്‍ കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങി. ഇതോടെ പെയിന്റിങ് ജോലിക്ക് പോകാന്‍ കഴിയാതെയായി. ആദ്യമൊക്കെ ചെറിയ തുക തന്നവര്‍ പിന്നീട് വലിയ തുക തരാന്‍ തുടങ്ങി.
ഏഴാം ക്ലാസ് മാത്രം മദ്‌റസ വിദ്യാഭ്യാസം ഉള്ള തന്നെ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ വരുമാനവും വര്‍ധിച്ചു. ഇങ്ങനെയാണ് കൂടുതല്‍ പണം സമ്പാദിക്കണം എന്ന മോഹമുണ്ടായത്. ഞാന്‍ സിദ്ധനാണെന്ന് പറഞ്ഞ് ആരുടെ അടുത്തും പോയിട്ടില്ല. പാവപ്പെട്ട ഒരാളെയും താന്‍ പറ്റിച്ചിട്ടില്ല. എന്നെ കാണാന്‍ വരുന്നവരുടെ സാമ്പത്തിക സ്ഥിതി മനസിലാക്കി മാത്രമാണ് ഇവരില്‍ നിന്ന് പണം തട്ടിയത്. താന്‍ നടത്തിയത് തട്ടിപ്പാണെന്നും ഹഖീം സമ്മതിച്ചു.
എന്നെ പോലെയുള്ളയവരെ തേടി നടക്കുന്ന ആളുകള്‍ ധാരാളമുണ്ട്. പലരും സമ്പത്ത് വര്‍ധിപ്പിക്കാനാണ് തന്നെ സമീപിച്ചിട്ടുള്ളത്. തനിക്ക് എട്ടു മക്കളുണ്ട്. ആദ്യ ഭാര്യയില്‍ മൂന്നു പെണ്‍കുട്ടികളും രണ്ടാം ഭാര്യയില്‍ മൂന്നു പെണ്‍കുട്ടികളും പുള്ളന്നൂരില്‍ തന്റെ കൂടെ താമസിച്ചിരുന്ന യുവതി തന്റെ ഭാര്യയാണെന്നും ഇവര്‍ക്ക് മറ്റൊരു വിവാഹത്തില്‍ ഉണ്ടായി എന്ന് പറയുന്ന മകന്‍ തന്റെ മകനാണെനും ഇയാള്‍ പറയുന്നു.
ഈ കുട്ടിയെ കിട്ടണമെന്നാവാശ്യപ്പെട്ട് ഈ യുവതിയുടെ മുന്‍ ഭര്‍ത്താവ് പൊലിസിനെ സമീപിച്ചിരുന്നു. ഇയാള്‍ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ ഈ യുവതിയുമായിട്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഞങ്ങള്‍ പ്രണയത്തിലായിരുന്നെന്നും യുവതിയുടെ ഉമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് യുവതി മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞിട്ടും തന്നെ പിരിയാന്‍ കഴിയാത്തത് കൊണ്ടാണ് യുവതി തന്റെ കൂടെ പോന്നതെന്നും ഹഖീം പറഞ്ഞു.
മകന്‍ തന്റേണെന്ന് തെളിയിക്കാന്‍ പരിശോധന നടത്താന്‍ തയാറാണെന്നും ഇയാള്‍ പറഞ്ഞു. കസ്റ്റഡിയില്‍ വിട്ടു കിട്ടിയ ഹഖീമിനെ ഇയാള്‍ സാധനം വിറ്റെന്ന് പറയുന്ന ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധന നടത്തും. ഇയാള്‍ താമസിച്ച ക്വോട്ടേഴ്‌സില്‍ കൊണ്ടുപോയി പരിശോധന നടത്തും. അതിന് ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യുക. കുന്ദമംഗലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."