HOME
DETAILS

തെരുവുനായ്ക്കളെ സൃഷ്ടിക്കുന്നതാര്?

  
backup
May 22 2017 | 06:05 AM

stray-dogs-in-kerala-create-great-tention-in-the-state

കൈനനയാതെ മീന്‍പിടിക്കുന്ന ചില സമര്‍ഥന്മാരുണ്ട്. വിചാരിച്ച കാര്യം അവര്‍ ചുളുവില്‍ നേടിയെടുക്കും. അതിന്റെ പേരില്‍ അവരുടെ പോക്കറ്റ് കാലിയാകില്ല. അതുമായി ബന്ധപ്പെട്ട തലവേദനയൊന്നുമില്ല. നയാപൈസ ചെലവും ചെറിയ അധ്വാനവുമില്ലാതെ എല്ലാം ശുഭം!

കേരളത്തില്‍ ഇത്തരം അതിസമര്‍ഥന്മാരാണു തെരുവുനായ്ക്കളെ സൃഷ്ടിക്കുന്നവരില്‍ ഒന്നാംനിരക്കാര്‍. അവരൊരിക്കലും നായ്ക്കളെ വളര്‍ത്തില്ല. അതേസമയം, അവര്‍ക്കു വീടിനു കാവല്‍നായ വേണം. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവുനായ്ക്കള്‍ക്കു വലിച്ചെറിഞ്ഞുകൊടുക്കും. അന്നം തന്നവനെ സേവിക്കുകയെന്ന സ്വഭാവമുള്ള നായ്ക്കള്‍ വീട്ടുകാവല്‍ക്കാരാകും. കൂടൊരുക്കി സംരക്ഷണം നല്‍കാതെ, ആവശ്യമായ പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കാതെ, പരിചരിക്കാതെ കാവല്‍പ്പട്ടിയെ കിട്ടുന്നു. വേണ്ടെന്നു തോന്നിയാല്‍ ആട്ടിയോടിക്കുന്നു. ഇതിനിടയില്‍ നായ ആരെയെങ്കിലും കടിച്ചാലോ പേവിഷബാധയുണ്ടായാലോ ഉത്തരവാദിത്വമേല്‍ക്കാതെ മേലനങ്ങാത്ത മീന്‍പിടുത്തക്കാര്‍ സമര്‍ഥമായി കൈമലര്‍ത്തും.

 

കേരളത്തിലെ തെരുവുനായ്ക്കളില്‍ ബഹുഭൂരിപക്ഷവും സംരക്ഷിക്കാതെ വളര്‍ത്തുന്ന വീട്ടുനായ്ക്കള്‍തന്നെയാണ്. നിയമപരമായി ഇങ്ങനെ വളര്‍ത്താന്‍ പാടില്ല. നായ്ക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട കര്‍ശന നിയമമുണ്ട്. എന്നാല്‍, ഏട്ടിലെ പശു ഇവിടെ പുല്ലുതിന്നാറില്ല. ആവശ്യമായ സംരക്ഷണം നല്‍കാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഇവിടെ ആരും തയാറാകാറുമില്ല. ഇനി നടപടിയുമായി എത്തിയാല്‍ തന്നെ അതു ഞങ്ങളുടേതല്ല എന്നു വീട്ടുകാര്‍ കൈമലര്‍ത്തുകയും ചെയ്യും. ഇങ്ങനെ വളര്‍ത്താതെ വളരുന്ന പട്ടികളുടെ കുഞ്ഞുങ്ങളാണ് വീണ്ടും തെരുവിലേയ്ക്ക് നടതള്ളപ്പെടുന്നത്.

 

രണ്ടരലക്ഷത്തിലേറെ തെരുവുനായ്ക്കള്‍ കേരളത്തിലുണ്ടെന്നാണല്ലോ ജസ്റ്റിസ് സിരിജഗന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇവിടെ നായ്ക്കള്‍ ഇങ്ങനെ പെറ്റുപെരുകാന്‍ എന്താണു കാരണം?

