ഹജ്ജ് 2019: ആദ്യ ഹജ്ജ് വിമാനം ഇന്നെത്തും
മക്ക/മദീന: ഈ വര്‍ഷത്തെ ഹാജിമാരെയും വഹിച്ചുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് (04 ജുലൈ) പുണ്യ ഭൂമിലെത്തും. മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും വഴിയാണ് ആദ്യ തീര്‍ത്ഥാടകര്‍ എത്തുക. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഇവിടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടകരും ഇന്ന് ഇവിടെ എത്തിച്ചേരും. ഡല്‍ഹിയില്‍ നിന്നും 420 തീര്ഥാടകരെയും വഹിച്ചുള്ള എയര്‍ ഇന്ത്യ വിമാനം ജൂലൈ നാലിന് പുലര്‍ച്ചെ 3:15 നാണു മദീനയില്‍ ഇറങ്ങുക. മദീന വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ഹാജിമാരെ അംബാസിഡര്‍ ഡോ: ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍സ് ശൈഖ്, ഹജ്ജ് കോണ്‍സുല്‍ യുംഖൈബാം സാബിര്‍, മദീന ഹജ്ജ് മിഷന്‍ ഇന്‍ചാര്‍ജ് വൈസ് കോണ്‍സല്‍ ശഹാബുദീന്‍ ഖാന്‍, എന്നിവര്‍ക്കൊപ്പം മലയാളി സംഘടനകളും ചേര്‍ന്ന് സ്വീകരിക്കും.
ഇതേ ദിവസം തന്നെ ജിദ്ദയിലും ആദ്യ വിദേശ ഹജ്ജ് സംഘം എത്തിത്തുടങ്ങും. പാകിസ്ഥാനില്‍ നിന്നുള്ള ഹാജിമാരാണ് ആദ്യം ഇവിടെയിറങ്ങുക. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങളും ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങും. മലയാളി ഹാജിമാരുടെ ആദ്യ സംഘം ജൂലൈ ഏഴിന് മദീനയില്‍ ഇറങ്ങും. സഊദി എയര്‍ വിമാനത്തില്‍ കരിപ്പൂരില്‍ നിന്നെത്തുന്ന ആദ്യ മലയാളായി സംഘത്തെ വരവേല്‍ക്കാന്‍ മലയാളായി സംഘടനകള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി ഇന്ത്യന്‍ ഹാജിമാര്‍ക്ക് സഊദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യക്ക് പുറമെ സ്‌പൈസ് ജെറ്റ് വിമാന കമ്പനിയും സര്‍വ്വീസ് നടത്തുന്നുണ്ട്.
ഇത്തവണയെത്തുന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഹജ്ജ് മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മക്കയില്‍ എത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മഹത്വത്തുല്‍ ബാങ്ക്, അബ്ദുല്ല ഖയാത്ത്, ബിന്‍ ഹുമൈദ് എന്നിവിടങ്ങളിലും വിശുദ്ധ ഹറമിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസമൊരുക്കിയവര്‍ ജര്‍വല്‍, മിസ്ഫല, അജ്‌യാദ്, ഷിബ് ആമിര്‍, ശാമിയ, ഹഫാഇര്‍ എന്നിവിടങ്ങളിലായാണ് താമസമൊരുക്കിയിരിക്കുന്നത്. ഇവിടെ പാചകത്തിന് അനുവാദം ഉണ്ടായിരിക്കുന്നതല്ല. പാരാമെഡിക്കല്‍ സംഘം, മെഡിക്കല്‍, ഹജ്ജ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിങ്ങനെ ഡെപ്യൂട്ടേഷനില്‍ 1250 ലധികം ഉദ്യോഗസ്ഥരാണ് ഹജ്ജ് മിഷനില്‍ എത്തിയിരിക്കുന്നത്. മദീനയില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ഹാജിമാര്‍ എട്ടു ദിവസത്തിന് ശേഷം മക്കയിലേക്ക് മടങ്ങി തുടങ്ങും. നാല്‍പത് വഖ്ത് നിര്‍ബന്ധിത ഐച്ഛിക നിസ്‌കാരം മദീനയില്‍ ലഭിക്കുന്ന രീതിയിലാണ് ഇവിടെ താമസം സംവിധാനിച്ചിരിക്കുന്നത്. ഹാജിമാരുടെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ അവതരിപ്പിച്ചു. കടുത്ത ചൂടാണ് മക്കയില്‍ അനുഭവപ്പെടുന്നത്. ഇത് ഹാജിമാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയേക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."