പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കം: ചാവടി മാര്‍ക്കറ്റിന്റെ വികസനം സ്തംഭിച്ചു
തുറവൂര്‍: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ ചാവടി മാര്‍ക്കറ്റിന്റെ വികസനം സ്തംഭിച്ചു. പഞ്ചായത്തുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തി വച്ചിട്ട് എട്ട് മാസമായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും കുത്തിയതോട് ഗ്രാമപഞ്ചായത്തും തമ്മിലുള്ള തര്‍ക്കമാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത്.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷവും കുത്തിയതോട് ഗ്രാമപഞ്ചായത്ത് നാലര ലക്ഷവും നീക്കി വച്ചിട്ടും ഇവിടെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. എട്ട് മാസമായിട്ടും പ്രശ്‌നം പരിഹരിക്കാനാകാത്തതിനാല്‍ ബ്ലോക്കിന്റെ ഫണ്ട് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.ബ്ലോക്ക് പഞ്ചായത്ത് മാര്‍ക്കറ്റിനായി വകയിരുത്തിയ തുക ഉപയോഗിച്ച് പണി ആരംഭിക്കുകയുണ്ടായി. എന്നാല്‍ ഗ്രാമപഞ്ചായത്തിനെ രേഖാമൂലം അറിയിക്കാതെ നിര്‍മാണം തുടങ്ങിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി തടയുകയായിരുന്നു. ഇതോടെ വ്യാപാരികളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. വളരെ തിരക്കേറിയ മാര്‍ക്കറ്റുകളിലൊന്നാണ് ചാവടി മാര്‍ക്കറ്റ്. മീന്‍ കച്ചവടക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ഇരിക്കാനും കച്ചവടം നടത്താനും കഴിയാത്ത അവസ്ഥയാണ്. വര്‍ഷങ്ങളായി മാര്‍ക്കറ്റിന്റെ വികസനം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടന്നിട്ടില്ല. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്തിയപ്പോള്‍ ഗ്രാമപഞ്ചായത്ത് അത് തടസപ്പെടുത്തിയതില്‍ വ്യാപാരികള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.മാര്‍ക്കറ്റിന്റെ വികസനത്തിനായി അനുവദിച്ച തുക ഗ്രാമ പഞ്ചായത്തിനെ ഏല്പിക്കാന്‍ തയ്യാറാണെന്നും മാര്‍ക്കറ്റിന്റെ വികസനമാണ് ലക്ഷ്യമെന്നും തടസവാദങ്ങള്‍ ഉന്നയിക്കാതെ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."