ഇതിനും കുറ്റം പറയേണ്ടതു മനുഷ്യരെയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ മേനി പറയുമെങ്കിലും കേരളം യഥാര്‍ഥത്തില്‍ മാലിന്യത്തിന്റെ സ്വന്തം നാടാണ്. വെറുമൊരു വേസ്റ്റ്‌ലാന്‍ഡ്. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭക്ഷണമുണ്ടാക്കുന്നവരാണ് കേരളത്തിലെ സമ്പന്നരും ഇടത്തരക്കാരും. മൂക്കറ്റം തിന്നാലും പാതിയോളം ബാക്കിയാകും. ഇതു സൂക്ഷിച്ചുവയ്ക്കുകയോ സംസ്‌കരിക്കുകയോ ചെയ്യുന്നതിനു പകരം പ്ലാസ്റ്റിക് ബാഗില്‍ കെട്ടി പൊതുവഴിയോരത്തു തള്ളും. തെരുവുനായ്ക്കള്‍ക്ക് ഇതു കുശാലായ ഭക്ഷണമാകും. വീടുകളില്‍നിന്നു മാത്രമല്ല ഹോട്ടലുകളില്‍നിന്നും ഇങ്ങനെ ഭക്ഷ്യാവശിഷ്ടങ്ങള്‍ നേരിട്ടുതള്ളുന്നത് തെരുവിലേയ്ക്കാണ്. തെരുവുനായ്ക്കള്‍ പെരുകാന്‍ ഇതുതന്നെ പ്രധാനകാരണം.

 

പണ്ടുകാലത്ത് ആഘോഷദിവസങ്ങളിലുള്‍പ്പെടെ വല്ലപ്പോഴുമായിരുന്നു സാധാരണക്കാരായ മലയാളികള്‍ മാംസാഹാരം കഴിച്ചിരുന്നുത്. ഇന്നു ദിവസത്തില്‍ മൂന്നുനേരവും ചിക്കനും മട്ടനും മീനും വേണം. ഇതും ആവശ്യത്തില്‍ കൂടുതല്‍ വാങ്ങും. കഴിച്ചാലും ബാക്കി. അതു തള്ളുന്നതാകട്ടെ തെരുവില്‍.

 

അനധികൃത അറവുശാലകളില്‍നിന്നു വഴിയോരത്തു തള്ളുന്ന മാംസാവശിഷ്ടത്തിന്റെ തോത് ആരെയും അത്ഭുതപ്പെടുത്തും. ഒരു കോഴിയുടെ തൂക്കത്തില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനവും വേസ്റ്റാണ്. പതിനായിരക്കണക്കിനു കോഴികള്‍ ഇവിടെ അറുക്കപ്പെടുന്നുണ്ട്. എത്ര വേസ്റ്റുണ്ടാകുമെന്നു കണക്കാക്കി നോക്കൂ. ഇതിന്റെയെല്ലാം പ്രധാന ഉപഭോക്താക്കള്‍ തെരുവുനായ്ക്കളാണ്.

 

തെരുവുനായ്ക്കള്‍ക്കു മാംസാഹാരം പതിവായി കഴിക്കാന്‍ കിട്ടുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം രണ്ടുതരത്തിലുള്ള തിരിച്ചടിയാണ്. തിന്നുകൊഴുക്കുന്ന നായ്ക്കള്‍ കൂടുതല്‍ ശക്തരും ശൂരരുമായിരിക്കും. യജമാനനില്ലാതെ ഭക്ഷണം കിട്ടുന്നതിനാല്‍ ചോറിനു കൂറിന്റെ കാര്യമില്ല. രണ്ടാമത്തെ പ്രശ്‌നം പ്രജനനത്തിനു ഇതു കൂടുതല്‍ സഹായം ചെയ്യുമെന്നതാണ്. ആരോഗ്യമുള്ള പട്ടികള്‍ പെട്ടെന്നു ഗര്‍ഭിണികളാകും. അവയുടെ കുഞ്ഞുങ്ങള്‍ക്കും നല്ല ആരോഗ്യമുണ്ടാകും. കുഞ്ഞുങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. സ്വാഭാവികമായും കേരളത്തില്‍ നായ്ക്കള്‍ പെറ്റുപെരുകും.

