നാടന്‍ നെല്‍വിത്തിനങ്ങള്‍ വിളയിച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രം
ചെറുവത്തൂര്‍: നാടന്‍ നെല്‍വിത്തിനങ്ങള്‍ പലതും കണ്‍മറയുമ്പോള്‍ വടക്കന്‍ കേരളത്തിന്റെ നെല്‍വയലുകളില്‍ വിളഞ്ഞുനിന്നിരുന്ന നൂറുനാടന്‍ വിത്തിനങ്ങള്‍ ഒരുമിച്ചുവിളയിച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൃഷി ചെയ്തിരുന്ന ആവടി, ആയിരം കാന, അടുക്കന്‍, ചെമ്പാവ്, ചെറുവളിയന്‍, ചെന്നെല്ല്, കല്ലടിയാരന്‍, കയമ, കോതണ്ടന്‍, കൊയിവാലന്‍ തുടങ്ങുന്ന നെല്‍വിത്തിനങ്ങളാണ് പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇപ്പോള്‍ വിളയുന്നത്.
വിളഞ്ഞുനില്‍ക്കുന്ന നെല്‍പാടശേഖരം നേരില്‍ കാണാനും പഠിക്കാനും കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും ഗവേഷണ കേന്ദ്രം നാളെ അവസരമൊരുക്കിയിട്ടുണ്ട്. കൈപ്പാട് കൃഷിക്ക് അനുയോജ്യമായ എഴോം നെല്‍വിത്തിനങ്ങള്‍ വികസിപ്പിച്ചു ശ്രദ്ധേയയായ ഡോ. ടി. വനജയുടെ ശേഖരത്തിലുള്ളതാണു നാടന്‍ നെല്‍വിത്തുകള്‍. ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസറാണ് ഈ നെല്ല് ഗവേഷക.
ഡല്‍ഹിയില്‍ നാഷനല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സിലും സ്ഥാപനത്തിന്റെ തൃശൂര്‍ കേന്ദ്രത്തിലും നിലവില്‍ ലിക്വിഡ് നൈട്രജന്‍ സംവിധാനം ഉപയോഗിച്ചു വിത്തുകള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ ഈ രീതിയില്‍നിന്നു മാറി വര്‍ഷാവര്‍ഷം കൃഷിയിറക്കി അതില്‍നിന്നുള്ള വിത്തുകള്‍ സൂക്ഷിച്ചുവയ്ക്കുന്നതാണ് ഇവരുടെ രീതി. പതിനാലു വര്‍ഷംമുന്‍പാണു നാടന്‍ നെല്‍വിത്തിനങ്ങള്‍ തേടിയുള്ള ഇവരുടെ യാത്ര ആരംഭിക്കുന്നത്. ഓരോ ജില്ലകളിലുമെത്തി പരമ്പരാഗത കര്‍ഷകരെ കണ്ടെത്തി അവരില്‍നിന്നാണു വിത്തിനങ്ങള്‍ മിക്കതും ശേഖരിക്കുന്നത്. കേരളത്തിലെ ആദ്യ പൈതൃക നെല്‍വിത്ത് ഗ്രാമമായി പ്രഖ്യാപിച്ച പിലിക്കോടിനുള്ള വിത്തുകളുടെ വിതരണവും നാളെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."