കോണ്‍ഗ്രസിന്റെ എം.എല്‍.എമാരെ രാജസ്ഥാനിലേക്കു മാറ്റി
അഹമ്മദാബാദ്: ബി.ജെ.പിയുടെ കുതിരക്കച്ചവട ഭീഷണി നിലനില്‍ക്കുന്നതിനിടെ ഗുജറാത്തില്‍ നാളെ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കും. അതേസമയം, പ്രതിപക്ഷ എം.എല്‍.എമാരെ ബി.ജെ.പി പണം കൊടുത്ത് സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങളുടെ 65 എം.എല്‍.എമാരെയും കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് മാറ്റി.
ഗുജറാത്ത് അതിര്‍ത്തിയോടടുത്തുള്ള സുഖവാസകേന്ദ്രമായ മൗണ്ട് ആബുവിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്. സിരോഹി ജില്ലയില്‍ അരാവലി മലനിരകളില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ആബു രാജസ്ഥാനിലെ ഒരേയൊരു ഹില്‍ സ്റ്റേഷനാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണമെന്ന് ഇവിടെ വച്ച് ഇന്ന് എം.എല്‍.എമാര്‍ ചര്‍ച്ച നടത്തും. ഇതിനു വേണ്ടിയുള്ള തന്ത്രങ്ങളും യോഗത്തില്‍ ആവിഷ്‌കരിക്കും. നാളെ അതിരാവിലെ വരെ എം.എല്‍.എമാര്‍ ഇവിടെ തങ്ങും. രാവിലെ ഒന്‍പത് മണിക്കാണ് വോട്ടെടുപ്പ് നടക്കുക. അതിനായി ഗുജറാത്തിലേക്കു മടങ്ങുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉച്ചയോടെ വോട്ടവകാശം രേഖപ്പെടുത്തും.
എന്നാല്‍, എം.എല്‍.എമാരെ മൗണ്ട് ആബുവിലേക്കു മാറ്റിയതിന് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് അശ്വിന്‍ കൊട്‌വാള്‍ പറഞ്ഞു.
അതേസമയം, എം.എല്‍.എമാര്‍ ക്രോസ് വോട്ട്‌ചെയ്യുമെന്ന ആശങ്കയുള്ളതിനാലാണ് അവരെ ഗുജറാത്തില്‍ നിന്ന് പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനിലെത്തിച്ചതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ധവാല്‍സിന്‍ഹ് സാല പറഞ്ഞു.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട താക്കൂര്‍ നേതാവ് അല്‍പേഷ് താക്കൂറിന്റെ വിശ്വസ്തനാണ് സാല. ഇന്ന് യോഗം ചേര്‍ന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് എല്ലാ എം.എല്‍.എമാരും കൂടിയെടുത്ത തീരുമാനമാണെന്നും വോട്ടെടുപ്പില്‍ ഒരു എം.എല്‍.എക്ക് മേലും യാതൊരു സമ്മര്‍ദമോ ഭീഷണിയോ ഇല്ലെന്നും കൊട്‌വാള്‍ അറിയിച്ചു. കോണ്‍ഗ്രസിന് ആകെ 71 എം.എല്‍.എമാരാണ് ഗുജറാത്തിലുള്ളത്. ഇതില്‍ അല്‍പേഷും സാലയും മൗണ്ട് ആബുവില്‍ എത്തിയിട്ടില്ല. ഹിമ്മാത്സിങ് പട്ടേല്‍, ഇമ്രാന്‍ ഖേഡവാല, ശൈലേഷ് പര്‍മാര്‍ എന്നിവര്‍ രാജസ്ഥാനിലേക്കുള്ള സംഘത്തില്‍ ചേര്‍ന്നിട്ടില്ല.
ഇവരുടെ മണ്ഡലത്തിലൂടെ ജഗന്നാഥയാത്ര കടന്നുപോകുന്നതിനാലാണ് മൂന്നുപേരും നാട്ടില്‍ തുടരുന്നതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.
മുന്‍ എം.എല്‍.എ ചന്ദ്രിക ചുഡാസമയും ഗൗരവ് പാണ്ഡ്യയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."