 

പട്ടികടിയെക്കുറിച്ചു വേവലാതിപ്പെടുകയും പട്ടിയെ കൊല്ലാത്തതിനു പ്രക്ഷോഭം നടത്തുകയും ചെയ്യുന്ന നമ്മളോരോരുത്തരും ആദ്യം ചെയ്യേണ്ടത് വേസ്റ്റ് നിര്‍മാര്‍ജനത്തിനു രംഗത്തിറങ്ങുകയാണ്. കേരളം മാലിന്യമുക്തമായാല്‍ കേരളത്തിലെ തെരുവുപട്ടിപ്രശ്‌നത്തിനു നല്ലൊരളവുവരെ പരിഹാരമുണ്ടാക്കാന്‍ കഴിയും. ആവശ്യത്തിലേറെ ഭക്ഷണമുണ്ടാക്കി വേസ്റ്റാക്കാതിരിക്കുക, ഉള്ള ഭക്ഷ്യാവശിഷ്ടങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലോ വെര്‍മികമ്പോസ്റ്റിലോ മറ്റോ നിക്ഷേപിച്ചു വളമാക്കി മാറ്റുക, ചെറിയ അളവു ഭക്ഷ്യമാലിന്യംപോലും തെരുവിലേയ്ക്കും വെളിമ്പ്രദേശത്തേയ്ക്കും എറിയില്ലെന്ന് ഉറപ്പുവരുത്തുക. ഇതൊക്കെ ചെയ്താല്‍ മത്രം പരിഹാരത്തിന്റെ പാതി സഫലമായിക്കഴിയും. മാലിന്യം സൃഷ്ടിക്കുന്നതില്‍ സ്വയം മത്സരിക്കുകയും തെരുവുനായപ്രശ്‌നത്തിന്റെ പേരില്‍ മുറവിളി കൂട്ടുകയും ചെയ്തതുകൊണ്ട് ഒരു ഫലവുമില്ല.

നായവളര്‍ത്തല്‍ ശരിയായ രീതിയില്‍ നടത്തിയാല്‍ ഇവിടെ തെരുവുനായ്ക്കളുണ്ടാവില്ല. നായ്ക്കളെ വളര്‍ത്തുന്നതിനു കേരളത്തില്‍ വ്യക്തമായ നിയമമുണ്ട്. നായയെ വളര്‍ത്തുന്നതിനു ലൈസന്‍സ് വേണം. ആവശ്യമായ പ്രതിരോധകുത്തിവയ്പ്പുകള്‍ വേണ്ട സമയത്ത് എടുക്കണം. ആരോഗ്യപരമായ ചുറ്റുപാടില്‍ വളര്‍ത്തണം. തെരുവില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കരുത്. ഇങ്ങനെ വളര്‍ത്തിയാല്‍ തെരുവുനായ പ്രശ്‌നം ഉണ്ടാകില്ല.


പ്രജനനത്തിന് ആവശ്യമില്ലാത്തവയെന്നു കരുതുന്ന നായ്ക്കളെ മുഴുവന്‍ വന്ധ്യംകരണത്തിനു വിധേയമാക്കണം. അപ്പോള്‍ അനാവശ്യമായ പെരുപ്പം തടയാന്‍ കഴിയും. നിയമങ്ങള്‍ ഇവിടെയുണ്ടെങ്കിലും അവ കര്‍ക്കശമായി നടപ്പാക്കാത്തതാണു കാരണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. തെരുവുനായ്ക്കള്‍ പെരുകാനുള്ള അവസരമൊരുക്കി നായയെ കൊല്ലാന്‍ കുരുക്കും വിഷവും തയാറാക്കി നടക്കുന്നതു ശരിയല്ല.

 

............................

 

മക്കാവില്‍ തെരുവുപട്ടികളെ കൂട്ടത്തോടെ കൊല്ലുന്നതു മൂന്നുവര്‍ഷമായി തുടര്‍ന്നു. എന്നിട്ടും പരിഹാരമുണ്ടായില്ല.

