ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി: യു. ശാഫി ഹാജി ജന. സെക്രട്ടറി; സി.എച്ച് ത്വയ്യിബ് ഫൈസി ജോ. സെക്രട്ടറി
തിരൂരങ്ങാടി: ദാറുല്‍ ഹുദ ഇസ്‌ലാമിക് സര്‍വകലാശാലാ മാനേജിങ് കമ്മിറ്റിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി യു. ശാഫി ഹാജി ചെമ്മാടിനെ തിരഞ്ഞെടുത്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് നിലവില്‍ വര്‍ക്കിങ് സെക്രട്ടറിയായ യു. ശാഫി ഹാജിയെ പുതിയ ജന. സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സി.എച്ച് ത്വയ്യിബ് ഫൈസിയാണ് പുതിയ ജോയിന്റ് സെക്രട്ടറി. ദാറുല്‍ ഹുദ സര്‍വകലാശാലയില്‍ നടന്ന അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇരുവരെയും പ്രഖ്യാപിച്ചത്.
2003 മുതല്‍ ദാറുല്‍ ഹുദയുടെ ജോ. സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന യു. ശാഫി ഹാജി സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി, സുപ്രഭാതം ഡയരക്ടര്‍ ബോര്‍ഡ് മെംബര്‍, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് ട്രഷറര്‍, നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്മിറ്റി ജന. സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നുണ്ട്. ദാറുല്‍ ഹുദ മാനേജിങ് കമ്മിറ്റി അംഗമായ ത്വയ്യിബ് ഫൈസി സമസ്ത തിരൂരങ്ങാടി താലൂക്ക് ജന. സെക്രട്ടറിയും എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റുമാണ്. പൂക്കിപ്പറമ്പ് സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍ മെമ്മോറിയല്‍ കോളേജ് ജോ.സെക്രട്ടറി, വളവന്നൂര്‍ ബാഫഖി യതീംഖാന കമ്മറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, എം.എ ചേളാരി, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, സി.കെ മുഹമ്മദ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."