സഊദിയിലേക്ക് 40 ഡോളറിനു ടൂറിസ്റ്റ് വിസ അനുവദിക്കുന്നു
റിയാദ്: വിദേശങ്ങളിലെ സൗദി എംബസികള്‍ വഴി 40 ഡോളര്‍ ഫീസിന് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്ന കാര്യം പഠിക്കുന്നതായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു.
നിലവില്‍ സഊദിയിലേക്കുള്ള ഏതു വിസയ്ക്കും 2,000 റിയാലാണ് ഫീസ്. ഭീമമായ ഫീസ് വിനോദ സഞ്ചാരികളെ രാജ്യത്തുനിന്ന് അകറ്റിനിര്‍ത്തുന്നതിന് ഇടയാക്കുമെന്ന കാര്യം കണക്കിലെടുത്താണ് 40 ഡോളറിന് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ പഠിക്കുന്നത്.
വേനലവധിക്കാലത്തിനു ശേഷം പഠനം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. തുടക്കത്തില്‍ പരിമിതമായ ഗ്രൂപ്പുകള്‍ക്കു മാത്രമാണ് 40 ഡോളറിന് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക.
ഓപ്പണ്‍ ടൂറിസം നയം ആരംഭിക്കുന്നതിന് സഊദി അറേബ്യ ആഗ്രഹിക്കുന്നില്ല. അടുത്ത കാലത്ത് സഊദിയില്‍ വിനോദ സഞ്ചാര വ്യവസായ മേഖലയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് പുതിയ ടൂറിസ്റ്റ് വിസ സമ്പ്രദായം നടപ്പിലാക്കുന്നത്.
മണല്കൂനകള്, കടല്‍ തീരങ്ങള്‍, ദ്വീപുകളും പവിഴ പുറ്റുകളും കൊണ്ട് സമ്പന്നമായ ചെങ്കടല്‍, മദായിന്‍ സ്വാലിഹ്, അല്‍ഉല തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായിക്കുന്ന നിരവധി ആര്‍ജിത നേട്ടങ്ങളും സഊദിയിലുണ്ടെന്നും സുല്‍ത്താന്‍ ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
വിനോദ സഞ്ചാര പദ്ധതികള്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കുന്നതിന് 280 കോടി റിയാലിന്റെ ഫണ്ട് സ്ഥാപിക്കുന്നതിന് അടുത്തിടെ ഉന്നതാധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. ടൂറിസം മേഖലാ പദ്ധതികള്‍ നടപ്പാക്കുന്നതിന് വായ്പകള്‍ ലഭിക്കാത്ത പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ശ്രമിച്ചാണിത്.
പദ്ധതികള്‍ വിപുലീകരിച്ച് 2030 ല്‍ ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുന്നതിനാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം 80 ലക്ഷം ഹജ്, ഉംറ തീര്‍ഥാടകരാണ് പുണ്യ ഭൂമിയില്‍ എത്തുന്നത്. ഉയര്‍ന്ന സേവന നിരക്കുകളാണ് ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് പ്രധാന വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."