കേരളത്തിലെ ജയിലുകളിലെ വിചാരണ തടവുകാരില്‍ 39 ശതമാനവും 30 വയസില്‍ താഴെയുള്ളവര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ തിങ്ങി നിറഞ്ഞെന്നും വിചാരണ തടവുകാരില്‍ 39 ശതമാനവും 30 വയസില്‍ താഴെയുള്ളവരാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) റിപ്പോര്‍ട്ട്. 2019 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 3,131 തടവുകാരാണ് കേരളത്തിലെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നത്. ഇവരില്‍ 658 പേര്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
ജയിലുകളുടെ ശേഷിയേക്കാള്‍ 10 ശതമാനം കൂടുതലാണ് ഇപ്പോഴത്തെ അന്തേവാസികളെന്നും റിപ്പോര്‍ട്ടിലുണ്ട്. 4,330 വിചാരണത്തടവുകാരാണ് ജയിലുകളിലുള്ളത്. ഇതില്‍ 1,683 പേര്‍ 18നും 30നും ഇടയിലുള്ളവരാണെന്ന് എന്‍.സി.ആര്‍.ബി പറയുന്നു. ശിക്ഷിക്കപ്പെട്ടവരില്‍ 22 പേര്‍ ബിരുദാനന്തര ബിരുദം നേടിയവരും 148 പേര്‍ സാങ്കേതിക ബിരുദമോ ഡിപ്‌ളോമയോ ഉള്ളവരുമാണ്. 30നും 50നും ഇടയ്ക്ക് 2,000 പേരും, 50ന് മുകളില്‍ 647 പേരുമുണ്ട്.
മൂന്ന് സെന്‍ട്രല്‍ ജയിലുകള്‍, 13 ജില്ല ജയിലുകള്‍, 16 സബ് ജയിലുകള്‍ മൂന്ന് വീതം വനിത, തുറന്ന ജയിലുകള്‍ അടക്കം 55 ജയിലുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ സെന്‍ട്രല്‍ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന അന്തേവാസികളുടെ എണ്ണം 130 ശതമാനമാണ്.
സബ് ജയിലുകളില്‍ 150 ശതമാനവും. ശിക്ഷിക്കപ്പെട്ടവരില്‍ 53 ശതമാനം പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും 17 ശതമാനം പേര്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരുമാണ്. നാല് ശതമാനം പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."