ഇതിഹാസമേ വിട!
ഡീഗോ അര്‍മാന്‍ഡോ മറഡോണ, കാറ്റു നിറച്ച തുകല്‍പന്തുകൊണ്ട് ഇതിഹാസമായി മാറിയ ഫുട്‌ബോള്‍ മാന്ത്രികന്‍. കാല്‍പ്പന്തിനൊപ്പം രാഷ്ട്രീയവും ആഘോഷവും വൈകാരികതയും വിവാദങ്ങളും സമന്വയിച്ച ആ ജീവിതത്തിന് പരിസമാപ്തിയായി. പച്ചപ്പുല്‍ത്തകിടിയിലും പുറത്തും ഡീഗോ മറഡോണ സഞ്ചരിച്ചത് വ്യത്യസ്ത ധ്രുവങ്ങളിലൂടെ. വിവാദങ്ങളെ കൂടെപ്പിറപ്പായി കൊണ്ടുനടന്ന കാല്‍പനികതയുടെ കാല്‍പന്തു കളിക്കാരന്‍.
1960 ഒക്ടോബര്‍ 30ന് ബ്യൂണസ് അയേഴ്‌സിലെ വില്ല ഫിയറ്റത്തോ പ്രവിശ്യയിലെ ലാനസില്‍ ജനനം. ദുരിതം നിറഞ്ഞ പാതകളിലൂടെയായിരുന്നു കുട്ടിക്കാലത്ത് ഡീഗോയുടെ സഞ്ചാരം. മൂന്നാം പിറന്നാളിന് പിതാവ് സമ്മാനിച്ച തുകല്‍ പന്തുമായാണ് ലോകം കീഴടക്കിയ ഇതിഹാസത്തിലേക്ക് മറഡോണ വളര്‍ന്നത്. സ്വന്തം ശരീരത്തിന്റെ ഭാഗമായി തീര്‍ന്ന ആ പന്തുമായി ഡീഗോ ഫുട്‌ബോള്‍ ലോകം കീഴടക്കി. എട്ടാം വയസില്‍ തെരുവ് ഫുട്‌ബോളറായി മികവ് തെളിയിച്ച ഡീഗോയുടെ മാന്ത്രികത ഫുട്‌ബോള്‍ പ്രമോട്ടറായ ഫ്രാന്‍ചസ്‌കോ കൊര്‍ണ ജോയുടെ ശ്രദ്ധയില്‍ എത്തിയതോടെ തലവര മാറി. പ്രാദേശിക ക്ലബായ അര്‍ജന്റീനോ ജൂനിയേഴ്‌സിന്റെ ബംബീനോ ടീമിലേക്ക് കരാര്‍ ചെയ്യപ്പെട്ടു. മികച്ച പരിശീലനത്തിലൂടെ നാലു വര്‍ഷം കൊണ്ട് മറഡോണയിലെ ഫുട്‌ബോള്‍ പ്രതിഭ അത്യുന്നതങ്ങളിലെത്തി. പതിനാറാം വയസില്‍ പ്രശസ്തമായ ബൊക്കാ ജൂനിയേഴ്‌സിലേക്ക്. അസാധാരണ മികവുമായി പതിനേഴാം വയസില്‍ അര്‍ജന്റീനയിലെ വിസ്മയ ഫുട്‌ബോളറായി ഡീഗോ. അര്‍ജന്റീന ആതിഥ്യമേകിയ 1978 ലെ ലോകകപ്പ് ഫുട്‌ബോളില്‍ ദേശീയ ജേഴ്‌സിയില്‍ ഡീഗോയുടെ വിസ്മയ പ്രകടനം എല്ലാവരും പ്രതീക്ഷിച്ചു. പ്രതിഭയുടെ മികവ് ബാല്യത്തില്‍ തല്ലിക്കൊഴിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ദേശീയ പരിശീലകന്‍ സീസര്‍ ലൂയി മെനോട്ടി ടീമില്‍ ഇടം നല്‍കിയില്ല. 1982 ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഡീഗോ മറഡോണ അരങ്ങേറി. 86, 90, 94 ലോകകപ്പുകളിലും തുടര്‍ച്ചയായി അര്‍ജന്റീനയ്ക്കായി ബൂട്ടണിഞ്ഞു. മൈതാനങ്ങളെ ത്രസിപ്പിച്ച ഡീഗോ ലോകം കീഴടക്കി ഇതിഹാസതുല്യനായി.