തെരുവുപട്ടിശല്യത്തില്‍നിന്നു രക്ഷനേടാന്‍ അവയെ പുനരധിവസിപ്പിക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. തെരുവുപട്ടികളെ തദ്ദേശസ്ഥാപനങ്ങള്‍ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി പല സംഘടനകളും രംഗത്തുവരാറുണ്ട്. എന്നാല്‍, അതു സാധ്യമാണോ.? അങ്ങനെയൊരു പ്രവര്‍ത്തനത്തിനു തയാറായാല്‍ത്തന്നെ തദ്ദേശവാസികള്‍ സമ്മതിക്കുമോ? ഒരു സ്വര്‍ണവ്യാപാരി കോഴിക്കോട്ടെ തെരുവില്‍നിന്നു പിടിച്ച പട്ടികളെ അദ്ദേഹത്തിന്റെ വയനാട്ടിലെ എസ്റ്റേറ്റില്‍ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ തദ്ദേശവാസികളുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പു അടുത്തനാളില്‍ വാര്‍ത്തയായിരുന്നല്ലോ.


എതിര്‍പ്പില്ലാതായി എന്നു തന്നെ വയ്ക്കുക. കേരളത്തില്‍ മൊത്തമുള്ള രണ്ടരലക്ഷം പട്ടികളെ പിടികൂടി പുനരധിവസിപ്പിക്കല്‍ എളുപ്പമാകില്ല. അത്രയും പട്ടികളുടെ സംരക്ഷണം വലിയ ബാധ്യതയായിരിക്കും. പിന്നെന്താണു പോംവഴി.? അതു വ്യക്തമാക്കാന്‍ മറ്റൊരു അനുഭവകഥ പറയാം.


തമിഴ്‌നാട്ടിലെ ഊട്ടിയില്‍ പേപ്പട്ടിശല്യം വര്‍ദ്ധിച്ചപ്പോള്‍ അധികാരികള്‍ തീരുമാനിച്ചത് കൂട്ടക്കശാപ്പായിരുന്നില്ല. തെരുവുപട്ടികള്‍ ഭാവിയില്‍ പെരുകുന്നതു തടയാന്‍ വന്ധ്യംകരണം നടപ്പാക്കുകയും നിലവിലുള്ള പട്ടികള്‍ക്കു പേവിഷബാധയുണ്ടാകാതിരിക്കാന്‍ പ്രതിരോധകുത്തിവയ്പ്പു നടത്തുകയുമായിരുന്നു. രണ്ടുകാര്യങ്ങളും വാക്കില്‍ ഒതുക്കാതെ ഫലപ്രദമായി നടപ്പാക്കിയതിന്റെ ഫലം വൈകാതെ തന്നെ കണ്ടു. കഴിഞ്ഞവര്‍ഷം പേവിഷബാധയുടെ ഒരു കേസുപോലുമുണ്ടായില്ല. ഊട്ടിയില്‍ തെരുവുപട്ടികള്‍ ഇപ്പോഴുമുണ്ട്. വന്ധ്യംകരണത്തിനു വിധേയമാക്കിയതിനാല്‍ അവയുടെ എണ്ണം ഭാവിയില്‍ പെരുകുകയല്ല, കുറയുകയാണു ചെയ്യുകയെന്ന ആശ്വാസമുണ്ട്.


വികാരത്തിന്റെ പുറത്ത് തെരുവുനായ്ക്കളെ കൊല്ലാന്‍ ബഹളം കൂട്ടുന്നതിനുമുമ്പ് ചിന്തിക്കേണ്ടതും സ്വയം മാറേണ്ടതും നമ്മള്‍തന്നെയാണ്. നാടിനെ മാലിന്യമുക്തമാക്കുകയും നായ്ക്കളെ നിയമപ്രകാരം വളര്‍ത്തുകയും അത്യാവശ്യമില്ലാത്തവയെ വന്ധ്യംകരിക്കുകയും ചെയ്താല്‍ കേരളത്തില്‍ തെരുവുനായ ശല്യവും പേവിഷബാധാ ഭീതിയും ഇല്ലാതാക്കാന്‍ കഴിയും.
തെരുവുനായ്ക്കളോടാണെങ്കിലും കാരുണ്യമാണ് ആദ്യമായും പ്രധാനമായും വേണ്ടത്. യുദ്ധത്തിനു പോകുന്നതിനിടയിലും തെരുവില്‍ അവശനിലയില്‍ കണ്ട പട്ടിക്കു സംരക്ഷണമേകാന്‍ സൈനികര്‍ക്കു നിര്‍ദ്ദേശം നല്‍കിയ പ്രവാചകന്റെ മാതൃക തന്നെയാണ് നാം പിന്തുടരേണ്ടത്.


