പതിനാറ് വര്‍ഷത്തെ കാത്തിരിപ്പ്; കണ്‍മണി പോയതറിയാതെ ബാലഭാസ്‌കറും ഭാര്യയും
തിരുവനന്തപുരം: പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണി തങ്ങളെ വിട്ടുപോയെന്ന് അറിയാതെയാണ് ബാലഭാസ്‌കറും ഭാര്യയും സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കുഞ്ഞിനായുള്ള നേര്‍ച്ചക്കായാണ് തൃശൂരിലെ ക്ഷേത്ര ദര്‍ശനത്തിന് ബാലഭാസ്‌കറും കുടുംബവും പോയതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.
2000ത്തില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എം.എ സംസ്‌കൃതം അവസാന വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ അതേ കോളജിലെ എം.എ ഹിന്ദി വിദ്യാര്‍ഥിനിയായിരുന്ന ലക്ഷ്മിയെ ഒപ്പം കൂട്ടിയത്. തുടര്‍ച്ചയായ ചികിത്സകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം 2016ലാണ് ഇവര്‍ക്കിടയിലെ കിലുക്കാംപെട്ടിയായി തേജസ്വി ബാല പിറന്നത്. രണ്ടുവര്‍ഷത്തെ സന്തോഷങ്ങള്‍ക്ക് വിരാമമിട്ട് അവള്‍ പറന്നകലുമ്പോള്‍ ദുഃഖ സംഗീതം പൊഴിക്കുന്ന വയലിന്‍ തന്ത്രികള്‍ പോലെ അവര്‍ രണ്ടുപേരും ബാക്കിയാവുകയാണ്.
അപകടസമയത്ത് മുന്‍സീറ്റില്‍ അച്ഛന്റെ മടിയിലായിരുന്നു തേജസ്വിനി.
തൊട്ടടുത്തുണ്ടായിരുന്ന ഹൈവേ പൊലിസാണ് ആദ്യം സംഭവ സ്ഥലത്ത് ഓടിയെത്തിയത്. നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ കാറിന്റെ ചില്ല് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തിരുന്നു.
ആ സമയത്ത് മൂക്കില്‍ നിന്നു രക്തം വാര്‍ന്ന നിലയില്‍ അബോധവസ്ഥയിലായിരുന്നു കുഞ്ഞ്. ആംബുലന്‍സിനായി കാത്തു നില്‍ക്കാതെ കുഞ്ഞിനെയുമെടുത്ത് ഹൈവേ പൊലിസ് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇവരുടെ വാഹനത്തിന് തൊട്ടു മുന്നിലായി കൊല്ലം ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറും ശബ്ദം കേട്ട് തിരിച്ചെത്തി.
പിന്നാലെ കൊല്ലത്ത് നിന്നെത്തിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിലെ ഡ്രൈവറും പൊലിസിനും സമീപവാസികള്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."