1986 ലെ മെക്‌സിക്കന്‍ ലോകകപ്പ് മറഡോണ തന്റേത് മാത്രമാക്കി മാറ്റി. കെട്ടുറപ്പുള്ള സംഘത്തെ മുന്നില്‍നിന്നു നയിച്ച മറഡോണ അര്‍ജന്റീനയെ ലോക ജേതാവാക്കി. അര്‍ജന്റീന - ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ വിദേശാധിപത്യത്തിന് എതിരേയുള്ള പോരാട്ടം കൂടിയായിരുന്നു. മൈതാനത്തിന്റെ ഇടത് വശത്തുനിന്ന് ബോക്‌സിലേക്ക് പന്തുമായി ഡീഗോ മുന്നേറി. മഹാമേരുവായി മുന്നില്‍ നില്‍ക്കുന്ന പീറ്റര്‍ ഷില്‍ട്ടന്‍ എന്ന ഇംഗ്ലീഷ് ഗോളിയെ കുറിയ മനുഷ്യന്‍ മറികടക്കുക അസാധ്യമെന്ന് കരുതിയ നിമിഷങ്ങള്‍. അഞ്ചടി അഞ്ചിഞ്ച് മാത്രം ഉയരമുള്ള ഡീഗോ ഹെഡറിനായുള്ള ചാട്ടത്തിനിടയില്‍ തന്റെ കൈകൊണ്ട് പന്തിനെ വലയിലേക്ക് യാത്രയാക്കി.
ഇംഗ്ലണ്ടിനെതിരായ വൈകാരിക പോരാട്ടത്തില്‍ ഗാലറിയില്‍ ആര്‍ത്തിരമ്പുന്ന കാണികളെയും റഫറിയെയും കബളിപ്പിച്ച് 'കൈ' കൊണ്ട് ഗോള്‍ വീഴ്ത്തിയ മറഡോണ ഈ വിവാദ ഗോളിനെ കുറിച്ച് പറഞ്ഞത് 'ദൈവത്തിന്റെ കൈയും മറഡോണയുടെ കാലും' എന്നായിരുന്നു.'ചെകുത്താന്റെ സമ്മാന'മെന്ന് അലറി വിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ അയാള്‍ വീണ്ടും വിസ്മയമാകുന്നുണ്ട്. ഫുട്‌ബോള്‍ ആരാധക ലോകത്തെ രണ്ടായി തിരിച്ച 'നൂറ്റാണ്ടിന്റെ ഗോള്‍' പിറവി. ഗാലറിയില്‍ നിന്നുയരുന്ന തെറിവിളികള്‍ കാതോര്‍ക്കാതെ കടമ്പകള്‍ താണ്ടി പീറ്റര്‍ ഷില്‍ട്ടനെ ഒരിക്കല്‍ കൂടി കീഴടക്കി ഡീഗോ. ഒറ്റയ്ക്ക് മുന്നേറി കാലുകള്‍കൊണ്ട് അമ്മാനമാടിയ ആ തുകല്‍ പന്തിനെ മധ്യപ്രതിരോധ നിരകളെ കബളിപ്പിച്ച് ഗതിവേഗത്തില്‍ ഇംഗ്ലീഷ് വലയിലാക്കിയ അസാധാരണ മികവ്.
വിവാദ ഗോളിന്റെ പേരില്‍ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഉയര്‍ന്നിട്ടും മുന്നില്‍ നിന്നു നയിച്ച ഡീഗോ 1986 ല്‍ അര്‍ജന്റീനയെ ലോകകപ്പ് ജേതാവാക്കി മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും നേടിയാണ് അന്ന് കളംവിട്ടത്. ക്ലബ് ഫുട്‌ബോളിലും മറഡോണ തിളങ്ങി. നാപ്പോളിയുടെയും ബാഴ്‌സലോണയുടെയും കിരീട വിജയങ്ങളില്‍ പങ്കാളിയായി. അര്‍ജന്റീനയുടെ നീല വെള്ള ജഴ്‌സിയില്‍ പതിനാറാം വയസില്‍ ഹംഗറിക്കെതിരേ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയ ഡീഗോ ദേശാന്തരങ്ങളുടെ അതിര്‍വരമ്പുകളെ ഭേദിച്ചു കാല്‍പന്ത് മാന്ത്രികനായി. അര്‍ജന്റീനയ്ക്കായി നാല് ലോകകപ്പ് കളിച്ചു. എട്ടു ഗോളുകളുടെ സമ്പാദ്യം. 91 രാജ്യാന്തര മത്സരങ്ങള്‍, 34 ഗോളുകള്‍. 1994 ലെ ലോകകപ്പില്‍ മറഡോണയെന്ന ദുരന്തനായകനെയും ലോകം കണ്ടു. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് മടങ്ങുന്ന ഇതിഹാസം. മയക്കുമരുന്നും വിവാദങ്ങളും മറഡോണയെ വിടാതെ പിന്തുടര്‍ന്നു.
ഫുട്‌ബോളില്‍ കലഹവും രാഷ്ട്രീയവും കുത്തിനിറയ്ക്കാന്‍ ധൈര്യം കാട്ടിയ പ്രതിഭ കൂടിയായിരുന്നു ഡീഗോ. ഫലസ്തീനു വേണ്ടിയും ഡീഗോയുടെ ശബ്ദമുയര്‍ന്നു. 'എന്റെ ഹൃദയത്തില്‍ ഞാനൊരു ഫലസ്തീന്‍' ആണെന്ന് തുറന്നുപറയാനും മടിച്ചില്ല. മയക്കുമരുന്നിന് അടിമയായി അമ്പേ തകര്‍ന്ന നാളുകളില്‍ ഡീഗോയെ വിപ്ലവ ക്യൂബയും ഫിദല്‍ കാസ്‌ട്രോയും ചേര്‍ത്തുപിടിച്ചു. ദീര്‍ഘകാലം നീണ്ട ചികിത്സയിലൂടെ മയക്കുമരുന്നിന്റെ മായാലോകത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചുനടന്നു.
