ലാദനെ വധിച്ച സൈനികന്‍ വീട്ടില്‍ നിന്നിറങ്ങിയത് 'അന്ത്യ അത്താഴം' കഴിച്ച്
ന്യൂയോര്‍ക്ക്: മുന്‍ അല്‍ഖാഇദാ തലവന്‍ ഉസാമാ ബിന്‍ ലാദനെ വധിക്കാന്‍ സൈനികന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത് 'അന്ത്യ അത്താഴം' കഴിച്ച്. 2011ല്‍ യു.എസ് സൈന്യം നടത്തിയ അബട്ടാബാദ് ഓപറേഷനിടെ ലാദനെ വെടിവച്ചു കൊന്നയാളെന്നു പറയപ്പെടുന്ന റോബര്‍ട്ട് ഒ. നൈല്‍ ആണ് ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ വെളിപ്പെടുത്തിയത്.
തിരികെ വീട്ടിലെത്താനാകുമെന്നു പ്രതീക്ഷയില്ലായിരുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് അവസാനത്തെ സമ്മാനങ്ങളും നല്‍കിയാണ് ദൗത്യത്തിനായി വീട്ടില്‍നിന്ന് ഇറങ്ങിയത്. കുടുംബത്തിനായി 'അന്ത്യ' അത്താഴം ഒരുക്കുകയും പിതാവിനോട് യാത്രാമൊഴി പറയുകയും ചെയ്തു. ദൗത്യത്തിന്റെ കാര്യവും ഗൗരവവും പറഞ്ഞ് പിതാവിന് വിളിച്ചപ്പോള്‍ താനും നിന്നോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തമാശയായി മറുപടി പറഞ്ഞതായി നൈല്‍ പറഞ്ഞു.
എന്നാല്‍, അന്ത്യ അത്താഴമൊരുക്കിയത് ഭയം കൊണ്ടായിരുന്നില്ലെന്നും വീട്ടിലേക്കു തിരിച്ചുവരാനാകില്ലെന്ന് സ്വയം വിശ്വസിക്കുന്നിടത്തോളം ദൗത്യത്തില്‍ കേന്ദ്രീകരിച്ചിരുന്നുവെന്നും നൈല്‍ പറഞ്ഞു. തന്റെ സൈനിക കാലയളവില്‍ പങ്കെടുത്ത ഏറ്റവും മികച്ച സംഘമായിരുന്നു ലാദന്‍ ദൗത്യത്തിനു നിയോഗിക്കപ്പെട്ടിരുന്നത്. അതീവ അപകടകരമായ ദൗത്യമായതിനാല്‍ എല്ലാ മുന്നൊരുക്കങ്ങളും മുന്‍കൂട്ടി ചെയ്തിരുന്നു. അബട്ടാബാദിലെ ലാദന്റെ ഒളികേന്ദ്രത്തില്‍ പ്രവേശിച്ചപ്പോള്‍ മനസില്‍ ഭീതിയൊന്നുമില്ലായിരുന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് കയറുന്നതിനിടക്ക് ലാദനെ കണ്ടു. അയാള്‍ കീഴടങ്ങാന്‍ കൂട്ടാക്കുന്നില്ലെന്നു ബോധ്യപ്പെട്ടതോടെ മൂന്നു തവണ മുഖത്തേക്ക് നിറയൊഴിക്കുകയായിരുന്നു-റോബര്‍ട്ട് ഒ. നീല്‍ പറഞ്ഞു.400ഓളം യു.എസ് സൈനികദൗത്യങ്ങളില്‍ റോബര്‍ ഒ. നീല്‍ പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."