അറബ്, അമേരിക്കന്‍ ഉച്ചകോടിയില്‍ ഇറാനെതിരെ ആഞ്ഞടിച്ച് സല്‍മാന്‍ രാജാവും ട്രംപും
റിയാദ്: ഭീകരതയ്ക്കും തീവ്ര ആശയങ്ങള്‍ക്കുമെതിരെ യോജിച്ചു പോരാടുമെന്ന് പ്രഖ്യാപിച്ച അറബ്, ഇസ്‌ലാമിക്, അമേരിക്കന്‍ ഉച്ചകോടിയില്‍ ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും.
മേഖലയിലെ പ്രശ്‌നങ്ങളുടെ പ്രധാന വേദിയായി ഇറാന്‍ മാറിയെന്നു ഇരുവരും വ്യക്തമാക്കി. ഭീകരവാദ പോരാട്ടം ശക്തിപ്പെടുത്തുക, മതങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സഹിഷ്ണുത വര്‍ധിപ്പിക്കുക, അതിര്‍ത്തികള്‍ സംരക്ഷിക്കുകയും കടല്‍ക്കൊള്ളയ്ക്ക് തടയിടുകയും ചെയ്യുക, മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് ഇറാന് പ്രേരണയാകുന്ന മദ്ഹബി പക്ഷപാതിത്വങ്ങളെ അപലപിക്കുക എന്നിവയാണ് ഉച്ചകോടി കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങള്‍.
1979 ല്‍ സായുധ വിപ്ലവത്തോടെ ഇറാനില്‍ ഖുമൈനി യുഗം ആരംഭിക്കുന്നതുവരെ 300 വര്‍ഷത്തെ സഊദിയുടെ ചരിത്രത്തില്‍ ഭീകരത പരിചയമില്ലായിരുന്നു. ഗള്‍ഫ്, മേഖലാ രാജ്യങ്ങള്‍ സദുദ്ദേശ്യത്തോടെ പെരുമാറിയിട്ടും നല്ല അയല്‍പക്ക ബന്ധം കാഴ്ചവയ്ക്കാന്‍ ഇറാന് സാധിച്ചിട്ടില്ല. പകരം അന്താരാഷ്ട്ര ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് ഛിദ്രതയും കലാപങ്ങളും സൃഷ്ടിക്കാനാണ് ഇറാന്‍ ശ്രമിച്ചത്.
ആഗോള ഭീകരപ്രവര്‍ത്തനങ്ങളുടെ തലപ്പത്ത് ഇറാന്‍ ഭരണകൂടമാണെന്ന് സല്‍മാന്‍ രാജാവ് കുറ്റപ്പെടുത്തി. ശത്രുതാപരമായ നീക്കങ്ങള്‍ നടത്തുന്ന ഇറാന്‍ ഭരണനേതൃത്വം തങ്ങളുടെ മൗനം ബലഹീനതയായി കരുതരുതെന്നും രാജാവ് താക്കീത് നല്‍കി.
ഭീകരവാദികള്‍ക്കും സായുധ സംഘങ്ങള്‍ക്കും ഇറാന്‍ സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.
ഇതിനെതിരെ യോജിച്ച് പോരാടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഉണര്‍ത്തി. വിഭാഗീയ ചിന്താഗതികളെ ഇറാന്‍ ഊതിക്കത്തിക്കുകയാണ്. ലെബനോന്‍, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലെ അസ്ഥിരതക്കു പിന്നില്‍ മറ്റാരുമല്ല. സ്വന്തം ജനതയെ വംശഹത്യ ചെയ്യുന്ന ബശാര്‍ അല്‍അസദിനെ പിന്തുണച്ച് സിറിയയില്‍ ഇറാന്‍ നടത്തുന്ന ഇടപെടല്‍ വളരെ പ്രകടമാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."