പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കാറുണ്ടെന്നു കേന്ദ്രം
ന്യൂഡല്‍ഹി: പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും ഇന്ത്യന്‍ എംബസികള്‍ ഉറപ്പാക്കാറുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. വിദേശത്ത് മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പികെ. കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിനുത്തരമായാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
മരണപ്പെട്ട വ്യക്തിയുടെ അടുത്ത കുടുംബാംഗവുമായി എംബസികള്‍ ബന്ധപ്പെടാറുണ്ടന്നും അവരുടെ താല്പര്യാനുസരണം അവിടെതന്നെ മൃതദേഹം സംസ്കരിക്കാനോ അതല്ലങ്കില്‍ നാട്ടിലെത്തിക്കാനോ സൗകര്യം ചെയ്യാറുണ്ടെന്നും വിദേശകാര്യമന്ത്രാലയം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. അര്‍ഹരായ വ്യക്തികളുടെ കുടുംബത്തിന് മൃതദേഹം നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കാറുണ്ടെന്നും മറുപടിയില്‍ വിശദീകരിച്ചു.
2016 മുതല്‍ 125 രാജ്യങ്ങളില്‍ നിന്നായി വിദേശത്ത് മരണമടഞ്ഞ ഇന്ത്യക്കാരുടെ 14,312 മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ച് സംസ്കരിച്ചിട്ടുണ്ടന്നും മന്ത്രാലയം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനെ പറ്റി മന്ത്രാലയം നല്കിയ മറുപടിയില്‍ പരാമര്‍ശിച്ചിട്ടില്ല. പ്രവാസി ഇന്ത്യന്‍ സംഘടനകളുടെ ഏറെക്കാലമായുള്ള ആവശ്യത്തോട് സര്‍ക്കാര്‍ ഇനിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."