ഝാര്‍ഖണ്ഡില്‍ ഏഴുപേരെ തല്ലിക്കൊന്ന സംഭവം: 19 പേര് അറസ്റ്റില്‍
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഏഴുപേരെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ പൊലിസ് അറസ്റ്റു ചെയ്തു.
വ്യാഴാഴ്ചയാണ് ശോഭാപൂരില്‍ മുഹമ്മദ് നഈം, സജ്ജാദ്, സിറാജ്, ആലിം എന്നിവര്‍ കൊല്ലപ്പെട്ടത്. കാലിക്കച്ചവടക്കാരനായ നഈമിന്റെ നേതൃത്വത്തില്‍ ഇവര്‍ വാഹനത്തില്‍ വരുമ്പോഴാണ് വാഹനം തടഞ്ഞ് നാലുപേരെയും പുറത്തേക്കു വലിച്ചിഴച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്താണ് കാരണമെന്നുപോലും പറയാതെയായിരുന്നു ആക്രമണം. അക്രമികള്‍ മുഹമ്മദ് നഈമിനെ മര്‍ദ്ദിക്കുന്നതിന്റെയും ചോരയില്‍ കുളിച്ച് ഇയാള്‍ അക്രമി സംഘത്തോട് യാചിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ശോഭാപൂരില്‍ ഏഴുയുവാക്കളുടെ ജീവനെടുത്തത് വാട്സ് ആപ്പില്‍ പ്രചരിച്ച വ്യാജസന്ദേശങ്ങളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് രക്തമൊലിപ്പിച്ചു കിടക്കുന്ന കുട്ടികളുടെ ഫോട്ടോ സഹിതമുള്ള സന്ദേശത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മേഖലയിലുണ്ടെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. സന്ദേശങ്ങള്‍ പ്രചരിച്ചതോടെ രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു. ഇതിനുപിന്നാലെ സെരായ്ക്കേല, ഘര്‍സാവന്‍, ഈസ്റ്റ് സിംങ്ഭം, വെസ്റ്റ് സിംങ്ഭം തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണര്‍ ആയുധസസജ്ജരായി സംഘടിച്ചതോടെ ഒരാഴ്ചക്കിടയില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഈ മേഖലയില്‍ കുട്ടികളെ കാണാതായ ഒരുപരാതി പോലും അടുത്തൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തെ അപലപിച്ച ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ്, മരിച്ച ഏഴുപേരുടെ കുടുംബത്തിനും രണ്ടുലക്ഷംരൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."