വ്യാജവാര്‍ത്തകള്‍ വാക്‌സിനേഷന് ഭീഷണി: ലോകാരോഗ്യ സംഘടന
ജനീവ: സാമൂഹ്യമാധ്യമങ്ങള്‍ വഴി കൊവിഡിനെ കുറിച്ച് തെറ്റായതും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിന് ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന. രോഗം അതിവേഗം വ്യാപിച്ചുവരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.
ജനങ്ങളുടെ സുരക്ഷയ്ക്കായി സാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും വലിയ തോതില്‍ ഉപയോഗിക്കപ്പെട്ട ചരിത്രത്തിലെ ആദ്യ മഹാമാരിയാണ് കൊവിഡ്. അതേസമയം തന്നെ ഇവ രണ്ടിനെയും തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് രോഗം നിയന്ത്രിക്കുന്നതിന് തടസമുണ്ടാക്കുന്നു- ഡബ്ല്യു.എച്ച്.ഒ പ്രസ്താവനയില്‍ വ്യക്തമാക്കി.
ലോകത്ത് ആറു കോടി ആളുകളെ ബാധിച്ച കൊവിഡ് മൂലം ഇതിനകം 14 ലക്ഷത്തിലേറെ പേര്‍ മരിച്ചു. എന്നാല്‍ ഡിസംബറോടെ ഉപയോഗിക്കുന്നതിന് മൂന്ന് വാക്‌സിന്‍ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വൈറസിനെ കുറിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനു കൂടി ഉപയോഗിക്കുന്നതിനാല്‍ റെക്കോര്‍ഡ് വേഗത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ പോലും സംശയത്തിലാണ്. ഫേസ്ബുക്, ട്വിറ്റര്‍, യൂട്യൂബ്, വാട്ട്‌സാപ്പ് എന്നിവയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞമാസം യു.എസിലെ കോര്‍നല്‍ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പ്രസിഡന്റ് ട്രംപാണ് ലോകത്ത് കൊവിഡിനെ കുറിച്ച് ഏറ്റവും തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പരത്തുന്നതെന്ന് തെളിഞ്ഞിരുന്നു.
ഏപ്രിലില്‍ അണുനാശിനികള്‍ ശരീരത്തിനകത്ത് ഉപയോഗിക്കുന്നത് വൈറസിനെതിരേ ഫലപ്രദമാണെന്ന തരത്തില്‍ ട്രംപ് പ്രസ്താവന നടത്തിയിരുന്നു. തെളിയിക്കപ്പെടാത്ത ചികില്‍സകളെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ജനുവരി മുതല്‍ കൊവിഡിനെ കുറിച്ചുള്ള വ്യാജ അവകാശവാദങ്ങളുടെ സത്യാവസ്ഥ കാണിക്കുന്ന 2000 ലേഖനങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി പ്രസിദ്ധീകരിച്ചിരുന്നു.
ശരിയായ വിവരമോ വിശ്വാസ്യതയോ ഇല്ലാതെ രോഗനിര്‍ണയ ടെസ്റ്റുകള്‍ നടത്തുകയോ വാക്‌സിന്‍ ഫലപ്രദമാണെന്ന പ്രചാരണം നടത്തുകയോ ചെയ്യരുതെന്ന് ഡബ്ല്യു.എച്ച്.ഒ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം വാക്‌സിന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവുകയേയുള്ളൂവെന്നും സംഘടന വ്യക്തമാക്കി.
തെറ്റായ വാര്‍ത്തകള്‍ വാക്‌സിനുകളെ കുറിച്ച വിശ്വാസ്യത ഇല്ലാതാക്കുമെന്ന് തെറ്റായ വാര്‍ത്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായ ഫസ്റ്റ് ഡ്രാഫ്റ്റിലെ റോറി സ്മിത്ത് പറയുന്നു. വാക്‌സിനേഷനെതിരായ സംഘടന തെറ്റായ വിവരങ്ങള്‍ പരത്തുന്നത് കൊവിഡിനെതിരായ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന ഭയക്കുന്നതായി ഡബ്ല്യു.എച്ച്.ഒ പ്രതിരോധ കുത്തിവയ്പു വിഭാഗം മേധാവി റെയ്ച്ചല്‍ ഒബ്രിയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."