'ഇസ്‌റാഈല്‍ പ്രധാനമന്ത്രിമാര്‍ സ്ത്രീവേഷത്തില്‍ അറബ് നേതാക്കളെ കണ്ടു'
മൊസാദ് മുന്‍ മേധാവിയുടെ വെളിപ്പെടുത്തല്‍
ടെല്‍അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രിമാര്‍ പര്‍ദയിട്ട് അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്ന് വെളിപ്പെടുത്തല്‍. ഇസ്‌റാഈല്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് മുന്‍ മേധാവി ഡാനി യാറ്റോമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അറബി 21 റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ മുന്‍ സിറിയന്‍ വിദേശകാര്യമന്ത്രി വലീദ് മുഅല്ലിം, ജോര്‍ദാനിലെ ഹുസൈന്‍ രാജാവ്, അദ്ദേഹത്തിന്റെ സഹോദരന്‍ ഹസന്‍ രാജകുമാരന്‍ എന്നിവരെ കണ്ടത് ഇതിന് ഉദാഹരണമായി അദ്ദേഹം എടുത്തുപറഞ്ഞു.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് മുന്‍ മൊസാദ് തലവന്റെ വെളിപ്പെടുത്തല്‍. ഇത്തരം കൂടിക്കാഴ്ചകള്‍ പതിവായി രാത്രിയിലാണ് നടക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി യിത്സാക് റബിന്‍ തന്നെയും ചീഫ് ഓഫ് സ്റ്റാഫ് യഹൂദ് ബരാകിനെയും മുഅല്ലിമിനെയും സിറിയന്‍ സൈനിക മേധാവി ഹിക്മത് ഷെഹാബിയെയും കാണാനായി വാഷിങ്ടണിലേക്ക് അയച്ചിരുന്നു. അന്ന് താനും ബരാകും വിഗ്ഗ് വച്ച് വനിതാ വേഷത്തിലായിരുന്നു പോയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിറിയയില്‍ നിന്ന് ഇസ്‌റാഈലിനു നേരെ ഒരു ഭീകരാക്രമണവും നടക്കില്ലെന്ന് അന്ന് സിറിയന്‍ അംബാസഡറായിരുന്ന മുഅല്ലിം ഉറപ്പുനല്‍കി.
സഊദി കിരീടാവകാശിയുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയെ പരാമര്‍ശിക്കവെ മേഖലയിലെ വലിയ രാജ്യമായ സഊദിയുമായുള്ള ബന്ധം ഇസ്‌റാഈലിന് പ്രധാനമാണെന്നും ഇതിനായി ശ്രമിക്കുന്നവരോട് നന്ദിയുണ്ടെന്നും മൊസാദ് മുന്‍ മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."