ഡല്‍ഹി വംശീയ കലാപക്കേസില്‍ കുറ്റസമ്മത മൊഴി പൊലിസ് ചോര്‍ത്തി
ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട കുറ്റസമ്മത മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ ഡല്‍ഹി പൊലിസിനോട് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി.
കേസില്‍ അറസ്റ്റിലായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയാണ് പരാതിക്കാരന്‍. അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയ തന്‍ഹയുടെ മൊഴി അതേപടി ഒരു മാധ്യമത്തിനു പൊലിസ് ചോര്‍ത്തിക്കൊടുത്തെന്നാണ് ആരോപണം. അതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുള്‍പ്പടെ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തന്നെ നിര്‍ബന്ധിച്ചാണ് മൊഴിയില്‍ ഒപ്പിടുവിച്ചതെന്നും ഇത്തരമൊരു മൊഴി താന്‍ സ്വമേധയാ നല്‍കിയിട്ടില്ലെന്നും തന്‍ഹ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പായിരുന്നു കേസ് ഡയറിയുടെ ഭാഗമായുള്ള മൊഴി പുറത്തായത്. മൊഴി ചോര്‍ത്തിക്കൊടുത്തെന്ന് വ്യക്തമാണെന്നും എന്തുകൊണ്ട് സംഭവിച്ചെന്നും അതിന്റെ പേരില്‍ ഉത്തരവാദികളായവര്‍ക്കെതിരേ എന്തെല്ലാം നടപടിയെടുത്തെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് വിഭു ബക്‌റു ഡല്‍ഹി പൊലിസിനോട് നിര്‍ദേശിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ട് ഒരു മാസമായിട്ടും കാര്യമായൊന്നും സംഭവിച്ചില്ലെന്ന് തന്‍ഹയുടെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് തയാറാക്കിവരികയാണെന്നുമായിരുന്നു ഇതിന് ഡല്‍ഹി പൊലിസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് മഹാജന്റെ മറുപടി.
രേഖകള്‍ മോഷ്ടിക്കപ്പെടുകയാണുണ്ടായതെന്നും അതിനാല്‍ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."