മംഗലപുരം-പള്ളിപ്പുറം ദേശീയ പാതയില്‍ വാഹനാപകടങ്ങളും അപകട മരണങ്ങളും തുടര്‍ക്കഥ
പള്ളിപ്പുറം: മംഗലപുരം പള്ളിപ്പുറം ദേശീയ പാതയില്‍ വാഹനാപകടങ്ങളും അപകട മരണങ്ങളും തുടര്‍ക്കഥയാകുന്നു. പ്രശസ്ത വയലിന്‍ വായനക്കാരനും യുവ സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്തെ മരത്തിലിടിച്ച് രണ്ടുവസുകാരി മരിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. യാതൊരു വിധ നിയന്ത്രണമോ ശ്രദ്ധയോ ഇല്ലാതെ വാഹനങ്ങള്‍ ചീറിപായുമ്പോഴാണ് നിരവധി പേരുടെ ജീവന്‍ റോഡില്‍ പൊലിയുന്നത്. ഇതിന്റെ പതിമടങ്ങളോളം പേര്‍ അവയങ്ങള്‍ നഷ്ടപ്പെട്ടും ഗുരുതര പരുക്കുകളുമായി ജീവ ചവമാകാറുന്നതും സ്ഥിരം സംഭവമാണ്.
കഴിഞ്ഞ ദിവസത്തെ അപകടത്തിന് ഒരാഴ്ച മുന്‍പ് പള്ളിപ്പുറം മുഴിതിരിയാവട്ടത്ത് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്കേറ്റിരുന്നു. കൂടുതലും ബൈക്കുയാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നത്. ഒരുവര്‍ഷത്തിനിടയില്‍ ബാലഭാസ്‌ക്കറും കുടുംബവും അപകടത്തില്‍പ്പെട്ട മംഗലപുരം സ്റ്റേഷന്‍ അതിര്‍ത്തിയിലെ ദേശീയപാതയില്‍ 90 വാഹനാപകടങ്ങളാണ് നടന്നത്.
ഇതില്‍ 17 മനുഷ്യ ജീവനാണ് നഷ്ട്ടപ്പെട്ടത്. ഇതില്‍ പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ചെറുതും വലതുമായ നാലിരിട്ടയോളം അപകടങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്. രാത്രി അപകടങ്ങളിലാണ് കൂടുതല്‍ മരണങ്ങളുണ്ടായിട്ടുള്ളതെന്ന് മംഗലപുരം പൊലിസ് പറയുന്നു. മരണപ്പെട്ടവരില്‍ സി.ആര്‍.പി.എഫ് ആര്‍മി ജവാന്‍മാരും വിദ്യാര്‍ഥികളും ബിസിനസുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും കലാകാരന്‍മാരും ഉള്‍പ്പെടുന്നുണ്ട്.
ദീര്‍ഘ ദൂരയാത്രകാര്‍ വിശ്രമവും ഉറക്കമില്ലാതെയും രാത്രിയില്‍ ഡ്രൈവ് ചെയ്യുന്നത് ഒഴുവാക്കണമെന്ന് പൊലിസ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ആരും ചെവികൊള്ളുന്നില്ല.
മാത്രമല്ല ദീര്‍ഘദൂര യാത്രയ്ക്ക് രണ്ട് ഡ്രൈവര്‍മാരെങ്കിലും വേണമെന്നുള്ളതും പാലിക്കപ്പെടുന്നില്ല. മുമ്പൊരിക്കല്‍ മംഗലപുരം സ്റ്റേഷനിലെ ഒരു എസ്.ഐ രാത്രിവാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി സ്റ്റേഷന് മുമ്പില്‍ ചുക്ക് കാപ്പി കൊടുത്ത് ഉറക്ക ക്ഷീണം തീര്‍ത്ത് വിട്ടത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. റോഡിനിരുവശത്തെ കുഴിയും തെരുവ് വിളക്കുകളില്ലാത്തതും റോഡിന്റെ വീതി കുറവും മരണപാച്ചിലും അലഷ്യമായ ഡ്രൈവിങും മംഗലപുരം മുതല്‍ പള്ളിപ്പുറം വരെയുള്ള കുത്തനെയുള്ള ഇറക്കവും കൊടും വളവുമെല്ലാം അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുന്നുണ്ട്.
കൂടാതെ ദേശീയപാത റീടാര്‍ ചെയ്തപ്പോള്‍ പാതയ്ക്ക് ഇരുവശവും മണ്ണിടാത്തതും വാഹനങ്ങള്‍ മറിയാന്‍ ഇടയാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെത്തെ അപകടങ്ങള്‍ കുറക്കാന്‍ നാറ്റ് പാക്ക് പഠനം നടത്തി റിപ്പോര്‍ട്ട് ആക്കിയതല്ലാതെ പിന്നീടൊന്നും വെളിച്ചം കണ്ടില്ല. എന്തിനേറെ പറയുന്നു അപകടമേഖല സൂചിപ്പിക്കുന്നതിനും വേഗത കുറയ്ക്കുന്നതിനുമുള്ള മുന്നറിയിപ്പ് ബോര്‍ഡ് പോലും ഒരിടത്തും കാണാനില്ല.
എന്നാല്‍ അമിതവേഗതകാരെ പിടികൂടി പിഴിയാന്‍ പലയിടത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ പാങ്ങപ്പാറയിലും കാര്യവട്ടത്തും, ടെക്‌നോപാര്‍ക്ക് ഇന്‍ഫോസിസിനടുത്തും ബൈക്കുകള്‍ കൂട്ടിയിടിച്ച് ടെക്കികളടക്കം മൂന്ന് പേരുടെ ജീവനാണ് നഷ്ടമായത്. ഇങ്ങനെ അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണം കഴക്കൂട്ടത്തും വര്‍ധിച്ചുവരുകയാണ്.
അമിതവേഗത, ട്രാഫിക് നിയമലംഘനം, അശാസ്ത്രിയമായ ട്രാഫിക് സംവിധാനം തുടങ്ങിയവെല്ലാം ഇവിടെ അപകടത്തിന് കാരണമാകുന്നുണ്ട്. കഴക്കൂട്ടം ചാക്ക ന്യൂബൈപാസിലെ ഇരുശവുള്ള സര്‍വിസ് റോഡിലേക്ക് കടക്കാന്‍ കച്ചവടക്കാര്‍ പലയിടത്തും സ്ഥാപിച്ചിട്ടുള്ള ഏണിപടികള്‍ വഴി റോഡ് മുറിച്ച് കടക്കുന്നതും അപകടത്തിനിടയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."