എന്തുകൊണ്ട് ഡീഗോ മറ്റാരേക്കാളും വ്യത്യസ്തനാവുന്നു എന്നതിന്റെ നേര്‍കാഴ്ചയായിരുന്നു 1987 ലെ വത്തിക്കാനിലേക്കുള്ള ആ വരവ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച. ഡീഗോയോട് മാര്‍പാപ്പ കുട്ടികളുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തെ കുറിച്ച് പറയുന്നുണ്ട്. മറഡോണയുടെ തിരിച്ചുള്ള ചോദ്യ ശരത്തില്‍ എല്ലാമുണ്ടായിരുന്നു. 'ശരിക്കും നിങ്ങള്‍ കുട്ടികളുടെ ക്ഷേമം ആഗ്രഹിക്കുന്നുവോ?. എങ്കില്‍ സ്വര്‍ണം പതിപ്പിച്ച മേല്‍ക്കൂരകളാല്‍ സമ്പന്നമായ ഈ വസതി എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഊരി വില്‍ക്കരുതോ അതെല്ലാം. കുട്ടികള്‍ക്കായി ആ പണം ഉപയോഗിക്കൂ'. ചെ ഗുവേരയെ കൈയില്‍ പച്ചകുത്തിയ, ഫിദല്‍ കാസ്‌ട്രോയോട് ചേര്‍ന്നുനിന്ന, അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ തള്ളിപ്പറഞ്ഞു സാമ്രാജ്യത്വത്തോട് മുഖംതിരിച്ചപ്പോഴും ബറാക് ഒബാമയെ ചേര്‍ത്തുപിടിച്ചു ഡീഗോ അര്‍മാന്‍ഡോ മറഡോണ. പെലെ രാജാവും ഡിസ്‌റ്റെഫാനോ ചക്രവര്‍ത്തിയുമായ ഫുട്‌ബോളില്‍ ഡീഗോ ഒന്നാമനാകുന്നത് ഇങ്ങനെയൊക്കെയാണ്.
ഡീഗോ എന്നും ഒരു വികാരജീവിയായിരുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വികാരജീവി. ഒരേ സമയം കിറുക്കനും ജീനിയസുമായിരുന്നു. വെറുമൊരു പാവമായിരുന്നു. സമ്പന്നതയുടെ നടുവിലേക്ക് നീങ്ങിയപ്പോള്‍ കുടുംബത്തെപോലെ മിത്രങ്ങളെയും അതുകൊണ്ടാണ് ഒപ്പംകൂട്ടിയത്. നിഷ്‌കളങ്കതയും ഈ ചേര്‍ത്തു നിര്‍ത്തലുമാണ് ഇറ്റലിയില്‍ അദ്ദേഹത്തിന് വിനയായതും. ഏറ്റവും വലിയ മാഫിയാ തലവന്‍ മുതലെടുത്തതും ഈ നിഷ്‌കളങ്കതയെ തന്നെയാണ്. വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന മറഡോണയെ മയക്കുമരുന്നിന് അടിമയാക്കിയതും കൊക്കൈനുമായി ഇറ്റാലിയന്‍ പൊലിസ് കൈയാമം വെച്ച് ജയിലിലേക്ക് കൊണ്ടുപോകേണ്ടി വന്നതും നിഷ്‌കളങ്കതയും മിത്രങ്ങളോടുള്ള കറകളഞ്ഞ സ്‌നേഹവുമാണ്.ദാരിദ്ര്യത്തിലൂടെയും സമ്പന്നതയിലൂടെയും മാത്രമല്ല ആരോപണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലൂടെയായിരുന്നു ആറു പതിറ്റാണ്ട് നീണ്ട ജീവിതയാത്ര.
മയക്കുമരുന്നിന്റെ ലോകത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചനടന്ന മറഡോണ പച്ചപ്പുല്‍ മൈതാനങ്ങളിലേക്ക് തിരിച്ചെത്തി. അര്‍ജന്റീന ദേശീയ ടീമിന്റെ മാത്രമല്ല ഗള്‍ഫ് നാടുകളുടെയും പരിശീലകനായി. അവിടെയും കിറുക്കനും ജീനിയസിനുമിടയില്‍ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കിയാണ് രംഗമൊഴിഞ്ഞത്. ജീവിതമാകുന്ന മൈതാനത്ത് നിന്നും ചുവപ്പ് കാര്‍ഡു കണ്ട് ഡീഗോ തിരികെ വരാത്ത യാത്രയിലാണ്. ഫുട്‌ബോള്‍ വസന്തം പെയ്‌തൊഴിയാത്ത കാലത്തോളം ഡീഗോ അര്‍മാന്‍ഡോ മറഡോണയ്ക്ക് മരണമുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."