കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറക്കുന്നു; ജില്ലയില്‍ യാത്രാ ദുരിതം
നെയ്യാറ്റിന്‍കര: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറക്കുന്നത് യാത്രക്കാരെ ദുരിത്തിലാക്കുന്നു. വെള്ളറട, പാറശാല, നെയ്യാറ്റിന്‍കര, പൂവാര്‍ തുടങ്ങിയ ഡിപ്പോകളില്‍ വലിയ കളക്ഷന്‍ ലഭിച്ചിരുന്ന റൂട്ടുകളിലെ പല സര്‍വിസുകളും നിലച്ചു. കളക്ഷനില്ലെങ്കിലും പല റൂട്ടിലേയും ബസുകള്‍ മെഡിക്കല്‍ കോളജിലേക്കാണ് സര്‍വിസ് നടത്തുന്നത്. തേക്കുപാറ-മായം റൂട്ടില്‍ ഏറ്റവും തിരക്കുളള സമയം രാവിലെ ഏഴുമുതല്‍ പത്ത് വരെയാണ്. ഇവിടെയ്ക്കുളള ബസുകള്‍ ഏറെയും നിലച്ചു. ചിലപ്പോള്‍ അമ്പൂരി വരെ മാത്രമാണ് സര്‍വിസുള്ളത്. മടങ്ങി വെള്ളറട സ്റ്റാന്‍ഡിലെത്തുമ്പോള്‍ നെയ്യാറ്റിന്‍കര ബോര്‍ഡ് മാറ്റി നൂറ് കണക്കിന് യാത്രക്കാരെ ഇറക്കിവിടുകയാണ് പതിവ്.
വിദൂരങ്ങളില്‍ നിന്ന് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍, ആദിവാസി മേഖലയില്‍ നിന്നുളള വിദ്യാര്‍ഥികള്‍, ട്രെയിനില്‍ പോകേണ്ടയാത്രക്കാര്‍, അധ്യാപകര്‍ തുടങ്ങിയ യാത്രക്കാര്‍ ഗത്യന്തരമില്ലാതെ സമാന്തര സര്‍വിസുകളില്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുകയാണ്. നെയ്യാറ്റിന്‍കര താലൂക്കിലെ പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെയും അവസ്ഥ മറ്റൊന്നല്ല. മറ്റ് തിരക്കു പിടിച്ച റൂട്ടുകളായ ചെമ്പൂര്-നെയ്യാറ്റിന്‍കര, ചെമ്പൂര്-കാട്ടാക്കട റൂട്ടും തകര്‍ന്നു. തിരക്കുളള ബസ് സര്‍വിസ് ഏറെയും നിലച്ചു. ഈ സമയങ്ങളില്‍ സമാന്തരങ്ങള്‍ സര്‍വിസ് നടത്തി കളക്ഷന്‍ കൊയ്യുകയാണ്. നെയ്യാറ്റിന്‍കര-പെരുമ്പഴുതൂര്‍, നെയ്യാറ്റിന്‍കര-കാട്ടാക്കട, നെയ്യാറ്റിന്‍ക-പൂവാര്‍, നെയ്യാറ്റിന്‍ക-കളിയിക്കാവിള, ചെമ്പൂര്- വെള്ളറട റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സിയെ വെല്ലുവിളിച്ച് സമാന്തരങ്ങള്‍ ചാകരയില്‍ ഏര്‍പ്പെടുമ്പോള്‍ അധികൃതര്‍ നോക്കുകുത്തികളായി മാറുകയാണ് പതിവ്.
പല റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തുന്നതിന്റെ മിനിറ്റുകള്‍ക്ക് മുന്‍പ് സമാന്തര വാഹനങ്ങള്‍ എത്തി യാത്രക്കാരെ തൂത്തു പെറുക്കി സര്‍വിസ് നടത്തുമ്പോള്‍ ബസുകള്‍ കാലി വണ്ടിയായി യാത്ര അവസാനിപ്പിക്കുകയാണ് പതിവ്. നെയ്യാറ്റിന്‍ക താലൂക്കില്‍ മാത്രം നൂറില്‍പ്പരം സമാന്തര വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. ആളെ കുത്തി നിറച്ച് മത്സര പാച്ചില്‍ നടത്തുമ്പോള്‍ പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത് വര്‍ധിച്ചു വരികയാണ്. പൊലിസും മോട്ടോര്‍ വാഹന വകുപ്പും പലപ്പോഴും നോക്കുകുത്തികളായി മാറുന്നു.
വെള്ളറട ഡിപ്പോയില്‍ നിന്നുള്ള വെള്ളറട-പാറശാല , വെള്ളറട-നെയ്യാറ്റിന്‍കര സര്‍വിസുകളും ഭാഗികമായി നിര്‍ത്തി. ചെയിന്‍ സര്‍വിസുള്ള റൂട്ടാണ് വെള്ളറട-കളിയിക്കാവിള. അത്രയേറെ തിരക്കാണീ റൂട്ടില്‍. ബസ് കുറയും തോറും സമാന്തര സര്‍വിസുകള്‍ക്ക് ചാകര. വിതുരയില്‍ നിന്നും വെള്ളറട വഴി കളിയിക്കാവിളയിലേയ്ക്കുണ്ടായിരുന്ന ബസ് കളക്ഷനില്‍ മുന്നിലായിരുന്നു.
അകാരണമായി ആ സര്‍വിസും നിലച്ചു. ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ നിലച്ചിട്ട് കാലങ്ങള്‍ ഏറെയായി. ഇവര്‍ പരിശോധനയ്‌ക്കെത്തിയാല്‍ തന്നെ ഒരു സമാന്തര സര്‍വിസ് നടത്തുന്ന വാഹനത്തെ പോലും പിടിക്കാറില്ല എന്നും ആക്ഷേപമുണ്ട്. ഒരു റൂട്ടിലിറങ്ങിയാല്‍ രണ്ട്-മൂന്ന് മണിയ്ക്കൂറെങ്കിലും ആ റൂട്ടുകളില്‍ റോന്ത് ചുറ്റിയാല്‍ സമാന്തരങ്ങള്‍ മാളങ്ങളില്‍ ഒളിയ്ക്കും. അത്രയും സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിക്കുന്ന കളക്ഷന്‍ കുറച്ചൊന്നുമല്ല.
പരിശോധന സംഘം വരുന്നതും പോകുന്നതും സമാന്തര സര്‍വിസുകാര്‍ പരസ്പരം കൈമാറുകയാണ് പതിവ്. ഏതെങ്കിലും റൂട്ടില്‍ പരിശോധനാ സംഘം തമ്പടിച്ചിരിക്കുന്നതറിഞ്ഞാല്‍ അത്രയും സമയം ആ റൂട്ടുകളില്‍ അനധികൃത സര്‍വിസുകള്‍ ഉണ്ടാകില്ല. ബസുകളില്‍ ഇത് വരുമാന വര്‍ധനവിനിടയാക്കും. പകരം പരിശോധന നടത്താതെ അധികൃതര്‍ മൗനം പൂണ്ടാല്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാവുകയാണ് ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."