ശാസ്താംകോട്ട ഡി.ബി കോളജില്‍ സംഘര്‍ഷം: അന്‍പതോളം വിദ്യാര്‍ഥികള്‍ക്കും പൊലിസ് ഉദ്യോഗസ്ഥനും പരുക്ക്
ശാസ്താംകോട്ട: തെരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ടു ശാസ്താംകോട്ട ഡി.ബി കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.
സംഘര്‍ഷത്തെത്തുടര്‍ന്ന് പെണ്‍കുട്ടികളടക്കം 50 വിദ്യാര്‍ഥികള്‍ക്കും ഒരു സിവില്‍ പൊലിസ് ഓഫിസര്‍ക്കും പരുക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയടക്കം 4 വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. പരുക്കേറ്റവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിന്റെ ഗേറ്റ് പൂട്ടിയിട്ടാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്.
കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലിസ് കോളജിനുള്ളില്‍ കയറിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നോടെയായരുന്നു വിദ്യാര്‍ഥികളുടെ സമരം ആരംഭിച്ചത്. അധ്യാപകരെ മുറിയില്‍ ഇട്ട് പൂട്ടിയാണ് സമരം ആരംഭിച്ചത്. ഇതിനെ തുടര്‍ന്നാണ് കോളജ് അധികൃതര്‍ പൊലിസിന്റെ സഹായം തേടിയത്.
കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."