പൂവച്ചലില്‍ തണ്ണീര്‍ തടത്തിലെ നിലം നികത്തല്‍ വ്യാപകം
കാട്ടാക്കട: പ്രളയം വിഴുങ്ങിയപ്പോള്‍ ഉണ്ടായ പരിസ്ഥിതി ആഘാത പഠനം നടക്കുന്നതിനിടെ വയല്‍ പാടങ്ങള്‍ നികത്തുന്നു. തണ്ണീര്‍പാടമെന്ന് വിലയിരുത്തുന്ന പൂവച്ചല്‍ പഞ്ചായത്തിലെ പുന്നാംകരിയ്ക്കകം ഏലായാണ് നികത്തുന്നത്. പൂവച്ചല്‍ പഞ്ചായത്തിലെ കാട്ടാക്കട - നെടുമങ്ങാട് റോഡിലെ പുന്നാംകരിക്കം ഏലായിലെ ഹെക്ടര്‍ കണക്കിന് പാടമാണ് മണ്ണിട്ട് നികത്തുന്നത്.
സമീപത്തെ പാടങ്ങളും നികത്തി വരികയാണ്. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രദേശിക നേതാക്കളായ ഒരു സംഘമാണ് വയല്‍ നികത്തലിന് പിന്നില്‍ എന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. പൂവച്ചല്‍ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വം തന്നെ ഇതിനു പിന്തുണ നല്‍കുന്നതായും പരാതി ഉയര്‍ന്നു.
പുന്നാംകരിക്കം ഏലായിലെ ഒരേക്കറോളം വരുന്ന പാടം തുണ്ടുകളായി നിസാര വിലയ്ക്ക് വാങ്ങി. സമീപത്തെ സ്‌കൂള്‍ കെട്ടിടം പൊളിച്ച മണ്ണും പാറകക്ഷണങ്ങളും മറ്റുന്ന കൊട്ടേഷന്‍ ഡി.വൈ.എഫ്.ഐക്കാരാണ് ഭരണ സ്വാധീനം ഉപയോഗിച്ച് തരപ്പെടുത്തിയത്. ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ നേതാക്കള്‍ വാങ്ങിയ വയലില്‍ കൊണ്ട് തള്ളി നികത്താന്‍ തുടങ്ങി. സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇത് തടഞ്ഞതോടെ സംഭവം വിവാദമാവുകയായിരുന്നു. പുന്നാംകരിയ്ക്കകം ഏലാ കുടിവെള്ള സോത്രസ് ആണെന്ന് സെസ്സും ഭൂഗര്‍ഗജല നിയന്ത്രണ ബോര്‍ഡും കണ്ടെത്തിയിരുന്നു. ഇത് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒന്നായ തണ്ണീര്‍തടമാണെന്നും 1998 ല്‍ ഇവിടം സന്ദര്‍ശിച്ച പഠന സംഘം കണ്ടെത്തുകയും അത് പഞ്ചായത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
നാടുകാണി മലയില്‍ നിന്നും ജനിക്കുന്ന ജല ഉറവിടങ്ങള്‍ അതിനു കീഴെ കിടക്കുന്ന പുന്നാംകരിയ്ക്കം ഏലായിലാണ് വന്നിറങ്ങുന്നതും കുടിവെള്ളം ദാനം ചെയ്യുന്നതും. മുന്‍പ് നാടുകാണി മല പൊട്ടിക്കാന്‍ നീക്കം നടത്തിയപ്പോള്‍ അത് പഞ്ചായത്തിലെ ജല സോത്രസ്സ് നശിപ്പിക്കാന്‍ പോകുന്നുവെന്നും പറഞ്ഞ് ആക്ഷേപം ഉന്നയിച്ചവരാണ് ഇപ്പോള്‍ തണ്ണീര്‍ തടം നികത്തുന്നതും അതിനു നേതൃത്വം നല്‍കുന്നതും. ഒന്നിനു പിറകെ ഒന്നായി നിലങ്ങള്‍ നികത്തി റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണ് സംഘത്തിന്റെ നീക്കം.
വയല്‍പാടം നികത്തുന്നതിനെതിരേ നാട്ടുകാര്‍ കാട്ടാക്കട തഹസീര്‍ദാറെ സമീപിച്ചെങ്കിലും അത് തടയാന്‍ അദ്ദേഹവും ശ്രമിച്ചില്ല. ഇതിനിടെ ഈ ആരോപണം ഉള്‍പ്പടെ വന്നതിനെ തുടര്‍ന്ന് തഹസീര്‍ദാറെ സ്ഥലം മാറ്റിയിരുന്നു. പരാതികള്‍ ഉയര്‍ന്നിട്ടും പൊലിസ് അന്വേഷണമില്ലെന്നും ആരോപണമുണ്ട്. അതിനെതിരേ നാട്ടുകാര്‍ സമരത്തിന് ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."