നായ കടിക്കാനുള്ള കാരണം പ്രകോപനമല്ല. തെരുവുനായയെ കല്ലെറിഞ്ഞും മറ്റും ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ അത് ജീവനുംകൊണ്ട് ഓടിപ്പോകുകയേ ചെയ്യൂ. നായകടിയേല്‍ക്കുന്നവരില്‍ നല്ല ശതമാനവും കുട്ടികളാണ്. വളരെച്ചെറുപ്പം മുതല്‍ നായയെക്കുറിച്ചുള്ള അവരുടെ മനസ്സിലെ അവബോധം കടിക്കുന്ന ജീവിയാണ് എന്നതാണ്. നായ കടിക്കുമെന്നു പറഞ്ഞാണു കുട്ടികളെ മുതിര്‍ന്നവര്‍ പേടിപ്പെടുത്തുക. സ്വാഭാവികമായും പരിചയമില്ലാത്ത നായ അടുത്തെത്തുമ്പോള്‍ കുട്ടികള്‍ പേടിച്ചോടും. ജന്മവാസനമൂലം നായ പിറകെ പാഞ്ഞു കടിക്കും. നായ്ക്കള്‍ കാറിനും ബൈക്കിനും മറ്റും പിറകെ ഓടുന്നതും ഈ പ്രവണതമൂലമാണ്. നായയെ കണ്ടാല്‍ ഓടരുത് എന്നു നമുക്കൊക്കെ അറിയാം. എന്നാലും, അത്തരമൊരു സന്ദര്‍ഭത്തില്‍ ഒട്ടുമിക്കവരും ഓടിപ്പോകും.

 

മറ്റു സംസ്ഥാനങ്ങളിലെ തെരുവുനായ്ക്കള്‍ പൊതുവെ ശാന്തശീലരാണെന്നും കേരളത്തിലാണ് കൂടുതലായി തെരുവുനായ്ക്കളുടെ ആക്രമണമുണ്ടാകുന്നതെന്നും പറയുന്നതു ശരിയാണോ?

കേരളത്തിലെ നായ്ക്കളുടെ പ്രത്യേകതകൊണ്ടല്ല ഇവിടെ ആക്രമണം പെരുകുന്നത്. കേരളം മൊത്തമായി ഒരു വലിയ നഗരമാണ്. മനുഷ്യസാന്ദ്രതയും നായ്ക്കളുടെ സാന്ദ്രതയും അതിഭീകരമാണ്. നായ്ക്കള്‍ പെരുകുന്നതോടെ നിലനില്‍പ്പിനായി അവയ്ക്കു പൊരുതേണ്ടിവരും. ആരുടെയും വളര്‍ത്തുമൃഗമല്ലാത്തതിനാല്‍ അതിനു യജമാനസ്‌നേഹം കാണില്ല. സ്വാഭാവികമായും അത്തരം നായ്ക്കളില്‍ അക്രമവാസന കൂടും. മറ്റു സംസ്ഥാനങ്ങളില്‍ നായ്ക്കളെ മനുഷ്യന്റെ ശല്യമില്ലാതെ മാറിയിരിക്കാവുന്ന ധാരാളം സ്ഥലങ്ങളുണ്ട്.
നായ്ക്കള്‍ക്ക് അവയുടെ സ്ഥിരം ആവാസസ്ഥലം പ്രധാനമാണ്. നാടുകടത്തിയാല്‍ അപരിചിതസ്ഥലത്ത് അത് അക്രമകാരിയാകാന്‍ സാധ്യതയേറെയാണ്. ഒരേ പ്രദേശത്തു കഴിയുന്ന നായയ്ക്ക് അവിടത്തെ ജനങ്ങള്‍ പരിചിതരായിരിക്കും. ഭക്ഷണം നല്‍കുന്നവരായാലും അല്ലെങ്കിലും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago